ആരും മാറിനിൽക്കുന്നില്ല; നമ്മൾ തോളോടുതോൾ..

ദൂരദർശന് 500 പേർ
തിരുവനന്തപുരം∙ കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിലെ അഞ്ഞൂറ് ജീവനക്കാരും ബന്ധുക്കളും കുടുംബാംഗങ്ങളും റൺ കേരള റണ്ണിൽ പങ്കെടുക്കുമെന്നു ദൂരദർശൻ കേന്ദ്ര ഡയറക്ടർ കൃഷ്ണദാസ് അറിയിച്ചു. ഡപ്യൂട്ടി ഡയറക്ടർമാരായ രാജു വർഗീസ്, ജി. സാജൻ എന്നിവർ നയിക്കും. പി.ആർ. ശാരദയ്ക്കാണു ചുമതല.

റിസർവ് ബാങ്കിന് 200 അംഗം
റൺ കേരള റണ്ണിന്റെ ഭാഗമാകാൻ റിസർവ് ബാങ്കിന്റെ തിരുവനന്തപുരം റീജനൽ ഓഫിസും. ബേക്കറി ജംക്്ഷനിലെ റിസർവ് ബാങ്ക് ഓഫിസിനു മുന്നിലുള്ള റോഡിലാവും റിസർവ് ബാങ്ക് റീജനൽ ഡയറക്ടർ നിർമൽചന്ദിന്റെ നേതൃത്വത്തിലുള്ള 200 പേരടങ്ങുന്ന സംഘം ഇൗ സംരംഭത്തിന്റെ ഭാഗമായി ഓടുന്നത്. പാളയം ഫ്ലൈഓവറിന്റെ സമീപത്തു നിന്നു റീജനൽ ഡയറക്ടർ ഫ്ലാഗ് ഓഫ് ചെയ്തു പനവിള ജംക്്ഷൻ വരെയാണു റിസർവ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥർ, റിസർവ് ബാങ്ക് റിക്രിയേഷൻ ക്ലബ് അംഗങ്ങൾ, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ, കുടുംബാംഗങ്ങൾ എന്നിവർ റൺ കേരള റണ്ണിന്റെ ഭാഗമാകുക.

പന്തളം ബാലൻ300 പേർക്കൊപ്പം
നാഷനൽ ഗെയിംസിനോടനുബന്ധിച്ചു നടക്കുന്ന റൺ കേരള റൺ പരിപാടിയിൽ പ്രശസ്ത ഗായകൻ പന്തളം ബാലൻ രക്ഷാധികാരിയായുള്ള മയൂരം ഫാമിലി ക്ലബ് 300 പേർക്കൊപ്പം പങ്കെടുക്കുമെന്ന് അറിയിച്ചു.

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി
35-മതു ദേശീയ ഗെയിംസിനോടനുബന്ധിച്ച് 20നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ട മൽസരത്തിൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എംപ്ലോയീസ് അസോസിയേഷൻ പങ്കെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.ബി. ഗംഗപ്രസാദും, സെക്രട്ടറി എസ്. വിനോദ്രാജുംഅറിയിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും 186 വർഷം പിന്നിട്ടതുമായ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ജീവനക്കാർ റൺ കേരള റണ്ണിൽ പങ്കെടുക്കുന്നതു ലൈബ്രറിയുടെ യശസ് ഉയർത്തുമെന്നു ഭാരവാഹികൾ പറഞ്ഞു.

സെന്റ് മേരീസ് ക്ലബ്
റൺ കേരള റൺ കൂട്ടയോട്ടത്തിൽ പട്ടം സെന്റ് മേരീസ് കത്തീഡ്രലിനോടു ചേർന്നു പ്രവർത്തിക്കുന്ന സെന്റ് മേരീസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്വിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുമെന്നു രക്ഷാധികാരി ജയിംസ് പാറവിള കോറെപ്പിസ്കോപ്പ അറിയിച്ചു.