വിപുലമായ പരിപാടികളുമായി റാപ്പിഡ് കുണ്ടറ മേഖല

ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ റാപ്പിഡ് കുണ്ടറ മേഖല വളരെ വിപുലമായ പരിപാടികളുമായി രംഗത്തെത്തി. റണ്‍ കേരള റണ്‍ പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി നാളെ കുണ്ടറയില്‍ വിളംബര ബൈക്ക് റാലി നടക്കുമെന്നു റാപ്പിഡ് കുണ്ടറ മേഖലാ കണ്‍വീനര്‍ എം.എസ്. റഹിം അറിയിച്ചു. മൂന്നിന് ഇളമ്പള്ളൂര്‍ ക്ഷേത്ര മൈതാനത്തു നിന്ന് ആരംഭിക്കുന്ന റാലി റാപ്പിഡ് രക്ഷാധികാരി കൂടിയായ റൂറല്‍ പൊലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്യും. നൂറുകണക്കിനു ബൈക്കുകള്‍ പങ്കെടുക്കുന്ന റാലി കേരളപുരം, പെരുമ്പുഴ, ആശുപത്രിമുക്ക്, അമ്പിപൊയ്ക, പള്ളിമുക്ക്, മുളവന, പേരയം വഴി മുക്കടയില്‍ സമാപിക്കും. കുണ്ടറ പൊലീസ്, സ്റ്റുഡന്റ്സ് പൊലീസ് എന്നിവയ്ക്കു പുറമെ റാപ്പിഡ് കുണ്ടറ മേഖലയിലെ 28 റസിഡന്റ്സ് അസോസിയേഷനുകളും പങ്കാളികളാവും.