റൺകേരള റണ്ണിൽ ഓടുമെന്ന് വർക്കല കഹാർ

വർക്കല∙ ഇത്രയും വലിയ കായിക മാമാങ്കത്തിനു കേരള വേദിയാകുന്നത് ആദ്യമായാണ്. മേളയിൽ കുറെ മൽസരങ്ങൾക്കപ്പുറം
എല്ലാത്തിനും അതീതമായി മനുഷ്യരുടെ കൂട്ടായ്മയുടെ പ്രകടനത്തിനു കൂടി സാക്ഷ്യം വഹിക്കുകയാണ് നമ്മുടെ നാട്.ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഏറ്റവും വലിയ കായികമേള കടന്നുവരുമ്പോൾ കായിക പ്രതിഭകൾക്കു സ്വാഗതമോതി ഐക്യദാർഡ്യം പ്രഖ്യാപിച്ച്കേരളം ഒരു മനസ്സായി ഓടുകയാണ്. വർക്കല മൈതാനത്തു നിന്നാരംഭിക്കുന്ന റൺ കേരള റണ്ണിനായി ഓടാൻ ഞാനുണ്ടാകും. ഒപ്പം മുഴുവൻ സഹോദരി സഹോദരന്മാരെയും സ്വാഗതം ചെയ്യുന്നു.

യൂത്ത് കോൺഗ്രസ് പങ്കെടുക്കും
വർക്കല∙ റൺകേരള റൺ കൂട്ടയോട്ടം പരിപാടിയിൽ ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി എല്ലാ കേന്ദ്രങ്ങളിലും അയ്യായിരത്തോളം
പേരെ പങ്കെടുപ്പിക്കും. എല്ലാ മണ്ഡലങ്ങളിലും റൺ കേരള റൺ വിജയകരമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി ആറ്റിങ്ങൽ ലോക്സഭ മണ്ഡലം പ്രസിഡന്റ് വർക്കല ഷിബു അറിയിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നാളെ വൈകിട്ട് നാലിനു വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി ഓഫിസിൽ യോഗം ചേരും. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, അസംബ്ലി കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കണമെന്നു ഷിബു അഭ്യർഥിച്ചു.

ഇന്ന് യോഗം
വർക്കല∙ റൺകേരളയുടെ ഭാഗമായി മൈതാനത്തു നിന്നും കൂട്ടയോട്ടം സംഘടിപ്പിക്കുന്നതിനു വിപുലമായ ആലോചനായോഗം ഇന്നു രണ്ടിനു വർക്കല മോഡൽ എച്ച്എസിൽ ചേരുമെന്നു വർക്കല കഹാർ എംഎൽഎ അറിയിച്ചു.ജനപ്രതിനിധികൾ, സന്നദ്ധ-സാംസ്കാരിക സംഘടനാ പ്രതിനിധികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ,ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാം.