ജീവന്റെ ജീവൻ ഈ വിരൽവിസ്മയങ്ങൾ ; വിനിയ്ക്കു വരയ്ക്കാൻ ബ്രഷ് വേണ്ട

ജി. പ്രമോദ്


ഏറ്റവും ആത്മസ്പർശിയായി എഴുതാൻ വിരൽ മുറിച്ചു പേനയാക്കിയിരുന്നെങ്കിൽ എന്നു മോഹിക്കാറില്ലേ. ബാഹ്യമായ ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ ഉള്ളിലെ വികാരങ്ങൾ നേരിട്ട് ആവിഷ്കരിക്കുക. രക്തവും മാംസവും പോലെ ജീവൻതുടിക്കുന്ന അക്ഷരങ്ങൾ. ചിത്രങ്ങൾ പകർത്തുമ്പോൾ ചിത്രകാരനും മോഹിക്കും നേരിട്ടു വരയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. വന്യവും വിദൂരവുമെന്നു തോന്നിപ്പിക്കുന്ന മോഹത്തെ സാക്ഷാത്കരിച്ചിരിക്കുന്നു ഒരു മലയാളി യുവതി. തൃശൂർ സ്വദേശി വിനി വേണുഗോപാൽ. വിനിയ്ക്കു വരയ്ക്കാൻ ബ്രഷ് വേണ്ട. പേനയും പെൻസിലും വേണ്ട. ഓയിൽ പെയിന്റിൽ സ്വന്തം വിരലുകൾ മുക്കിയാൽ ബ്രഷ് ആയി. ക്യാൻവാസിൽ ജീവന്റെ ജീവനായി ചിത്രങ്ങൾ നിറയുകയായി. കാഴ്ചകൾ പകർത്തിയ ചിത്രങ്ങളുണ്ട്. പ്രകൃതിഭാവങ്ങളുണ്ട്. അനുഭവങ്ങളും അനുഭൂതികളുമുണ്ട്. വിദഗ്ധനായ ഒരു ഛായാഗ്രാഹകൻ നേരിട്ടുപകർത്തിയതെന്നു തോന്നിപ്പിക്കുന്ന സ്വാഭാവികത. വിരലുകൾ കൊണ്ടു വരയ്ക്കുമ്പോൾ ലഭിക്കുന്ന ത്രിമാന ശക്തിയുമുണ്ട്. ഒരുവർഷത്തോളമെടുത്തു പൂർത്തിയാക്കിയ 31 വിരൽചിത്രങ്ങളുടെ പ്രദർശനം ഇക്കഴിഞ്ഞമാസം വിനി തൃശൂരിൽ നടത്തി. ഗംഭീര പ്രതികരണം. വിനിയുടെ അപൂർവചിത്രരചനാരീതി ഉണർത്തുന്ന അത്ഭുതവും ആകാംക്ഷയും ചിത്രങ്ങൾ കാണുമ്പോഴും അനുഭവപ്പെടും. ആരെയും ഒരു ചിത്രകാരനാകാൻ മോഹിപ്പിക്കുന്ന വരകളുടെ ലാളിത്യം. നിറങ്ങളുടെ ലയം. ഭാവങ്ങളിലെ നിഷ്കളങ്കത. അസൂയപ്പെടുത്തുന്ന പരിപൂർണത. വേറിട്ട ചിത്രരചനാരീതിയിലൂടെ തനതായ വ്യക്തിത്വം സ്ഥാപിച്ചെടുത്ത വിനി നിറങ്ങളെ ഇഷ്ടപ്പെട്ട കൊച്ചുകുട്ടിയിൽനിന്നു വിരലുകളിൽ വിസ്മയം തീർക്കുന്ന പ്രതിഭയായി വളർന്നതിനുപിന്നിൽ ജൻമനാ ലഭിച്ച സിദ്ധിയും വികസിപ്പിച്ചെടുത്ത സാധനയുമുണ്ട്. കഠിനാധ്വാനവും കഴിവുകളെ തേച്ചുമിനുക്കിയെടുക്കാൻ പുലർത്തിയ സൂക്ഷ്മതയുമുണ്ട്.

