ആവേശപൂര്‍വം സംഘടനകളും പ്രവര്‍ത്തകരും

കൊട്ടാരക്കര . റണ്‍ കേരള റണ്ണില്‍ പങ്കെടുക്കാന്‍ ആവേശപൂര്‍വം സംഘടനകളും പ്രവര്‍ത്തകരും. കൊട്ടാരക്കരയില്‍ നടക്കുന്ന കൂട്ടയോട്ടത്തിന്റെ ഭാഗമാകാന്‍ അന്‍പതോളം സംഘടനകളാണ് രംഗത്തുള്ളത്. റണ്‍ കേരള റണ്ണില്‍ പങ്കെടുക്കുമെന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹൈലാന്‍ഡ് ആര്‍. രാജേന്ദ്രന്‍പിള്ള അറിയിച്ചു. യൂണിയന്‍ പ്രവര്‍ത്തകരും എന്‍എസ്എസ് ആര്‍ട്സ് കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും പങ്കാളികളാകും. എസ്എന്‍ഡിപി കൊട്ടാരക്കര യൂണിയനും കൂട്ടയോട്ടത്തില്‍ പൂര്‍ണ പങ്കാളികളാകുമെന്ന് യൂണിയന്‍ സെക്രട്ടറി ജി. വിശ്വംഭരന്‍ അറിയിച്ചു.

ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ, മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളും കൂട്ടയോട്ടത്തില്‍ പങ്കാളികളാകും. സഭകളുടെ യുവജന വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വിളംബരറാലികള്‍ നടന്നു വരുന്നു. റസിഡന്റ്സ് അസോസിയേഷന്‍ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് അസോസിയേഷനും സജീവമായി രംഗത്തുണ്ട്. റണ്‍ കേരള റണ്‍ വിജയിപ്പിക്കാനായി വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം തുടങ്ങി. കൂട്ടയോട്ടവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് യോഗം നടന്നു. പ്രസിഡന്റ് കെ.ആര്‍. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. മോഹനന്‍പിള്ള, എം. ഹബീബുള്ള, ജി.എച്ച്. കൃഷ്ണയ്യര്‍, രാജന്‍തോമസ്, രാജന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. കൊട്ടാരക്കര റോട്ടറി ക്ളബ് നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളാകുമെന്ന് പ്രസിഡന്റ് അഡ്വ. ജയപ്രകാശ് അറിയിച്ചു.

താലൂക്ക് എയര്‍ഫോഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ പങ്കെടുക്കുമെന്ന് ജേക്കബ് മാത്യു അറിയിച്ചു. ബന്ധപ്പെട്ട യോഗം 18ന് നാലിന് കൊട്ടാരക്കര ശ്രീശങ്കര കോളജില്‍ നടക്കും. കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ മേഖലാ കമ്മിറ്റിയും സജീവമായി രംഗത്തുണ്ട്. അംഗങ്ങളെല്ലാം പങ്കെടുക്കുമെന്ന് പ്രസിഡന്റ് വൈ. കുഞ്ഞച്ചന്‍, സെക്രട്ടറി വൈ. കുഞ്ഞുമോന്‍ എന്നിവര്‍ അറിയിച്ചു. കൊട്ടാരക്കര വിജയാ ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്സിങ് കോളജ്, രാജധാനി വനിതാകോളജ്, ഗ്ലോബല്‍ കോളജ് എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും വിദ്യാര്‍ഥികളും പങ്കെടുക്കും.