ശാന്തിയുടെ ദൂത് നൽകാൻ ഈ കൂട്ടയോട്ടം

ദൈവത്തിന്റെ സ്വന്തം നാട് 27 വർഷത്തിനുശേഷം ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിൽ നിന്നായി ജാതി, മത, വർണവ്യത്യാസമില്ലാതെ കായിക താരങ്ങൾ പങ്കെടുക്കുന്ന ഈ കായിക മാമാങ്കം ഭാരതത്തിന്റെ അഖണ്ഡതയെ ഉറപ്പിക്കുന്നതാണ്. അതിനാൽ ദേശീയ ഗെയിംസിന്റെ വിജയത്തിനായി പ്രവർത്തിക്കുക എന്നത് ഓരോ ഭാരതീയന്റെയും കടമയാണ്. ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി കേരള സമൂഹം ഒന്നാകെ റൺ കേരള റൺ കൂട്ട ഓട്ടത്തിനായി ഒരുങ്ങുകയാണല്ലോ. പൊതുനന്മയ്ക്കുവേണ്ടി ഒരു ജനത ഒരു മനസോടെ പങ്കുചേരുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അശാന്തി നടമാടുന്ന സമൂഹത്തിൽ ശാന്തിയുടെ ദൂത് നൽകാൻ, ഓരോ ഭാരതീയനും ഒന്നാണ് എന്ന വലിയ സന്ദേശം ലോകജനതയ്ക്കു കാട്ടിക്കൊടുക്കാൻ ഈ കൂട്ടയോട്ടം കാരണമാകട്ടെയെന്ന് ആശംസിക്കുന്നു.20ന് സെന്റ് പീറ്റേഴ്സ് ജംക് ഷക്ഷനിൽ നിന്ന് റൺ കേരള റണ്ണിൽ പങ്കുചേരാൻ ഞാനും ആഗ്രഹിക്കുന്നു. പങ്കെടുക്കുന്നവർക്ക് എല്ലാ വിജയവും ആശംസിക്കുന്നു. ഈ ദേശീയ ഗെയിംസ് കേരള ജനതയ്ക്ക് അഭിമാനത്തിന് കാരണമായിത്തീരട്ടെ.