ദേശീയാവബോധത്തിന്റെ അടയാളം ഈ കൂട്ടയോട്ടം

ദേശീയ ഗെയിംസിന്റെ വിളംബരയോട്ടം കേരളത്തിന്റെ കായിക ചരിത്രത്തിൽ മാത്രമല്ല, സാമൂഹിക സാംസ്കാരിക ചരിത്രത്തിൽ തന്നെ സമുന്നതമായ ഇടം നേടുകയാണ്. കേരള സമൂഹത്തിന്റെ ഒരുമയുടെയും സഹകരണത്തിന്റെയും ദേശീയാവബോധത്തിന്റെയും അടയാളമാണ് കൂട്ടയോട്ടം. കൂട്ടയോട്ടത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം ആരെങ്കിലും ജയിക്കുകയെന്നതല്ല. പങ്കാളിത്തത്തിലൂടെ എല്ലാവരും ജയിക്കുന്നു എന്നതാണ്.ലോക ഗെയിംസിന്റെ ചരിത്രത്തിൽ മറക്കാനാകാത്ത ഒളിംപിക്സായിരുന്നു 1968ലെ മെക്സിക്കോ ഒളിംപിക്സ്. അന്ന് നടന്ന മാരത്തൺ ഓട്ടമൽസരത്തിനിടെ പരുക്കുപറ്റിയ ജോൺ അക്വേറിയായിരുന്നു ആ ഒളിംപിക്സിൽ ഏറ്റവും തിളങ്ങിയത്. അദ്ദേഹം ഒന്നാം സ്ഥാനമൊന്നും ഓട്ടത്തിൽ നേടിയില്ല. പരുക്കുപറ്റിയ കാലുകളോടെ വളരെ പ്രയാസപ്പെട്ടാണെങ്കിൽ കൂടി അദ്ദേഹം ഒളിംപിക്സ് സ്റ്റേഡിയത്തിലെത്തി ഓട്ടം പൂർത്തിയാക്കി. ജോൺ അക്വേറി മൽസരം പൂർത്തിയാക്കുമ്പോൾ സമ്മാനാർഹരായവർക്കുള്ള മെഡൽ വിതരണമെല്ലാം കഴിഞ്ഞിരുന്നു. കാണികളുടെ എണ്ണം തന്നെ കുറവായിരുന്നു. ഓട്ടം പൂർത്തീകരിച്ച ജോൺ അക്വേറിയോടു ചിലർ ചോദിച്ചു ‘ സമ്മാനം കിട്ടുകയില്ലെന്ന് ഉറപ്പായിട്ടും എന്തുകൊണ്ടാണ് പരുക്കിന്റെ വേദന സഹിച്ച് ഓട്ടം പൂർത്തിയാക്കാൻ ബദ്ധപ്പെട്ടത്?’.എന്റെ രാജ്യം ടാൻസാനിയ അയ്യായിരംമൈലുകൾക്കപ്പുറത്തു നിന്ന് എന്നെ മൽസരത്തിന് അയച്ചത് ഓട്ടം തുടങ്ങിവയ്ക്കാനല്ല, ഓട്ടം പൂർത്തീകരിക്കാനാണെന്നാണ് അദ്ദേഹം പറഞ്ഞ മറുപടി. ജോൺ അക്വേറി ചരിത്രത്തിൽ അവിസ്മരണീയമായതും ഈ ദർശനത്തിന്റെ പേരിലാണ്.കൂട്ടയോട്ടം ഈ ദർശനത്തിന്റെ പ്രായോഗിക രൂപമാണ്. ഒന്നാമതാകുന്നതല്ല, പങ്കെടുക്കുന്നതിലാണ് യഥാർഥ വിജയമെന്ന തിരിച്ചറിവുള്ള സമൂഹം വളർന്നുവരാൻ പ്രാർഥിക്കാം, ആശ്വസിക്കാം.ഗീവർഗീസ് മാർ അത്തനാസിയോസ് (മാർത്തോമ്മാ സഭ റാന്നി—നിലയ്ക്കൽ ഭദ്രാസനാധിപൻ)