ഓയൂരിൽ റൺ കേരള റൺ പ്രചാരണ വിളംബര റാലികൾ ഇന്നും

ഓയൂർ ∙ ദേശീയ ഗെയിംസ് പ്രചാരണാർഥം നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന് ഓയൂർ ടൗണും പരിസര ഗ്രാമങ്ങളും ആവേശത്തോടെ ഉണർന്നു. അവധിദിവസങ്ങൾ ആയിരുന്നെങ്കിലും സ്കൂളുകൾ കേന്ദ്രീകരിച്ച് ഇന്നലെയും വിളംബര റാലികൾ നടത്തി. ഇന്നും സ്കൂളുകൾ കേന്ദ്രീകരിച്ചു വിളംബര റാലിയും സൈക്കിൽ റാലിയും നടക്കും. ചെറിയവെളിനല്ലൂർ കെപിഎം എച്ച്എസ്എസിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന സൈക്കിൾ റാലി 10ന് സ്കൂളിൽ നിന്നാരംഭിച്ചു കരിങ്ങന്നൂർ ജംക്ഷൻ ചുറ്റി സ്കൂളിൽ സമാപിക്കും. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജെ. ഗോപകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാന അധ്യാപകൻ ബിപിൻ ഭാസ്കർ നേതൃത്വം നൽകും.

വെളിയം എൽപിജി സ്കൂളിൽ ഇന്ന് വിളംബര റാലി നടത്തും. റാലി ഗ്രാമ പഞ്ചായത്തംഗവും വെളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രേഖ ഫ്ലാഗ് ഓഫ് ചെയ്യും. സ്കൂളിൽ നിന്നാരംഭിക്കുന്ന റാലി വെളിയം പെട്രോൾ പമ്പ് ജംക്ഷൻ ചുറ്റി തിരിച്ചും സ്കൂളിൽ എത്തിച്ചേരും. പ്രധാന അധ്യാപിക ആർ.എസ്. ശ്രീകല, സ്കൂൾ മാനേജർ റക്സ്, മറ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകും. മൈലോട് ടിഇഎം വിഎച്ച്എസ്എസിൽ ഇന്നു വിളംബര റാലി നടക്കും. റാലി പ്രധാന അധ്യാപിക ശോഭന ഫ്ലാഗ് ഓഫ് ചെയ്യും. ഓയൂർ കാനറ ബാങ്ക് ജംക്ഷനിൽ നിന്നാരംഭിച്ചു ചുങ്കത്തറ ജംക്ഷനിൽ സമാപിക്കും.