24 മണിക്കൂർ ഡ്യൂട്ടി; ഈ വളയിട്ട കൈകളിൽ നിങ്ങളുടെ വാഹനങ്ങൾ സുരക്ഷിതം
അഞ്ജലി ലാൽ
പാർക്കിങ് ഏരിയയിൽ നൈസായി ബൈക്ക് വെച്ചിട്ട്
സ്കൂട്ടാവുന്ന ഫ്രീക്കൻപയ്യന്മാർ ഈ ചേച്ചിമാരുടെ
പിൻവിളികൾ കേട്ട് പൂച്ചക്കുട്ടികളെപ്പോലെ
പതുങ്ങിനിന്ന് പാർക്കിങ് ഫീസ് അടച്ചിട്ട്
മാന്യന്മാരായി നടന്നു പോകുന്ന കാഴ്ച, അൽപം
സേവിച്ചാലും അലമ്പുണ്ടാക്കാതെ മിണ്ടാതെ വന്നു
പാർക്കിങ് ഏരിയയിൽ വന്നു വാഹനങ്ങളുമായി തിരിച്ചു
പോകുന്ന ചേട്ടന്മാർ, ഡ്രൈവിങ്ങിന്റെ എബിസിഡി പോലും
കൃത്യമായി പഠിക്കാതെ ഫോർവീലറും ടുവീലറുമായി
ഇറങ്ങിത്തിരിക്കുന്ന ചേച്ചിമാർ അങ്ങനെ
ഏതുജനറേഷനിൽപ്പെട്ട ആളുകൾ വന്നാലും നിറഞ്ഞ
പുഞ്ചിരിയോടെ അവരുടെ വണ്ടി റെയിൽവേ പാർക്കിങ്
ഏരിയയിൽ സുരക്ഷിതമായി പാർക്കു ചെയ്യാൻ
സഹായിക്കുന്ന കുടുംബശ്രീ പ്രവർത്തകർ. കോട്ടയം
നരഗത്തിലെ റെയിൽവേസ്റ്റേഷനിൽ കാണുന്ന സ്ഥിരം
കാഴ്ചകളാണിതൊക്കെ.
പുരുഷന്മാർ
കൈയടിക്കിവെച്ചിരുന്ന റെയിൽവേപാർക്കിങ് ഏരിയയുടെ
മേൽനോട്ടം സ്ത്രീകൾ ഏറ്റെടുത്തപ്പോൾ എന്തൊക്കെ
മാറ്റങ്ങളാണുണ്ടായത്? കുടുംബശ്രീ പ്രവർത്തകരായ
സ്ത്രീകളുടെ കൈയിൽ റെയിൽവേ വെഹിക്കിൾ പാർക്കിങ്
എത്രത്തോളം സുരക്ഷിതമാണ്? മാറ്റത്തിനായി
ധീരതകാട്ടൂ എന്ന സന്ദേശവുമായി ഒരു വനിതാദിനം
കൂടിയെത്തുമ്പോൾ സ്ത്രീകൾക്ക് അപരിചിതമായ ഒരു
തൊഴിൽമേഖലയിലേക്കു കടന്നുവന്നതിന്റെ അനുഭവം മനോരമ
ഓൺലൈനുമായി പങ്കുവെയ്ക്കുകയാണ് കോട്ടയം
റെയിൽവേസ്റ്റേഷനിലെ വെഹിക്കിൾ പാർക്കിങ്ങിന്റെ
മേൽനോട്ടക്കാരായ കുടുംബശ്രീ പ്രവർത്തകർ.
ചുമതലയേൽക്കുന്നത് രാത്രി 12 മണിക്ക്
2016
നവംബർ 30 ന് രാത്രി 12 മണിയ്ക്കാണ് ഞങ്ങൾ ഈ
ചുമതലയേൽക്കുന്നത്. കോട്ടയം ജില്ലാ
കുടുംബശ്രീമിഷനാണ് ഞങ്ങളെ ഈ ചുമതലയേൽപ്പിച്ചത്.
പുരുഷന്മാർ മാത്രം ജോലിചെയ്തിരുന്ന ഒരു
മേഖലയായതുകൊണ്ടും വാഹനങ്ങൾ ഉപയോഗിച്ച് അത്ര
പരിചയമില്ലാത്തതുകൊണ്ടും തുടക്കത്തിൽ ചില
ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടായി എന്നതു
നേരുതന്നെയാണ്. പക്ഷെ ഈ ജോലിയിൽ
പ്രവേശിക്കുന്നതിനു മുൻപ് 15 ദിവസത്തെ പരിശീലനം
ഞങ്ങൾക്കു ലഭിച്ചിരുന്നു. ആദ്യം തോന്നിയ
ബുദ്ധിമുട്ടുകൾ വളരെപ്പെട്ടന്ന് മറികടക്കാൻ ആ
പരിശീലനം സഹായിച്ചു.