ചിത്രകൗതുകം കുട്ടിക്കാലത്തേ

കുട്ടിക്കാലത്തേ വിനിയുടെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു ചിത്രകൗതുകം. സാധാരണ ഏതു കുട്ടിയേയുംപോലെ വരയ്ക്കുമ്പോഴും പ്രതിഭയാൽ വേറിട്ടുനിന്ന ചിത്രവിസ്മയങ്ങൾ. ചിത്രരചനയിൽ പ്രത്യേകപരിശീലനം വിനിക്കു കിട്ടിയിട്ടില്ല. ചിത്രകലാ സ്കൂളുകളിൽ വിദ്യാർഥിയായി പോയിട്ടുമില്ല. അന്നൊന്നും എന്നെങ്കിലുമൊരിക്കൽ തനതായ ഒരു ചിത്രരചനാരീതി വികസിപ്പിച്ചെടുക്കുന്നയാളായി വളരുമെന്നും വിനി കരുതിയിരുന്നില്ല. സ്കൂൾ,കോളജ് കാലങ്ങളിൽ പേന കൊണ്ടു ധാരാളം ചിത്രങ്ങൾ വരച്ചു.തൃശൂരിൽ പ്ലസ്ടു വരെ പഠിച്ചതിനുശേഷം ബെംഗളൂരുവിൽ ഫൈൻ ആർട്സ് പഠനം. പിന്നീട് മാതാ–പിതാക്കൾക്കൊപ്പം വിദേശത്തേക്ക്. പ്രവാസലോകത്തേക്കു വീടു മാറിയപ്പോഴും നിറങ്ങളെ കൂടെകൂട്ടി വിനി. വരച്ച ചിത്രങ്ങൾ സൂക്ഷിച്ചു. മോഹസാഫല്യമായി 2012– ൽ ആദ്യത്തെ ചിത്രപ്രദർശനം നടത്തി. തൃശൂരിൽ. പെൻ പെയ്ന്റിങ്ങുകളുടെ പ്രദർശനം.

വഴിത്തിരിവിൽ ഗഹൻ

വിവാഹത്തിനുശേഷം മകൻ ഗഹന്റെ കളിക്കൂട്ടുകാരിയായപ്പോൾ കളിപ്പാട്ടങ്ങളായതു നിറങ്ങളും ബ്രഷും ക്യാൻവാസും. ചിത്രകാരിയായ അമ്മയുടെ മകൻ സ്വാഭാവികമായി വരച്ചുതുടങ്ങി.നിറങ്ങളുടെ നിരന്തര ഉപയോഗം കുട്ടിയുടെ ആരോഗ്യത്തിനു ഹാനികരമാകാതിരിക്കാൻ വിനി പുതിയൊരു പരീക്ഷണം നടത്തി. മൈദയിൽ ഫുഡ് കളറുകൾ ചേർത്തുകൊടുത്തു. ബ്രഷ് പിടിക്കാൻ പഠിക്കുന്നതിനുമുമ്പ് കുട്ടി വരയ്ക്കുക കൈകൾ കൊണ്ട്. ഗഹൻ അനായാസം കൈകൾ കൊണ്ടു ചിത്രമെഴുതുന്നതു വിനിയുടെ മനസ്സിൽ വെളിപാടായി. വിനിയും വരലുകൾ ഉപയോഗിച്ചു ചിത്രംവര തുടങ്ങി. ആദ്യമൊക്കെ ക്യാൻവാസിൽ ഔട് ലൈൻ വരച്ചതിനുശേഷം വിരലുകൾ ചായത്തിൽ മുക്കി വരച്ചു. കുറച്ചായപ്പോൾ ഔട്ട്‌ലൈൻ വേണ്ടെന്നായി. പ്രകൃതിദൃശ്യമോ ഭാവനയോ ഫോട്ടോയോ എന്തും വിരലുകൾകൊണ്ടു വരയ്ക്കാമെന്നായി.കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം പകർന്ന പ്രചോദനത്തിൽ വിരൽവരകൾ വിനി സ്വായത്തമാക്കി.

