ഉറക്കമില്ലായ്മ

തലച്ചോറിൽ ഉൽപാദിപ്പിക്കപ്പെടുന്ന മെലാടോണിൻ എന്ന രാസവസ്തുവാണ് ഉറങ്ങണമെന്ന ചിന്ത നമ്മൾക്കുണ്ടാക്കുന്നത്. ശരീരത്തിനു വിശ്രമം വേണമെന്ന ഘട്ടത്തിൽ തലച്ചോറാണു മെലാടോണിൻ നാഡിവ്യൂഹത്തിലേക്കു കടത്തി വിടുന്നത്. തുടർച്ചയായ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം മെലാടോണിനിന്റെ അളവു കുറയ്ക്കുന്നതായാണു പഠനങ്ങൾ. മൊബൈൽ ഫോണുകളുടെ രാത്രികാല ഉപയോഗം മെലാടോണിൻ ശരീരം പുറപ്പെടുവിക്കുന്നതു വൈകിപ്പിക്കുന്നു. രാത്രിയിൽ കിടക്കയിൽ മണിക്കൂറുകളോളം മൊബൈലിൽ ചെലവഴിക്കുകയോ ഉറങ്ങുന്നതിനു തൊട്ടു മുൻപു മൊബൈൽ നോക്കുകയോ ചെയ്യുമ്പോൾ ഇതു സംഭവിക്കാം. ഡിജിറ്റൽ സ്ക്രീനിൽ നിന്നുള്ള വെളിച്ചം തലച്ചോറിനെ ആശയകുഴപ്പത്തിലാക്കുന്നു. ഉറങ്ങാൻ സമയമായില്ലെന്ന തോന്നലുണ്ടാക്കുന്നതിനാൽ മെലാടോണിന്റെ അളവ് കുറയുകയോ ഉൽപാദിപ്പിക്കാതിരിക്കുകയോ ചെയ്യുന്നു.

ഓർമക്കുറവ്

എത്ര കൂട്ടുകാരുടെ നമ്പർ നിങ്ങൾക്കു കാണാതെയറിയാം. ഒരുപക്ഷേ സ്വന്തം മൊബൈൽ ഫോൺ നമ്പർ അല്ലാതെ മറ്റൊന്നും ഓർമയിൽ നിൽക്കാത്തവരായിരിക്കാം കൂടുതലും. എല്ലാത്തിനും ഫോണിനെ ആശ്രയിച്ചാൽ ചെറിയ പല കാര്യങ്ങളും ഓർമയിൽ തങ്ങില്ല. ഫോൺ നമ്പറുകൾ, ജൻമദിനങ്ങൾ, വാർഷികങ്ങൾ എന്നിവയെല്ലാം ഫോണിൽ കയറിയതോടെ ഓർത്തെടുക്കൽ അത്ര എളുപ്പമുള്ള സംഗതി അല്ലാതെയായി. കുട്ടികളുടെ പഠന മികവിനെയും ഇതു ബാധിക്കുന്നു.

കണ്ണുകൾ

കണ്ണുകൾക്കു നീറ്റൽ അനുഭവപ്പെടുന്നതിനു പുറമേ തലവേദനയും അമിതമായി ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുന്നവരിൽ കാണാറുണ്ട്. യുവാക്കൾ 24 മണിക്കൂറിൽ രണ്ടു മുതൽ നാലു മണിക്കൂർ വരെയാണു ഫോൺ ഉപയോഗിക്കുന്നത്. ഒന്നിലധികം ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ അതു കണ്ണുകൾക്ക് ആയാസം കൂട്ടും. ചെറിയ സ്ക്രീനുകളിലേക്ക് അമിതമായി സ്ട്രെയിൻ ചെയ്യുമ്പോൾ കണ്ണിൽ നിന്നു വെള്ളം വരികയും കണ്ണുകൾക്കു ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ആന്റി ഗ്ലെയർ ലെൻസുകൾ, ആന്റി ബ്ലുലൈറ്റ് ലെൻസ് എന്നിവ ആശ്വാസം പകരും. കണ്ണുകൾക്ക് ഇടയ്ക്കിടെ വിശ്രമം നൽകണം.

കഴുത്ത്

സെൽഫോൺ, ടാബ്‌ലറ്റ്, മറ്റു വയർലെസ് ഡിവൈസുകൾ എന്നിവയുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന കഴുത്തു വേദനയും അനുബന്ധ പ്രശ്നങ്ങളെയും ആധുനിക വൈദ്യശാസ്ത്രം ടെക്സ്റ്റ് നെക്ക് (text neck) എന്നാണു വിളിക്കുന്നത്. ആദ്യം കഴുത്തു വേദനയും പിന്നീടു പുറം വേദനയും കൈകളിലേക്ക് അരിച്ചിറങ്ങുന്ന വേദനയുമാണു അനുഭവപ്പെടുക. 18 മുതൽ 44 വയസു വരെയുള്ളവരിലാണ് ഈ പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. കഴുത്തു വേദനയുമായി വരുന്നവരിൽ കൂടുതലും ഫോൺ തലയ്ക്കും തോളിനുമിടയിൽ വച്ചു സംസാരിക്കുന്നവരിലാണെന്നു ഡോക്ടർമാർ പറയുന്നു.

പ്രതിവിധികൾ
∙കുനിഞ്ഞു നോക്കാതെ ഡിജിറ്റൽ ഡിവൈസുകൾ ഉയർത്തി കണ്ണിനു നേരെ പിടിക്കുക

∙ ലാപ്ടോപ്, ടാബ്‌ലറ്റ് എന്നിവ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അരമണിക്കൂർ കൂടുമ്പോൾ ഇടവേള നൽകി എഴുന്നേറ്റ് അൽപം നടക്കുക

∙ പതിവായി വ്യായാമം െചയ്യുക

∙ ഫോൺ ഉപയോഗിക്കുന്നതിനു മിതത്വം പാലിക്കുക

വിരലുകൾ

തുടർച്ചയായി മൊബൈലിൽ കുത്തുന്നതു വിരലുകളുടെ സ്പർശന ശേഷി കുറയ്ക്കും. സംവേദന ക്ഷമതയേയും ഇതു ബാധിക്കും. തുടർച്ചയായി സന്ദേശങ്ങൾ ടൈപ്പ് ചെയ്യുന്നവർക്കു വിരലുകളിൽ വേദനയുണ്ടാകും. ഒരു വിരൽ മാത്രം സ്ഥിരമായി ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നവരിലാണ് ഈ പ്രശ്നങ്ങൾ. രണ്ടു തള്ളവിരലുകൾ ഉപയോഗിച്ചു മാറി മാറി ഗെയിം കളിക്കുന്നവരിലും സന്ദേശങ്ങൾ ടൈപ്പ് ചെയ്യുന്നവരിലാണു തള്ളവിരൽ വേദന കാണുന്നതെന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ ഓർത്തോപ്പീഡിക് വിഭാഗം ഡോ. സിറിൽ ജി. ചെറിയാൻ പറയുന്നു. ഇത്തരം പ്രശ്നങ്ങളുമായി വരുന്നവർക്കു കേൾവിക്കുറവും കണ്ടുവരാറുണ്ട്. ഫോൺ സ്ഥിരമായി വയ്ക്കുന്ന ചെവിയിലാണു കേൾവിക്കുറവും വേദനയുമുണ്ടാകുന്നത്.