‘പാഠം’ പഠിപ്പിക്കുന്ന കുട്ടിശാസ്ത്രജ്ഞർ

പ്രൈമറി അധ്യാപികയായ അമ്മയ്ക്കു കിട്ടുന്ന ശമ്പളത്തിന്റെ പകുതിയും ആസ്മയുടെ ചികിൽസയ്ക്കായി മാറ്റിവയ്ക്കുന്നതു കണ്ടാണു മലപ്പുറം മാദിൻ പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ മാധവ് കൃഷ്ണയും കൂട്ടുകാരും മാഗ്നറ്റിക് ബോർഡുമായെത്തിയത്. ചോക്കുപൊടി അമ്മയുടെ ആസ്മയ്ക്ക് ഒരു വലിയ കാരണമാണെന്നു മനസ്സിലാക്കിയ മാധവ് കൂട്ടുകാരുടെ സഹായത്തോടെയാണു കാന്തത്തിന്റെ തരികൾ ഉപയോഗിക്കാവുന്ന ബോർഡ് രൂപകൽപന ചെയ്തത്. ഇങ്ങനെയെഴുതുന്നതു മായ്ക്കാനുള്ള ഇറേസറും രൂപകൽപന ചെയ്തിട്ടുണ്ട്. പത്താംക്ലാസിൽ പഠിച്ചിരുന്ന സമയത്ത് സയൻസ് ക്ലാസിൽ മൈക്രോസ്കോപ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ക്ലാസിനായി എടുത്തുകൊണ്ടുവന്ന മൈക്രോസ്കോപ്പിൽ ആകെയൊരു മങ്ങൽ. സൂക്ഷിക്കാൻ ഇടമില്ലാത്തതു കൊണ്ടും ഫംഗസ് ബാധ കൊണ്ടുമായിരുന്നു അത്. ഇതിനൊരു പ്രതിവിധിയെന്നവണ്ണമാണ് ഉപയോഗിച്ച ശേഷം കളയാൻ കഴിയുന്ന മാതൃകയിൽ പേപ്പറും എൽഇഡിയും ബോൾ ലെൻസും ഉപയോഗിച്ചു നിർമിക്കാവുന്ന ‘ഫോൾഡോസ്കോപ്പു’മായി ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ എത്തിയത്.

പറപറക്കും പാടത്തെയും പറമ്പിലെയും പ്രശ്നങ്ങൾ
കൃഷിയിടങ്ങൾ നശിപ്പിക്കുന്ന മൃഗങ്ങളെ തുരത്തിയോടിക്കാനുള്ള ‘നോയ്സി ബോയ്’ ഇരിങ്ങാലക്കുട എസ്എൻ ചന്ദ്രിക എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർഥികളുടെ കണ്ടുപിടിത്തമാണ്. വേലിക്കു ചുറ്റും മോഷൻ സെൻസർ ഘടിപ്പിക്കുന്നതാണിത്. മൃഗങ്ങൾ പരിസരത്തു വരുന്നതു കർഷകനു വീട്ടിലിരുന്നു മനസ്സിലാക്കാം. ഉപകരണത്തിന്റെ ഭാഗമായ റോബട്ടിക് ഡ്രോൺ ഉടൻ പറത്തുന്നു. ഇതിൽ നിന്നു ഫ്ലാഷ് ലൈറ്റുകളും അൾട്രാ സൗണ്ടും വരുന്നതോടെ മൃഗങ്ങൾ ജീവനുംകൊണ്ട് ഓടുമത്രേ! എറണാകുളം എസ്എൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികളുടെ കണ്ടുപിടിത്തത്തിന്റെ പേര് ‘ഇലക്ട്രോ മാഗ്‍നറ്റിക് കോയൽ ഗൺ’ എന്നാണ്. കൃഷി നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ പരുക്കേൽപിക്കാതെ വെടിവയ്ക്കാനായുള്ള തോക്ക്. വെടിയുണ്ടയ്ക്കു പകരം റബറോ മരക്കഷണമോ ആണ് ഉപയോഗിക്കുക. കൊക്കോ കായയുടെ തോടു കളഞ്ഞ് എളുപ്പത്തിൽ ഉള്ളിലെ പഴമെടുക്കാനുള്ള പ്രോജക്ടാണ് എറണാകുളം തേവക്കൽ വിദ്യോദയ സ്കൂൾ ഒരുക്കിയത്. കായികാധ്വാനമില്ലാതെ 100 കിലോ കൊക്കോ 45 മിനിറ്റിനുള്ളിൽ വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യയാണു വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുടെ കണ്ടെത്തൽ. സൗരോർജം ഉപയോഗിച്ചാണ് ഈ ‘ഓട്ടമാറ്റിക് കൊക്കോ ബീൻ സെപ്പറേറ്റിങ് മെഷീന്റെ’ പ്രവർത്തനം. കൃഷിക്കാരുടെ ഏറ്റവും വലിയ തലവേദനകളിലൊന്നാണു വിളകൾക്കു കൃത്യസമയത്തു വെള്ളം നനയ്ക്കുക എന്നത്. ഇതിനു പരിഹാരമായാണ് ‘ഓട്ടമാറ്റിക് ഇറിഗേഷൻ സിസ്റ്റവു’മായി കോട്ടയം എസ്എച്ച് മൗണ്ട് സ്കൂളിലെ വിദ്യാർഥികളെത്തിയത്. മണ്ണിലിറക്കി വയ്ക്കുന്ന സെൻസറുകളുടെ സഹായത്തോടെയാണിത്. മണ്ണിലെ ഈർപ്പം തിരിച്ചറിഞ്ഞ് ആ സ്ഥലത്തിനു വേണ്ട വെള്ളത്തിന്റെ അളവ് കണ്ടെത്തി ആവശ്യത്തിന് വെള്ളം എത്തിക്കാം. ടൈമിങ് സെറ്റ്ചെയ്തു മോട്ടോർ ഓണും ഓഫും ആക്കാനുള്ള സംവിധാനവുമുണ്ട്. ഇനി മോട്ടോർ ഓണാക്കേണ്ട വ്യക്തി സ്ഥലത്തില്ലെങ്കിൽ ജിഎസ്എം കൺട്രോൾ വഴി മോട്ടോർ പ്രവർത്തിപ്പിക്കാനുള്ള സാങ്കേതികവിദ്യയും ഇവർ രൂപകൽപന ചെയ്തിട്ടുണ്ട്. ‘ഓട്ടമേറ്റഡ് ഡ്രിപ് ഇറിഗേഷൻ സിസ്റ്റമാണ്’ കോട്ടയം സേക്രഡ് ഹാർട് പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ തലയിൽ വിരിഞ്ഞത്. മണ്ണിന്റെ നനവ് അളന്ന് അതിനനുസരിച്ചു ചെടികൾക്കു വെള്ളമെത്തിക്കുന്നതാണ് സംവിധാനം. സ്വിച്ച് ഓൺ ചെയ്താൽ എല്ലാ ചെടികളിലും ഒരേ സമയം ഒരേ അളവിൽ വെള്ളമെത്തും. വെള്ളത്തിന്റെ സാന്ദ്രത ഒരു നിശ്ചിത അളവെത്തിയാൽ മെഷീൻ ഓഫാവും. കോട്ടയം സെന്റ് ബർക്ക്മാൻസ് ഹയർസെക്കൻഡറി സ്കൂൾ അവതരിപ്പിച്ചത് ആയാസരഹിതമായി പുല്ലു വെട്ടാനുള്ള വീഡ് കട്ടറാണ്. ഹാൻഡിലിലുള്ള ബട്ടൺ ഉപയോഗിച്ചു വേഗം നിയന്ത്രിക്കാം. വളരെ കുറഞ്ഞ ചെലവിൽ ആർക്കും ഇതു നിർമിക്കാമെന്നു കുട്ടികൾ അവകാശപ്പെടുന്നു. താങ്ങില്ലാതെ നാശത്തിലേക്കു നീങ്ങുന്ന കുരുമുളകു കൃഷിക്കു പുതുജീവൻ നൽകുന്ന ‘താങ്ങുമര’മാണു കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസിലെ വിദ്യാർഥികളുടെ കണ്ടെത്തൽ. കുരുമുളകു വള്ളിക്കു പടർന്നു കയറാവുന്ന സംവിധാനമാണിത്. പരമ്പരാഗത രീതിയെക്കാൾ വിളവു ലഭിക്കുന്നതാണു പിവിസി പൈപ്പുപയോഗിച്ചു തയാറാക്കിയ ഈ കണ്ടുപിടിത്തമെന്നു വിദ്യാർഥികളുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ.

