സച്ചിൻ എത്തി; ഇന്നു നമ്മുടെ ഓട്ടം

തിരുവനന്തപുരം∙ കൂട്ടായ്മയുടെ ആവേശ ചരിത്രമെഴുതി കേരളം ഇന്ന് ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തോടെ ഒഴുകും. ദേശീയ ഗെയിംസിനു മുന്നോടിയായി കേരളം ഒന്നാകെ പങ്കെടുക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം ഇന്നു രാവിലെ 10.30ന് സംസ്ഥാനത്തെ പതിനായിരത്തോളം കേന്ദ്രങ്ങളിൽ. തലസ്ഥാനത്തു സെക്രട്ടേറിയറ്റിനു മുൻപിൽ നടക്കുന്ന മെഗാ റണ്ണിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുക്കർ പങ്കെടുക്കും.

ലോകകായിക ചരിത്രത്തിൽ ഒരു കോടിയോളം പേർ പങ്കെടുക്കുന്ന കൂട്ടയോട്ടം ആദ്യമാണെന്നു കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സെക്രട്ടേറിയറ്റിനു മുൻപിൽ 10.30ന് ഗവർണർ പി.സദാശിവം ഫ്ളാഗ് ഓഫ് ചെയ്യും. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി എസ്.ശിവകുമാർ, അർജുന അവാർഡ് ജേതാക്കൾ, ദേശീയ ഗെയിംസ് സിഇഒ: ജേക്കബ് പുന്നൂസ്തുടങ്ങിയവരും സച്ചിനൊപ്പം ഓടും. സ്പീക്കർ ജി.കാർത്തികേയനും പങ്കെടുക്കും. ഈ സമയം തന്നെ കേരളത്തിൽ പതിനായിരത്തോളം കേന്ദ്രങ്ങളിലും കൂട്ടയോട്ടം നടക്കും.

ദേശീയ ഗെയിംസ് ബ്രാൻഡ് അംബാസഡർ കൂടിയായ സച്ചിൻ ഇന്നലെ ഉച്ചയ്ക്ക് തലസ്ഥാനത്തെത്തി. സെക്രട്ടറിയേറ്റിലെ സൗത്ത്ഗേറ്റ് മുതൽ നോർത്ത് ഗേറ്റ് വരെ സച്ചിൻ ഓടും. തുടർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ കായികപ്രേമികളെ അഭിസംബോധന ചെയ്യും. ഏഴായിരം കേന്ദ്രങ്ങളാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും പതിനായിരമായി കുതിച്ചുയരുകയായിരുന്നു. ഏതു പ്രായക്കാർക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും റജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാമെന്നും മന്ത്രി തിരുവഞ്ചൂർ അറിയിച്ചു.കൂട്ടയോട്ടം നടക്കുന്ന സ്ഥലങ്ങളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികൾ കൂട്ടയോട്ടത്തിൽ പങ്കാളികളാകും. സർക്കാർ ജീവനക്കാർക്ക് 10.30 മുതൽ 11.30 വരെ ഇടവേള നൽകി ഉത്തരവിറങ്ങിയിട്ടുണ്ട്.