റൺ കേരള തീം സോങ്ങിനൊപ്പം ടെക്കികൾ താളമിട്ടു; ടെക്നോപാർക്കിൽ ഫ്ളാഷ്മോബിന്റെ ആവേശം

തിരുവനന്തപുരം∙ നിശബ്ദമായിരുന്നു ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കു വരെ ടെക്നോപാർക്ക് ; ശേഷം ടെക്കികൾ റൺ കേരളയ്ക്ക് ആവേശം പകരാൻ ഫ്ളാഷ്മോബ് നടത്തി. അതോടെ ടെക്നോപാർക്ക് ഇളകിമറിഞ്ഞു. ു.ടെക്കികൾ ടെക്നോപാർക്കിലെ തേജസ്വിനി, ഭവാനി കെട്ടിടങ്ങളുടെ ഇടയിൽ ഒത്തു കൂടി ആവേശനൃത്തം ചെയ്തതോടെ, സകലരും ഒന്നിച്ചു കൂടി. പാർക്ക് സെന്ററും നടന, പ്രതിധ്വനി സാമൂഹിക,സാംസ്ക്കാരിക സംഘടനകളും ചേർന്നായിരുന്നു സംഘാടനം. ബോക്സുകളിലൂടെ ഹൈവോൾട്ടേജ് സംഗീതം പ്രവഹിച്ചതോടെ ടെക്കികൾ ഇരു കെട്ടിടങ്ങളുടേയും വരാന്തകളിലും റോഡിനിരുവശവുമായി അണി നിരന്നു.

മുമ്പ് ഭവാനി കെട്ടിടത്തിന്റെ അകത്തെ അങ്കണത്തിൽ മാത്രമായിരുന്നുഇത്തരം കലാപരിപാടികൾ . അവിടെയുള്ളവർക്കു മാത്രമേ കാണാൻകഴിയൂ. എല്ലാവർക്കും കാണാൻകഴിയും വിധമായിരുന്നു പൊതു സ്ഥലത്തെ പരിപാടി. ആൺകുട്ടികളും പെൺകുട്ടികളുമായി 73 പേർ അണി നിരന്നു. ഉറക്കമിളച്ച് റിഹേഴ്സൽ നടത്തിയിരുന്നു. പ്രമുഖ നൃത്ത കൊറിയോഗ്രാഫർ അരുൺ നന്ദകുമാർ അവരുടെ നൃത്തച്ചുവടുകളൊരുക്കി. പങ്കെടുക്കുന്ന ടെക്കി കുട്ടികളെല്ലാം അവരുടെ മൊബൈൽ ഫോണുകൾ കൂട്ടുകാരെ ഏൽപ്പിച്ചു. റൺ കേരള റണ്ണിന്റെ തീം സോങ് കഴിഞ്ഞ് ഫ്ളാഷ്മോബ് ആരംഭിച്ചു.

ടെക്കികൾ ചടുല ചലനങ്ങളുമായി ആടിത്തിമിർത്തു. ഇടയ്ക്ക് തൈക്കുടം ബ്രിഡ്ജിന്റെ മത്തി,അയല,ചൂര പാട്ടു വന്നപ്പോൾ ആരവം അത്യുച്ചത്തിലായി. തലയിൽ തട്ടമിട്ടുകൊണ്ടു നൃത്തം ചെയ്തവരുണ്ടായിരുന്നു. എല്ലാ കമ്പനികളിൽ നിന്നും എല്ലാ നാടുകളിൽ നിന്നും എത്തിയ അവർ ദേശീയ ഗെയിംസ് തങ്ങളുടെയെല്ലാം സ്വന്തമാണെന്നു വിളംബരം ചെയ്തു.ടെക്നോപാർക്ക് സിഇഒ കെ.ജി.ഗിരീഷ് ബാബു, ബിസിനസ് ഡവലപ്മെന്റ് സീനിയർ മാനേജർ എം.വാസുദേവൻ, മാനേജർ വസന്ത് വരദൻ, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.ഇനി ഇന്ന് തമ്പാനൂരിൽ വൈകിട്ട് അഞ്ചരയ്ക്ക് അലയൻസ് കമ്പനിയിലെ ടെക്കികൾ നൃത്തച്ചുവടുകൾ വയ്ക്കും. ഡോ.ഹാരിഷും സംഘവുമാണ് കൊണ്ടുപിടിച്ചു റിഹേഴ്സൽ നടത്തുന്നത്.