നല്ല തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്: ബോബി സഞ്ജയ്

നല്ല തിരക്കഥയില്ലെങ്കില്‍ നല്ല സിനിമയുണ്ടാകില്ല. ലോക സിനിമയുടെ ചരിത്രം എടുത്താന്‍ നമുക്ക് അത് മനസിലാകും. നല്ല സംവിധായകന്‍ തിരക്കഥയുടെ പ്രാധാന്യം മനസിലാക്കുന്ന ആളായിരിക്കും. എന്ത് തിരക്കഥ കിട്ടിയാലും സിനിമ ചെയ്യുന്ന സംവിധായകനു ജോലിയോട് കൂറ് പുലര്‍ത്തുവാന്‍ സാധിക്കുകയില്ല. അവാര്‍ഡുകള്‍ ഒരിക്കലും കഴിവിന്റെ മാനദണ്ഡമല്ല. പത്മരാജന്‍, എംടി, ഡെന്നീസ് ജോസഫ് എന്നിവരുടെ തിരക്കഥകള്‍ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പോഴും പത്മരാജന്റെ തിരക്കഥള്‍ പാഠപുസ്തകം പോലെ ഞങ്ങള്‍ പഠിക്കുന്നു. ബോബി സഞ്ജയുടെ പ്രസക്തി കാലത്തിന് വിട്ടുകൊടുക്കുകയാണ് നല്ലത്.

 

സിനിമാ ലോകത്ത് വരുമ്പോള്‍ വിമര്‍ശനത്തിന് ചെവി കൊടുക്കാന്‍ മനസുണ്ടാകണം. ഇല്ലെങ്കില്‍ സിനിമാ ലോകത്ത് ഒരിക്കലും തുടരാന്‍ കഴിയുകയില്ല. ജനത്തിന് നമ്മളെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. സോഷ്യല്‍ മീഡിയയിലുടെ വിമര്‍ശിക്കുന്നവരോട് നീരസം തോന്നിയിട്ട് ഒരു കാര്യവുമില്ല. സിനിമയാണ് ഞങ്ങളുടെ ലോകം. സിനിമയല്ലാതെ മറ്റൊരു ചിന്തയും ഞങ്ങളുടെ മനസിലില്ല. സിനിമയോട് താത്പര്യം തോന്നിയത് മുതല്‍ ഞങ്ങള്‍ എഴുതി തുടങ്ങുകയായിരുന്നു. ഞങ്ങള്‍ കണ്ടുകൊണ്ടിരുന്ന സിനിമകള്‍ പോലെയാണ് ഞങ്ങള്‍ തിരക്കഥകള്‍ എഴുതിയിരുന്നത്. ആദ്യകാലത്ത് ഞങ്ങള്‍ മോശം തിരക്കഥകളാണ് എഴുതിരുന്നത്. എഴുതി എഴുതി ഞങ്ങള്‍ തിരക്കഥ എഴുതാന്‍ പഠിക്കുകയായിരുന്നു. വസ്തുതപരമായുള്ള തെറ്റുകള്‍ തിരക്കഥകളില്‍ വരാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്.