കേറ്റ് രാജകുമാരിക്കും അൽപം പാടാ പേരൻറിംങ്

രാജകുമാരിക്ക് എന്ത് സുഖമായിരിക്കും, രണ്ട് കുട്ടികളുണ്ടെങ്കിലെന്താ? വീടു നിറയെ ജോലിക്കാരില്ലേ, കുട്ടികളുടെ കാര്യമൊക്കെ അവരാകും നോക്കുക. സാധാരണക്കാരുടെ ബുദ്ധിമുട്ടൊക്കെ ഈ കേറ്റ് രാജകുമാരിക്കറിയണോ, അവർക്കിങ്ങനെ കൊട്ടാരത്തിൽ സുഖമായി കഴിഞ്ഞാൽ മതിയല്ലോ! എന്നൊക്കെയാവും രാജകുമാരിയെന്ന അമ്മയെക്കുറിച്ചു പറയുമ്പോൾ നമ്മുെട മനസിൽ തോന്നുക അല്ലേ?

എന്നാൽ കേറ്റ് രാജകുമാരി പറയുന്നത്, എത്ര ജോലിക്കാരുണ്ടെന്നു പറഞ്ഞാലും കുട്ടികളുെട കാര്യം നോക്കൽ അല്പം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണെന്നാണ്. പ്രിൻസ് ജോർജിൻറേയും കുഞ്ഞ് ഷാർലറ്റ് രാജകുമാരിയുടെയും അമ്മ എന്ന ജോലി ശ്രമകരം തന്നെയാണെന്ന് കേറ്റ് തുറന്ന് സമ്മതിരിച്ചിരിക്കുകയാണ്. യു. കെ യിലെ ഒരു ചാരിറ്റി സംഘടന നടത്തിയ പരിപാടിയിലാണ് കേറ്റ് രാജകുമാരി തൻറെ പേരൻറിംങ് ആകുലതകൾ പങ്കുവച്ചത്.

രാജകുമാരി ആയാലും താൻ ഒരു സാധാരണ അമ്മയാണെന്ന് കേറ്റ് പറയുന്നു. മറ്റ് അമ്മമാരെപ്പോലെ മാനസികവും ശാരീരികവുമായ ധാരാളം ബുദ്ധിമുട്ടുകൾ താനും അനുഭിക്കുന്നുണ്ട്. "മാതൃത്വമെന്നത് തീർച്ചയായും മനോഹരമായ ഒന്നാണ്, പക്ഷേ അതിനായി ധാരാളം വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. ഒരു പക്ഷേ ഒരു കാര്യവും നമുക്ക് മുൻകൂട്ടി തയാറാകാൻ പറ്റിയെന്നുവരില്ല, എനിക്കുള്ളതു പോലെ പല അമ്മമാർക്കും വീട്ടിൽ സഹായികളുണ്ടാകണമെന്നില്ല. ഈ കാലകഘട്ടത്തിൽ പല തരം വികാരങ്ങളിലൂടെ ക‌ടന്നുപോകേണ്ടി വരും, അതായത് ചിലപ്പോൾ സന്തോഷത്തിൻറെ പാരമ്യം, മറ്റുചിലപ്പോൾ ഡിപ്രഷൻ, എന്തെന്നില്ലാത്ത ആകാംഷ, ടെൻഷൻ, കുട്ടിയോടുള്ള സ്നേഹം, ആകുലത. ഇങ്ങനെ പലതിന്റെയും ഒരു മിശ്രണമാണ് ഈ കാലഘട്ടം. മാതൃത്വമെന്നത് നിസാരമല്ലെന്ന് കേറ്റ് രാജകുമാരിയും സമ്മതിച്ചിരിക്കുകയാണ്.

കുട്ടിയുണ്ടായ ആദ്യ മാസങ്ങളിൽ, മിക്ക അമ്മമാര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നു പോലും അറിവുണ്ടാകില്ലെന്നും അവർ പറയുന്നു" ഇതിന് യാതൊരു സ്റ്റൈൽ ബുക്കുമില്ല, ഇവിടെ ശരിയും തെറ്റുമില്ല, കുടുംബത്തിനും കുട്ടിക്കും ഏറ്റയും അനുയോജ്യമായത് ചെയ്യുക മാത്രമാണ് ഇവിടുത്തെ ശരി. ആത്മവിശ്വാസമില്ലായ്മയും അറിവില്ലായ്മയും മൂലം ഞാനുൾപ്പെടെയുള്ള പല അമ്മമാരും പലതരം ആത്മസംഘർഷങ്ങളിലൂടെ കടന്നു പോകാറുണ്ട്. "

പത്തിൽ രണ്ട് അമ്മമാരും നവജാത ശിശുവിന്റെ ജനനം മുതൽ ആറ് ആഴ്ച വരെയുള്ള കാലം അതികഠിനമായ ഡിപ്രഷനിലൂടെ കടന്നുപോകുന്നവരാണ്. സാധാരണ പനിയോ മറ്റ് അസുഖങ്ങളോ വരുമ്പോൾ ഡോക്ടറെ കാണുന്നത് പോലെ ഇത്തരം സന്ദർഭങ്ങളിലും വൈദ്യസഹായം തേടണമെന്നും അവർ പറയുന്നു. മക്കളുടെ കാര്യം വരുമ്പോൾ രാജകുമാരിയെന്നോ സാധാരണ സ്ത്രീയെന്നോ ഒരു വ്യത്യാസവുമില്ലെന്ന് കേറ്റിൻറെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു.