സിനിമയ്ക്ക് മുന്‍വിധികള്‍ വേണ്ട: അനില്‍ രാധാകൃഷ്ണ മേനോന്‍

പാലക്കാട് : സിനിമയ്ക്ക് മുന്‍വിധികളാവശ്യമില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. കരിക്കിനേത്ത് സില്‍ക് വില്ലാജിയോ മനോരമ ഓണ്‍ലൈന്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സീസണ്‍ 4 ന്റെ ഭാഗമായി, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കോളജ് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ചലച്ചിത്രകാരന് തന്റെ ചുറ്റുപാടുകളോടും അവിടെയുള്ള ജീവിതങ്ങളോടും അവസാനിക്കാത്ത കൗതുകമുണ്ടാവണം. പറയാനുദ്ദേശിക്കുന്ന കാര്യം ഫലപ്രദമായി പ്രേക്ഷകനിലെത്തിക്കാനാവണം എന്നതാണ് സിനിമയുടെ ഏറ്റവും പ്രധാന നിയമം. അത് എങ്ങനെ പറയണം എന്നു തീരുമാനിക്കേണ്ടത് ഫിലിം മേക്കറാണ്. പ്രമേയത്തിന്റെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. പറയാനുദ്ദേശിക്കുന്നതിനെപ്പറ്റി വ്യക്തമായ ധാരണയും കൃത്യമായ തിരക്കഥയുമുണ്ടാവണം. ഒരുതരത്തില്‍ ക്രിയേറ്റീവ് മാനേജ്മെന്റാണ് സംവിധാനം. മുന്‍പേ പോയ മികച്ച ചലച്ചിത്രകാരന്മാരെപ്പറ്റിയും അവരുടെ സൃഷ്ടികളെപ്പറ്റിയും ചലച്ചിത്രവിദ്യാര്‍ഥികള്‍ അറിയേണ്ടതുണ്ട്. അത്തരം അറിവുകളുടെ പിന്‍ബലത്തിലൂടെയാണ് മികച്ച ചലച്ചിത്രകാരന്മാര്‍ രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ റോയ് ഫിലിപ്, വിദ്യാര്‍ഥി പ്രതിനിധി ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ പ്രസംഗിച്ചു.