മനസുകളുടെ കൂട്ടായ്മ

സലിം പി. ചാക്കോ (ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)

ഇരുപത്തേഴു വർഷത്തിനു ശേഷം കേരളം ദേശീയ ഗെയിംസിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ മലയാളി മനസുകളുടെ കൂട്ടായ്മയുടെ അടയാളമാകും 20നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം.ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയെന്ന സന്ദേശം നൽകാൻ റൺ കേരള റണ്ണിനു കഴിയും. ദേശീയ ഗെയിംസിന്റെ വിളംബരമായ റൺ കേരള റണ്ണിൽ പങ്കെടുക്കാൻ കഴിയുന്നത് അഭിമാനകരമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാനകരമായ സംസ്കാരം രാജ്യത്തിനു മാതൃകയാകാൻ അവസരമൊരുക്കുകയാണ് ദേശീയ ഗെയിംസ്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന കായിക താരങ്ങൾക്കു മുന്നിൽ നമുക്കു നല്ല സംസ്കാരമുള്ളവരാകാം.ദേശീയ ഗെയിംസിന്റെ ഉണർത്തുപാട്ടായ റൺ കേരള റണ്ണിനെ നമുക്ക് ഒരുമയോടെ വരവേൽക്കാം, റൺ കേരള റണ്ണിനൊപ്പം ചുവടു വയ്ക്കാം. റൺ കേരള റണ്ണിനെ ജില്ലയുടെ അഭിമാനമായി മാറ്റാനും ജില്ലയുടെ കായിക മുന്നേറ്റത്തിനു തുടക്കമിടാനും കഴിയട്ടെ.

∙∙∙

ഹരിദാസ് ഇടത്തിട്ട (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

ഇന്ത്യൻ കായിക സംസ്കാരത്തിന്റെ തനിമയും കരുത്തും വിളിച്ചോതുന്ന ദേശീയ ഗെയിംസിനു മുന്നോടിയായി 20നു നടത്തുന്ന റൺ കേരള റണ്ണിൽ ഓടാൻ ഞാനുമുണ്ടാവും. ഭാരതം ലോകത്തിനു സമ്മാനിച്ച ആത്മീയ തേജസ് സ്വാമി വിവേകാനന്ദന്റെ വാക്കുകൾ കടമെടുത്താൽ, ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാവൂ. ഇന്ത്യൻ കായിക രംഗത്തിനു മാതൃകയാണ് കേരളത്തിന്റെ കായിക ചരിത്രവും സംസ്കാരവും. രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ ഒട്ടേറെ താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. പി. ടി. ഉഷ, ഷൈനി വിൽസൺ, ടി. സി. യോഹന്നാൻ, സുരേഷ് ബാബു, എം. ഡി. വൽസമ്മ, അഞ്ജു ബോബി ജോർജ്, കെ. എം. ബീനമോൾ, പ്രീജ ശ്രീധരൻ, ശ്രീജേഷ് തുടങ്ങിയവരുടെ പിൻഗാമികളായി പ്രതീക്ഷ നൽകുന്ന പലരും രംഗത്തുണ്ട്.
പി. ടി. ഉഷ പരിശീലിപ്പിക്കുന്ന ഷഹർബാന സിദ്ദീഖ്, ഹൈജംപിലെ അദ്ഭുത ബാലൻ ശ്രീനിത് മോഹൻ തുടങ്ങിയവർ നാളെയുടെ പ്രതീക്ഷയാണ്. അവർക്കു പ്രചോദനമേകാൻ നമുക്കും അണി ചേരാം. അവരോടൊപ്പം അൽപം ഓടാം. ഒരുമയോടെ, ഒരു മനസോടെ.