അരുതേ കുട്ടികളെ തല്ലരുതേ, ഞെട്ടിക്കും ഈ പഠനം!
ഉപദേശിച്ച് മടുക്കുമ്പോൾ കുറുമ്പ് കാണിക്കുന്ന കുട്ടികളെ മാതാപിതാക്കൾ
അടികൊടുക്കുന്നത് സ്വാഭാവികമാണ്. പലർക്കും അറിയാം അടി കൊടുക്കുന്നത് നല്ല പ്രവണത അല്ലെന്ന്, പക്ഷേ അതല്ലാതെ എന്ത് ചെയ്യാം എന്ന് പല മാതാപിതാക്കള്‍ക്കും
അറിയില്ല. അടികൊടുക്കുക എന്നത് ഒരിക്കലും ഒരു പരിഹാര മാർഗമല്ല. ഫാമിലി റിസർച്ച് ലബോറട്ടറിയിലെ ഡോ മുറേ പറയുന്നത് ശ്രദ്ധേയമാണ്. അദ്ധ്യാപകരും
മാതാപിതാക്കളും ശിക്ഷിക്കുന്ന കുട്ടികൾ കൂടുതൽ ആക്രമസ്വഭാവമുള്ളവരായി മാറും എന്ന സുപ്രധാനമായ വിവരമാണ് അദ്ദേഹം നൽകുന്നത്. കൂടാതെ ഇത്തരം
കുട്ടികളിൽ ആത്മാഭിമാനം കുറയുകയും വിഷാദരോഗത്തിനടിമപ്പെടുകയും ചെയ്യാം. മാത്രമല്ല ഇങ്ങനെ ശിക്ഷിക്കപ്പെടുന്നവർ മുതിരുമ്പോൾ ചെറിയ വേതനം മാത്രമുള്ള
ജോലികളിലാണ് എത്തപ്പെടുന്നതെന്നുമാണ് ഞെട്ടിപ്പിക്കുന്ന പഠന വിവരം. കുട്ടികളെ തല്ലാതെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ രക്ഷകർത്താക്കളോട് അദ്ദേഹം
പറയുന്നത് ഇവയാണ്.
ശാന്തരാകാം
നൂറുകൂട്ടം പ്രശ്നങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴാകും കുട്ടിയുടെ അലമ്പ്, നിങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്നത് സ്വാഭാവികം.
അവർ എന്ത് കുറുമ്പ് കാണിച്ചാലും സ്വയം നിയന്ത്രിക്കുക. ഒന്നു മുതൽ പത്ത് വരെ മനസിൽ എണ്ണുക, അല്പ സമയം ശാന്തരായി നിൽക്കുക.
ആ സമയം അടിക്കുക എന്ന ശിക്ഷയല്ലാതെ മറ്റെന്ത് ചെയ്യാം എന്ന് ചിന്തിക്കുക.
റിലാക്സ് ചെയ്യാം
വീടും ജോലിയും കുട്ടികളെ നോക്കലും ഒക്കെയായി ആകെ തളർന്നിരിക്കുമ്പോഴാകും കുട്ടികള്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. മാതാപിതാക്കൾ വിശ്രമിക്കാനും വ്യായാമം ചെയ്യാനും
വിനോദത്തിനും മറ്റും സമയം കണ്ടെത്തണം. ഇത് നിങ്ങളുടെ പിരിമുറുക്കം കുറയ്ക്കുകയും ശാന്തമായി പ്രതികരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും.
ശാന്തമായി എന്നാൽ കർശനമായി പറയാം
എത്ര പറഞ്ഞാലും അനുസരിക്കാതെ വരുമ്പോഴാകും നമ്മൾ അടിച്ചു പോകുന്നത്. എന്നാൽ ഇനിമുതൽ പറഞ്ഞാൽ അനുസരിക്കാത്തപ്പോൾ അവരടെ
കണ്ണിൽ നോക്കി ശാന്തമായി എന്നാൽ കർശനമായി പറയാം അങ്ങനെ ചെയ്യരുതെന്ന്. അടിക്കുന്നതിനേക്കാളും വഴക്കു പറയുന്നതിനേക്കാളും ഗുണം ചെയ്യുമത്.
തിരഞ്ഞെടുക്കാൻ അവസരം കൊടുക്കാം
ഭക്ഷണ സമയത്ത് അതുമായി കളിക്കുകയാണെന്നിരിക്കട്ടെ, കർശനമായിത്തന്നെ രണ്ട് ഓപ്ഷന്‍ കൊടുക്കുക. ഒന്നുകിൽ കളി നിർത്തി ഭക്ഷണം കഴിക്കുക.
അല്ലെങ്കിൽ എഴുന്നേറ്റു പോകുക. ഭക്ഷണം കഴിക്കാൻ തോന്നുന്ന സമയത്ത് വന്ന് കഴിക്കാം എന്നും പറയാം.
പരിണതഫലം എന്താണെന്ന് പറഞ്ഞു കൊടുക്കാം
അയൽ വീട്ടിലെ ജനാലചില്ല്പൊട്ടിച്ച കുട്ടിക്ക് നിങ്ങൾ നല്ല അടികൊടുക്കും അല്ലേ? ചെയ്തത് തെറ്റാണെന്ന് അവിടെ അവന് മനസിലാകുന്നുണ്ടോ? ഇനി
ഇങ്ങനെ ഒരു കാര്യം ചെയ്താലും അത് ഒളിച്ചു വയ്ക്കാനേ അവൻ ശ്രമിക്കൂ. കൂടാതെ അവന് നിങ്ങളോട് ദേഷ്യവും തോന്നാം. അത് കൊണ്ട് ചെയ്ത
തെറ്റിന്റെ പരിണതഫലം എന്താണെന്ന് കർശനമായി പറഞ്ഞു മനസിലാക്കാം.
അവിടെ നിന്നും മാറി നിൽക്കാം
അടികൊടുക്കേണ്ട സാഹചര്യം വരുമ്പോൾ സ്വയം നിയന്ത്രിക്കുക, പതിയെ അവിടെ നിന്നും മറ്റൊരു മുറിയിലേയ്ക്ക് മാറാം. മനസ് ശാന്തമായതിന് ശേഷം
അവരോട് സംസാരിക്കാം.