ഇരുപതിന്റെ പുലരിയിൽ ഞാനുമുണ്ടാകും ഓടാൻ

ഒളിംപ്യന്‍ ബീനാമോള്‍

 ദേശീയ ഗെയിംസുകൾ പലതും ഓർമയിലുണ്ടെങ്കിലും ഇത്തരമൊരു തുടക്കം ഇതാദ്യമാണ്. ഒരു നാടു മുഴുവനും ആവേശപൂർവം ഓടുകയെന്നു പറഞ്ഞാൽ നിസ്സാര കാര്യമാണോ! ജനം ഇപ്പോൾത്തന്നെ ഈ ആശയം ഏറ്റെടുത്തുകഴിഞ്ഞു. മനോഹരമായൊരു ദേശീയ ഗെയിംസിനുള്ള തുടക്കമെന്ന നിലയിൽ ‘റൺ കേരള റൺ’ അക്ഷരാർഥത്തിൽ ഒരു വലിയ വിരുന്നുതന്നെയാകും.

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന ചൊല്ലിനെ കൂടുതൽ അർഥവത്താക്കുന്നതാണ് ഈ വിളംബരം.
അവനവന്റെ ആരോഗ്യത്തെയും ശരീരത്തിനെയും മനസ്സിനെയും പറ്റി കൂടുതൽ അവബോധം പകരാൻകൂടി ഈ ഓട്ടം ഇടയാക്കും.
എനിക്കു പറ്റില്ല എന്നു കരുതി സങ്കോചപ്പെട്ട് ഇരിക്കുന്നവർക്കു കൂടി പ്രചോദനമേകും നാടൊന്നാകെയുള്ള ഈ റൺ കൂട്ടായ്മ. നൂറു
മീറ്ററെങ്കിൽ നൂറു മീറ്റർ...ആവേശത്തോടെ, നിറഞ്ഞ മനസ്സോടെ പങ്കാളികളാകുന്നതിലാണു കാര്യം. 20ന്റെ പുലരിയിൽ ഞാനുമുണ്ടാകും ഈ ചരിത്രമുഹൂർത്തത്തിൽ ചുവടുവയ്ക്കാൻ. ഓടാതിരിക്കാനാകില്ല; നാടു മുഴുവനും ഓടുകയല്ലേ. തിരുവനന്തപുരം റയിൽവേ ഡിവിഷനൽ മാനേജർ സുനിൽബാജ്പെയ് യുടെ നേതൃത്വത്തിലാണു ഞങ്ങളുടെ റൺ കേരള. പറയാതിരിക്കുന്നതെങ്ങനെ: കേരളമേ, നമുക്കൊന്നിച്ചോടാം.