വിരൽവരയിലെ മാസ്റ്റർമാർ എന്നും കുട്ടികളാണ്. നിഷ്കളങ്ക മനസ്സുകളുടെ ചിത്രസങ്കേതമാണത്. മനസ്സിൽതോന്നുന്നത് അവർ നേരിട്ടു പകർത്തുന്നു. അനുകരണീയ മാതൃകയെങ്കിലും ആരും കൈവയ്ക്കാൻ ധൈര്യപ്പെടില്ല. നിഷ്കളങ്കമെങ്കിലും സങ്കീർണം. ഉദ്ദേശിച്ച ഫലം കിട്ടുമോയെന്ന ഉറപ്പുമില്ല. പക്ഷേ വിനി തളർന്നില്ല. പരീക്ഷണത്തെ പരീക്ഷയെന്നു കരുതി അധ്വാനിച്ചു പഠിച്ചു വിജയിപ്പിച്ചു.കൈകളിൽ എപ്പോഴും നിറങ്ങൾ കാണുമെന്നതിനാൽ ഗ്ലൗസ് ധരിച്ചും വിനി വരച്ചു. പക്ഷേ വരലുകളാൽ നേരിട്ടു വരയ്ക്കുന്നതു നിർത്തിയിട്ടില്ല. ചില ഭാവങ്ങൾക്കു വിരലുകൾ തന്നെ വേണം. ബ്രഷോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ചു വരയ്ക്കാൻ ഇപ്പോൾ തോന്നാറേയില്ല. ചിത്രംവരയ്ക്കൊപ്പം കയ്യൊപ്പിടുന്നതുപോലും വിരലുകൾകൊണ്ടുതന്നെ.

മുൻഗാമികളില്ല; പിൻഗാമികളും

ഫിങ്കർ പെയ്ന്റിങ്ങിൽ ഏർപ്പെടുന്ന അധികമാളുകളെക്കുറിച്ചു വിനി കേട്ടിട്ടില്ല. അന്വേഷിച്ചപ്പോൾ മുംബൈയിൽ ഒരു ചിത്രകാരനുണ്ടെന്നു കേട്ടു. ലണ്ടനിൽ പ്രശസ്തയായ ഒരു വനിതയുമുണ്ടത്രേ.പക്ഷേ നേരിൽ കണ്ടിട്ടില്ല. പരിചയപ്പെട്ടിട്ടുമില്ല. യാദൃശ്ചികമായി പരിചയപ്പെട്ടതാണെങ്കിലും വിരൽവരയെ വിനി സ്നേഹിക്കുന്നു. ഏറെ ഇഷ്ടപ്പെടുന്നു.ഈ രീതി തന്നെ തുടരാൻ തീരുമാനം. മുമ്പെങ്ങുമില്ലാത്ത സംതൃപ്തിയും സന്തോഷവും വിരലുകൾ സമ്മാനിക്കുന്നു. ഏതു ഭാവവും ദൃശ്യവും ഇപ്പോൾ വിരലുകൾക്ക് ഇണങ്ങും. ത്രിമാന സ്വാഭാവത്തിന്റെ അധികശ്കിതിയുമുണ്ട്. കൂടുതൽ ചിത്രങ്ങൾ വരയ്ക്കണമെന്നു വിനി മോഹിക്കുന്നു. ഒരിക്കൽ പെൻപെയ്ന്റിങ്ങുകളുടെ പ്രദർശനം നടത്തിയ അതേ നഗരത്തിൽ ഇക്കഴിഞ്ഞമാസം വിനി വിരൽചിത്രങ്ങൾ പ്രദർശനത്തിനുവച്ചു. വ്യത്യസ്ത ദൃശ്യങ്ങൾ പകർത്തിയ 31 ചിത്രങ്ങൾ. ചിത്രങ്ങൾക്ക് ഏറെ ആവശ്യക്കാരുണ്ടായി. വെബ്സൈറ്റിലൂടെയും ഓർഡറുകൾ ലഭിക്കുന്നുണ്ട്.