ഇനി റോഡ് കുത്തിപ്പൊളിച്ചാലും ഉടനറിയാം
പിഡബ്ല്യുഡി റോഡ് പണിയും, പിന്നെ പണിത റോഡിൽ ചോർച്ച അടയ്ക്കാനെന്ന പേരിൽ വാട്ടർ അതോറിറ്റി കുത്തിപ്പൊളിക്കും. ഏറെക്കാലമായി നിലനിൽക്കുന്ന ഒരു കലാപരിപാടിയാണിത്. റോഡ് പൊളിയുന്നതിനൊപ്പം വെള്ളം നഷ്ടപ്പെടുന്നതും പതിവു കാഴ്ച. വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ ഇനി പൊട്ടലുണ്ടായാൽ പൊട്ടിയ സ്ഥലം മൂന്നു സെക്കൻഡിനുള്ളിൽ കൃത്യമായി കണ്ടെത്തുന്ന സംവിധാനമൊരുക്കുകയാണു തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജ്. ഇതോടൊപ്പം ഒരു കുടുംബം ഉപയോഗിക്കാൻ സാധ്യതയുള്ള വെള്ളത്തിന്റെ അളവു നേരത്തേ കണ്ടെത്തി വാട്ടർ അതോറിറ്റിയെ അറിയിക്കാനും അതുവഴി വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനുള്ള സംവിധാനവും ഇവരുടെ പ്രോജക്ടിൽ ഒരുക്കുന്നുണ്ട്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ സഹപാഠി അപകടത്തിൽപെട്ടപ്പോൾ ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഒരു തീരുമാനത്തിലെത്തി, നമ്മുടെ നാട്ടിലെ ട്രാഫിക് സംവിധാനത്തെ സ്മാർട്ടാക്കണം. വാഹനങ്ങളുടെ ആധിക്യത്തിനനുസരിച്ച് സ്വയം ട്രാഫിക് ക്രമീകരിക്കുന്ന സംവിധാനം കണ്ടെത്തിയിരിക്കുകയാണിവർ‍. റോഡുമുറിച്ചുകടക്കാൻ കാൽനടക്കാർ കാത്തുനിൽക്കുന്നതു സ്വയം മനസ്സിലാക്കി വാഹനങ്ങൾ തടയുന്ന സംവിധാനവും ഇതിനൊപ്പമുണ്ട്.

Related Articles
വെള്ളത്തിൽ പൊങ്ങിക്കിടക്കാം, ആശയം നിറച്ച ഉടുപ്പുമിട്ട്...
പ്ലാസ്റ്റിക് ’ വീടിനെപ്പറ്റി കേട്ടിട്ടുണ്ടോ?
അരികിലുണ്ട് ഞങ്ങൾ, ശാസ്ത്രത്തിൻ കരുതലുമായ്...
പാഠം’ പഠിപ്പിക്കുന്ന കുട്ടിശാസ്ത്രജ്ഞർ
© Copyright 2017 Manoramaonline. All rights reserved.