വളയിട്ട കൈകളിൽ ഈ ജോലി
ഭദ്രമോ? പ്രതികരണം
വളരെ പോസിറ്റീവായ
പ്രതികരണങ്ങളാണ് റെയിൽവേ അധികൃതരുടെ ഭാഗത്തു
നിന്നും പൊതുജനങ്ങളിൽ നിന്നും
ലഭിച്ചുകൊണ്ടിരിക്കുന്നത്. പുരുഷന്മാർ ഈ ജോലി
ചെയ്തുകൊണ്ടിരുന്ന സമയത്ത് പല
പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ
അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും സ്ത്രീകൾക്കു
കുറച്ചു കൂടി ക്ഷമയുള്ളതുകൊണ്ടാവാം
അങ്ങനെയെന്നുമാണ് അവരുടെ അഭിപ്രായം. പൊതുജനങ്ങളുടെ
ഭാഗത്തു നിന്നും പൊതുവെ നല്ല പെരുമാറ്റമാണ്
ഉണ്ടായിട്ടുള്ളത്. ചെറിയ തർക്കങ്ങളും പ്രശ്നങ്ങളും
ഞങ്ങൾ തന്നെ പരിഹരിച്ചു പോവുകയാണു ചെയ്യുന്നത്.
പ്രശ്നങ്ങൾ കൈയിൽ നിൽക്കുന്നില്ലെന്നു തോന്നിയാൽ
മേലധികാരികളോട് റിപ്പോർട്ട് ചെയ്യുകയോ പൊലീസിന്റെ
സഹായം തേടുകയോ ചെയ്യാറുണ്ട്.
മാസത്തിൽ
പത്തുദിവസം, 24 മണിക്കൂർ ഡ്യൂട്ടി
ടീം
വർക്കാണ് ഈ പ്രൊജക്റ്റിന്റെ വിജയരഹസ്യം എന്നാണ്
ഞങ്ങൾ വിശ്വസിക്കു ന്നത്. മൂന്നു ടീമുകളാണുള്ളത്.
ഒരാൾക്ക് മാസത്തിൽ പത്തുദിവസമാണ് ജോലി.
ഇരുപത്തിനാലു മണിക്കൂറും അവർ ഊർജ്ജസ്വലതയോടെ
ജോലിചെയ്യുന്നുണ്ട്. വിശ്രമിക്കാൻ ആകെ കിട്ടുന്ന
സമയം ബില്ലിങ് മെഷീൻ ചാർജ് ചെയ്യാനെടുക്കുന്ന സമയം
മാത്രമാണ്. കുടുംബശ്രീ കോർഡിനേറ്റർ കെ.കെ മിനി
പറയുന്നു. സിആർപിഎഫിന്റെയും റെയിൽവേ പൊലീസിന്റെയും
സഹായം ഏതു സമയത്തും ലഭിക്കുമെന്നതിനാൽ ഇവിടെ
ജോലിചെയ്യാൻ ഭയമോ ആശങ്കയോ തോന്നാറില്ല. ഓരോ
ടീമിനും മാറി മാറി ഡ്യൂട്ടിവരുന്നതുകൊണ്ട്
വീട്ടുകാര്യങ്ങളും ജോലി ക്കാര്യങ്ങളും ഭംഗിയായി
നിറവേറ്റാൻ ഇവർക്കാവുന്നുണ്ട്.
അവരുടെ
അശ്രദ്ധ, ഞങ്ങളുടെ ശ്രദ്ധ
കൗമാരക്കാരായ
കുട്ടികളും ചിലപ്പോൾ മുതിർന്നവരും കാണിക്കുന്ന
അശ്രദ്ധയും മറവിയുമൊക്കെ ചിലപ്പോൾ
തലവേദനയുണ്ടാകാറുണ്ട്. ഓടിപ്പിടിച്ചു വരുന്ന
തിരക്കിനിടയിൽ അവർ വാഹനത്തിന്റെ താക്കോൽ
വണ്ടിയിൽത്തന്നെ മറന്നു വെച്ചിട്ടുപോകും. ഇതു
ലക്ഷ്യമിട്ടു നടക്കുന്ന മോഷ്ടാക്കൾ വണ്ടി
മോഷ്ടിച്ചു കൊണ്ടു പോവുകയും ചെയ്യും. തുടക്കകാലത്ത്
ഇത്തരം രണ്ടു സംഭവങ്ങളുണ്ടായി. എന്നാൽ
അധികൃതരുടെയും പൊലീസിന്റെയും സമയോചിതമായ
പ്രവർത്തനം കൊണ്ട് വാഹനങ്ങൾ തിരികെ ലഭിച്ചു. ഇപ്പോൾ
ഇങ്ങനെയുള്ള കാര്യങ്ങളിലും കൂടുതൽ
ശ്രദ്ധിക്കുന്നുണ്ട്.
