ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സീസൺ 4 : ഗ്രാന്‍ഡ് ഫിനാലെ 10ന്

ക്യാംപസിന്റെ സിനിമാ സ്വപ്നങ്ങള്‍ക്കു പുതുഭാവുകത്വം നല്‍കി മനോരമ ഓണ്‍ലൈനും യുവയും കരിക്കിനേത്ത് സിൽക്ക് വില്ലാജിയോയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 10ന് കോട്ടയം കെ. സി. മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. ചലച്ചിത്രരംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ജൂറി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ വിജയികളെ പ്രഖ്യാപിക്കും.

ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍, തിരക്കഥാകൃത്ത്, നടന്‍, നടി, വസ്ത്രാലാങ്കാരം, ഗ്രാഫിക്സ് ടൈറ്റില്‍, പോസ്റ്റര്‍, ഏറ്റവുമധികം എസ്എംഎസ് നേടുന്ന ചിത്രം എന്നിവയാണ് മല്‍സര വിഭാഗങ്ങള്‍. വിജയികള്‍ക്ക് അവാര്‍ഡ് ശില്‍പവും ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. 'മിസ്ഡ് കോള്‍' വിഷയമാക്കി നവംബര്‍ ഒന്നിനു ശേഷം നിര്‍മിച്ച ആറു മിനിട്ടില്‍ കവിയാത്ത ചിത്രങ്ങളാണ് മല്‍സരത്തില്‍ പരിഗണിച്ചത്.

ഒന്നാം സ്ഥാനം ലഭിക്കുന്ന ചിത്രത്തിന് 40,000 രൂപയും രണ്ടാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 25,000 രൂപയും മൂന്നാം സ്ഥാനം നേടുന്ന ചിത്രത്തിന് 15,000 രൂപയും സമ്മാനമായി ലഭിക്കും. അവസാന റൗണ്ടിലേക്കെത്തിയ തിരഞ്ഞെടുത്ത 20 ചിത്രങ്ങള്‍ രാവിലെ 10 മുതല്‍ പ്രദര്‍ശിപ്പിച്ചാണ് മേളയ്ക്കു തുടക്കം. ഉച്ചതിരിഞ്ഞു രണ്ടു മുതല്‍ അഞ്ചു വരെ നടക്കുന്ന പുരസ്കാര വിതരണ ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും.