ഓട്ടിസം ബാധിച്ച മകനോട് ഞാൻ ചെയ്ത എട്ടു തെറ്റുകൾ, ഒരമ്മയുടെ തുറന്നെഴുത്ത്!
കാത്തിരുന്നുണ്ടായ കണ്മണിക്ക് ഓട്ടിസം ഉണ്ടെന്നു അറിയുന്നത്
ഏത് മാതാപിതാക്കളെയും തളർത്തും. എന്നാൽ അതിൽ തളർന്നു പോകുന്നിടത്തല്ല, അവനെ അല്ലെങ്കിൽ അവളെ മറ്റേതൊരു സാധാരണകുട്ടിയെയും കാണുന്നത് പോലെ
കണ്ട്, ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്നിടത്താണ് ഒരച്ഛന്റെയും അമ്മയുടെയും വിജയം. ഓട്ടിസം ബാധിച്ച കുട്ടികൾ ഉള്ള മാതാപിതാക്കൾ അവരെ എങ്ങനെ കൈകാര്യം
ചെയ്യണം എന്ന് അറിയാതെ ഒരുപാട് തെറ്റുകളിൽ ചെന്ന് ചാടാറുണ്ട്. ഇവിടെ തന്റെ ഓട്ടിസം ബാധിച്ച മകനോട് അറിവില്ലായ്മകൊണ്ട് താൻ ചെയ്ത എട്ടു തെറ്റുകൾ അക്കമിട്ടു
നിരത്തുകയാണ് തൂലിക പ്രസാദ് എന്ന 'അമ്മ.
''ഞങ്ങളുടെ വീട്ടിൽ ആദ്യമായാണ് ഓട്ടിസം ബാധിച്ച ഒരു കുഞ്ഞു ജനിക്കുന്നത്. അതിനാൽ തന്നെ അവനെ എങ്ങനെ വളർത്തണം എന്നോ അവന്റെ
ആവശ്യങ്ങൾ എന്തെന്നോ മനസിലാക്കി എടുക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. മറ്റുകുട്ടികളെ അപേക്ഷിച്ച് അവൻ വളരെ പതുക്കെ മാത്രമേ കാര്യങ്ങൾ
ചെയ്യൂ എന്നകാര്യം പലപ്പോഴും ഞങ്ങൾ മറന്നു. മകന് ഓട്ടിസം ആണ് എന്ന് ഡോക്ടർമാർ വിധി എഴുതുന്നതിനു മുൻപും അതറിഞ്ഞശേഷവും അവനോടു
ഞാൻ ചെയ്ത എട്ടു തെറ്റുകൾ ഞാൻ എറ്റു പറയുകയാണ് , വേറൊരു അമ്മയ്ക്കും ഈ ഗതി ഉണ്ടാവാതിരിക്കാൻ.'' തൂലിക പറയുന്നു
1. അവൻ ഓട്ടിസം ബാധിച്ചവനാണ് എന്ന് ഒളിച്ചു വച്ചു
എന്റെ മകന് ഓട്ടിസം ബാധയുണ്ട് എന്ന് ബോധപൂർവം ഞാൻ മറച്ചു വച്ചു. അതിനെ പറ്റി സംസാരിക്കുവാനോ മറ്റൊരാൾ അത് അറിയാനോ ഞാൻ സമ്മതിച്ചില്ല. അതുകൊണ്ട് തന്നെ ഓട്ടിസം ബാധിച്ച ഒരു കുഞ്ഞിന്റെ പലകാര്യങ്ങളിലും ഉള്ള പ്രതികരണങ്ങൾ ഞാൻ അറിയാതെ പോയി. ഇതുകൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ.
2. വയസ്സിലും ബുദ്ധിയിലും ഉള്ള വ്യത്യസം കണക്കിലെടുത്തില്ല
ഏഴു വയസ്സ് പ്രായത്തിലും അവനു മൂന്നു വയസ്സിന്റെ ബുദ്ധിയാണുള്ളത് എന്ന് ഞാൻ ഗൗനിച്ചില്ല. ഏഴാം വയസ്സിൽ നഴ്‌സറി പാട്ടുകൾ കേൾക്കുകയും കാണുകയും ചെയ്യുന്ന അവനെ ഞാൻ ശകാരിച്ചു. നിർബന്ധിച്ച് മാറ്റാൻ ശ്രമിച്ചു. ഒരിക്കലും അവന്റെ ബൗദ്ധിക താളം മനസിലാക്കിക്കൊണ്ടുള്ള ഇടപെടൽ അല്ലായിരുന്നു അത്.
3. ഞങ്ങളുടെ ഇഷ്ടങ്ങൾക്കൊത്ത് അവനെ മാറ്റാൻ ശ്രമിക്കുക
ഞാൻ പലപ്പോഴും എന്റെ താൽപര്യങ്ങൾക്കനുസരിച്ച് അവനെ മാറ്റാൻ ശ്രമിക്കുകയായിരുന്നു. അതിനായി ഇന്റർനെറ്റിന്റെ സഹായം ഞങ്ങൾ തേടി. അവന്റെ താല്പര്യങ്ങൾ, വാശിക്ക് പിന്നിലെ കാര്യങ്ങൾ ഒന്നും മനസിലാക്കിയില്ല. ഇങ്ങനെ എല്ലാം ചെയ്യുന്നതിലൂടെ അവൻ ശരിയാകും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു എന്നതാണ് സത്യം.
4. അവൻ സ്മാർട്ട് അല്ല എന്ന് കരുതുക
അവന്റെ സമാന പ്രായത്തിലുള്ള കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ ഒന്നും അവൻ ചെയ്തിരുന്നില്ല. ആ ഒറ്റക്കാരണം കൊണ്ട് ഞങ്ങളുടെ മകൻ
സ്മാർട്ട് അല്ല എന്ന് ഞങ്ങൾ വിധിയെഴുതി. അവന്റെ അവസ്ഥ മനസിലാക്കാതെയാണ് ഞങ്ങൾ ഇങ്ങനെ വിധിയെഴുതിയത്.
5. അവന്റെ സ്വഭാവത്തിലെ വീഴ്ചകളെ സ്വഭാവ വൈകല്യമായി കണ്ടു
ഒരിക്കലും ഒരു സാധാരണകുട്ടി പെരുമാറുന്നത് പോലെ ഓട്ടിസം ബാധിച്ചകുട്ടി പെരുമാറില്ല. അത് അവന്റെ തെറ്റല്ല. അവനു സന്തോഷവും സങ്കടവുമെല്ലാം മാറി മാറി വരും . ഇതെല്ലം അവന്റെ ഭാഗത്തെ തെറ്റായി, സ്വഭാവവൈകല്യമായി ഞാൻ കണ്ടു, അവനെ തിരുത്താൻ ശ്രമിച്ചു.
6. അവൻ എന്നും അവന്റേതായ ലോകത്തായിരുന്നു
ഒരിക്കലും അവന്റെ താല്പര്യങ്ങൾ മനസിലാക്കി അവനോടൊപ്പം ആ തലത്തിലേക്ക് വരാൻ എനിക്കായില്ല. അവൻ അവനു ചുറ്റും അവന്റേതായ ഒരു ലോകം തീർത്ത് അതിൽ കഴിഞ്ഞു. അതും ഞാൻ ഒരു തെറ്റായാണ് കണ്ടത്
7. എല്ലാത്തിനും ഓട്ടിസം ഒരു മറയാക്കി
എന്റെയും മകന്റെയും പലവിധ വീഴ്ചകൾക്കും ഞാൻ ഓട്ടിസം ഒരു മറയാക്കി. അവനെക്കൊണ്ട് പലകാര്യങ്ങളും ഞാൻ ചെയ്യിച്ചില്ല , കാരണം അവൻ ഓട്ടിസ്റ്റിക്ക് ആയിരുന്നു എന്ന ചിന്ത. ഇത് അവനെ വളർത്തിയില്ല എന്നതാണ് സത്യം. അവന്റെ കുറവുകളെ എന്നും ഞാൻ ഓട്ടിസം എന്ന വിപത്തായി മാത്രം കണ്ടു
8. എല്ലാവരും ഇപ്പോഴും തന്നെ മനസിലാക്കണം എന്ന വാശി
കുഞ്ഞിന് ഓട്ടിസം ഉണ്ട് എന്ന് മനസിലാക്കിയ ശേഷം ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. ഒന്നിനോടും താല്പര്യമില്ലാതെ എല്ലാം വേണ്ടെന്നു വച്ച് കഴിഞ്ഞ ആ നാളുകളിൽ മകന്റെ ഓട്ടിസം ഒരു തണലായി ഞാൻ കണ്ടു. എല്ലാവരും എന്റെ അവസ്ഥ ഉൾക്കൊള്ളണം എന്ന വാശിയായിരുന്നു എനിക്ക്.