ഷെഡാണ് ഓഫീസ്, അവിടെ
തന്നെ വിശ്രമവും
പാർക്കിങ് ഏരിയയുടെ
മേൽനോട്ടം വഹിക്കുന്ന കുടുംബശ്രീ പ്രവർത്തകരുടെ
ഓഫീസും വിശ്രമമുറിയുമെല്ലാം ഒരു ഷെഡ് ആണ്.
വൈദ്യുതി സൗകര്യമുള്ള ഒരു മുറികിട്ടിയിരുന്നെങ്കിൽ
നന്നായിരുന്നു. ഇതിനുള്ള പദ്ധതികൾ റെയിൽവേ
അധികൃതർക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
അനുകൂലമായ പ്രതികരണം ഉണ്ടാകു മെന്നു തന്നെയാണ്
പ്രതീക്ഷ. അധികൃതരുടെ
ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്ന മറ്റൊരു വിഷയം
പാർക്കിങ് ഏരിയയിലെ മരച്ചില്ലകൾ
മുറിക്കുന്നതിനെക്കുറിച്ചാണ്. ഫോർവീലർ
യാത്രക്കാരേക്കാൾ ടൂവീലർ യാത്രക്കാരാണ്
ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടുതൽ
അനുഭവിക്കുന്നത്. മഴക്കാലങ്ങളിൽ
മരച്ചില്ലകളൊടിഞ്ഞ് വാഹനങ്ങളുടെ പുറത്തുവീഴാനുള്ള
സാധ്യതയുണ്ട്. മരച്ചില്ലകളിൽ ചേക്കേറുന്ന പക്ഷികൾ
പാർക്കിങ് ഏരിയയിലെ വാഹനങ്ങളിൽ കാഷ്ഠിച്ച്
വൃത്തികേടാക്കു ന്നതിന്റെ ബുദ്ധിമുട്ടുകൾ വേറെ.
ടുവീലർ പാർക്കിങ് ഏരിയായിലെത്തുന്നവർ പലരും
വണ്ടികൾ മൂടിയിട്ടിട്ടാണ് പോകുന്നത്.
ക്ഷമയും ഏതു പ്രതിസന്ധിയെയും പുഞ്ചിരിയോടെ
അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവുമുണ്ടെങ്കിൽ ഏതു
ജോലിയും തന്റേടത്തോടെ ചെയ്യാമെന്നു ജീവിതത്തിലൂടെ
കാണിച്ചു തരുകയാണ് ഈ കുടുംബശ്രീ പ്രവർത്തകർ.
അതുകൊണ്ടു തന്നെയാണ് പുരുഷന്മാരേക്കാൾ
കൈയടക്കത്തോടെ എത്രഭാരമുള്ള വാഹനങ്ങളും അനായാസം
തള്ളിനീക്കി പാർക്കിങ്ങ് ഏരിയയിലെ സ്ഥലം കൂടുതൽ
കാര്യക്ഷമതയോടെ ഉപയോഗപ്പെടുത്താനും പരിമിതമായ
സൗകര്യങ്ങ ളിൽ പരമാവധി വാഹനങ്ങൾ പാർക്കുചെയ്യാനും
ഇവർക്കു കഴിയുന്നത്. ജോലിയുടെ കാര്യത്തിൽ
പുരുഷന്മാർ സ്ത്രീകൾ എന്ന വേർതിരിവു വേണ്ടെന്നും
അധ്വാനിക്കാനുള്ള മനസ്സും പ്രശ്നങ്ങളെ നയപരമായി
നേരിടാനുള്ള കഴിവുമുണ്ടെങ്കിൽ സ്ത്രീ–പുരുഷ
വ്യത്യാസമില്ലാതെ ഏതു ജോലിയിലും തിളങ്ങാമെന്നാണ്
ഇവരുടെ വിശ്വാസം..