പ്രകൃതിദൃശ്യങ്ങളും വന്യജീവി ദൃശ്യങ്ങളും വിനിയെ ഹരംപിടിപ്പിക്കാറുണ്ട്. വന്യജീവികളുടെ മികച്ച ചിത്രം കണ്ടാൽ വിനിയുടെ വിരലുകൾ ചലിച്ചുതുടങ്ങും. ജീവികളെ അവയുടെ സ്വാഭാവിക പരിതസ്ഥിതിയിൽ പ്രകൃതിയുടെ പശ്ചാത്തലത്തിൽ വരയ്ക്കുന്നു. വെള്ളത്തുള്ളികൾ ചിതറിവീഴുന്നതിന്റെ പശ്ചാത്തലത്തിലുള്ള ഒന്നിലധികം ചിത്രങ്ങളുണ്ട് ശേഖരത്തിൽ.ഒരു നിശ്ചല ഛായാചിത്രത്തിന്റെ പൂർണത അവകാശപ്പെടാവുന്നവ. ഒപ്പം ജീവിതത്തിന്റെ ചലനാത്മകതയും. ചിത്രങ്ങളിലെ മനുഷ്യരുടെയും ജീവികളുടെയും ചലനങ്ങളിൽ ഉണർവും ഉൻമേഷവുമുണ്ട്. ചെടികൾക്കും മരങ്ങൾക്കും പൂക്കൾക്കുംപോലുമുണ്ട് നേരിട്ടുകാണുന്നതിന്റെ സ്വാഭാവിക ശക്തി.തൃശൂരിലെ പ്രദർശന വിജയം ഇന്ത്യയിലെ മറ്റുനഗരങ്ങളിലും ആവർത്തിക്കാൻ ആഗ്രഹിക്കുന്നു വിനി. ബെംഗളൂരുവിൽ അടുത്തുതന്നെ പ്രദർശനം നടത്താൻ പദ്ധതിയുണ്ട്. പിന്നാലെ മറ്റ് ഇന്ത്യൻ നഗരങ്ങളിലും. വേറിട്ട വഴിയിലേക്ക് ആനയിച്ച രണ്ടരവയസ്സുകാരൻ മകൻ ഗഹൻ വിനിക്കൊപ്പമുണ്ട്. പ്രചോദനം പകരാൻ റിയാദിൽ ജോലി ചെയ്യുന്ന ഭർത്താവ് സനീഷും. തൃശൂർ നഗരത്തിനടുത്ത് കരുവാൻകാട് എന്ന സ്ഥലത്തു താമസം.

ചിത്രരചനയിൽ പാരമ്പര്യ വഴിയിൽനിന്നു മാറിനടന്നു വിനി.ആരും പോയിട്ടില്ലാത്ത ഒരു വഴി വെട്ടിയുണ്ടാക്കി മുന്നേ നടന്നു. മാതൃകകളില്ല. മുമ്പേ നടന്നവരുടെ അനുഭവങ്ങളും പാഠങ്ങളുമില്ല. വഴി നടത്താൻ കൂടെയുള്ളത് തീക്ഷ്ണമായ മോഹം മാത്രം. പരാജയപ്പെട്ടിരുന്നെങ്കിൽ ആരും അറിയുമായിരുന്നില്ലെങ്കിലും മനസ്സിനെ വേദനിപ്പിച്ചേനേം. പക്ഷേ വിജയം അപൂർവവും അനന്യവുമായതിനാൽ വാർത്തയായിരിക്കുന്നു. വാർത്തയിലെ നായികയായി വിനിയും.