കൂട്ടയോട്ടത്തിന്റെ ആരവങ്ങളിലേക്ക്;

പത്തനംതിട്ട ∙ ദേശീയ െഗയിംസിന്റെയും റൺ കേരള റൺ കൂട്ടയോട്ടത്തിന്റെയും ആരവങ്ങളിലേക്ക് നഗരത്തെ സ്വാഗതം ചെയ്ത് സർവശിക്ഷാ അഭിയാൻ പത്തനംതിട്ട ബിആർസിയും പൊതുവിദ്യാഭ്യാസ വകുപ്പും അധ്യാപക സംഘടനകളും ചേർന്ന് വിളംബര കൂട്ടയോട്ടം നടത്തി. വർണ ബലൂണുകൾ നഗരത്തിന്റെ പ്രഭാതത്തെ സുന്ദരമാക്കി.പ്രത്യേകം തയാറാക്കിയ ഐ ഷേഡ് ധരിച്ച്, ഹൈഡ്രജൻ നിറച്ച വർണ ബലൂണുകൾ പിടിച്ചാണ് അധ്യാപകരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും കൂട്ടയോട്ടത്തിൽ ചേർന്നത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, പിടിഎ അംഗങ്ങൾ, വിദ്യാഭ്യാസ പ്രവർത്തകർ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കൾ, ബിആർസി ഉദ്യോഗസ്ഥർ തുടങ്ങിയവർ കായിക സന്ദേശം പ്രചരിപ്പിക്കാൻ അണി ചേർന്നു. പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച കൂട്ടയോട്ടം അബാൻ ജംക് ഷൻ വഴി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. കൂട്ടയോട്ടത്തിന് സമാപനം കുറിച്ച് ഗാന്ധി സ്ക്വയറിൽ വർണ ബലൂണുകൾ പറത്തി.നഗരസഭാധ്യക്ഷൻ എ. സുരേഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. ജാസിംകുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ ആനി സജി, കൗൺസിലർ കെ. അനിൽ കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സലിം പി. ചാക്കോ, ഹോക്കി കേരള സംസ്ഥാന എക്സിക്യുട്ടിവ് അംഗം പി.കെ. ജേക്കബ്, സ്പോർട്സ് കൗൺസിൽ അംഗം വെട്ടൂർ ജ്യോതിപ്രസാദ്, അധ്യാപക സംഘടനാ നേതാക്കളായ ബിനു കെ. സാം, ബി. പ്രസാദ്, പി.ജെ. ഗീവർഗീസ്, ടി. എം. അൻവർ, എം. എൻ. വിജയരാജ്, ഡിഇഒ പി. രാമപ്പ, എഇഒ വി.എൻ. ബാബു, ബിപിഒ ഷാജി എ സലാം, കെ.കെ.സുലേഖ, ഡയറ്റ് ഫാക്കൽറ്റി റജിൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.