നല്ല നേതാക്കൻമാരിലാണ് ലോകത്തിന്റെ ഭാവി. എല്ലാമേഖലയിലും, എത് പ്രതിസന്ധികളിലും മുമ്പിൽ നിന്ന് നയിക്കാൻ ശക്തനായ ഒരു നേതാവ് വേണം. പലപ്പോഴും പ്രശ്നങ്ങളെ മുമ്പിൽ നിന്ന് നേരിടാനുള്ള കുട്ടികളുടെ താൽപര്യങ്ങളെ തഴയുകയും അവരെ പിന്നോട്ട് വലിക്കുകയും ചെയ്യുന്നത് മാതാപിതാക്കൾ തന്നെയാണ്. ലീഡർഷിപ്പ് എക്സ്പേർട്ടായ ഡോ. ടിം എൽമോർ ചുണ്ടികാണിച്ച കുട്ടികളെ നല്ല നേതാക്കൻമാരാകുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്ന മാതാപിതാക്കളുടെ ചില ശീലങ്ങൾ...
1. വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ നിന്ന് കുട്ടികളെ തടയുന്നത്
വെല്ലുവിളികളുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഓരോ ചുവടുവെയ്പുകളിലും അപകടം പതിയിരിക്കുന്നു. ഈ അപകടങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നും മക്കളെ സുരക്ഷിതരാക്കുവാനാണ് എല്ലാ മാതാപിതാക്കളും ആദ്യം ശ്രദ്ധിക്കുന്നത്. ഇത് മാതാപിതാക്കളുടെ കടമയുമാണ്. എന്നാൽ ഈ കരുതൽ അധികമായൽ അത് വെല്ലുവിളികൾ ഏറ്റെടുക്കുവാനും പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കാണാനുമുള്ള കുട്ടികളുടെ കഴിവിനെ ദോഷകരമായി ബാധിക്കും. പുറത്തിറങ്ങി കളിക്കുക, കളിയുടെ ഇടയിൽ വീണ് പരിക്ക് പറ്റുക, വീണിടത്തുനിന്ന് സ്വയം എഴുന്നേൽക്കുക തുടങ്ങിയ അനുഭവങ്ങളൊക്കെ ചെറുപ്പത്തിൽ നിഷേധിക്കപ്പെടുന്ന കുട്ടികൾക്ക് വളർന്നു കഴിഞ്ഞാലും പുറത്തിറങ്ങാനും സ്വയം കാര്യങ്ങൾ ചെയ്യുവാനുമുള്ള ഭയം നിലനിൽക്കുമെന്ന് ശാസ്ത്രജ്ഞൻമാർ പറയുന്നു.
2. മാതാപിതാക്കൾ വളരെ പെട്ടെന്നു തന്നെ കുട്ടികളുടെ രക്ഷയ്ക്കെത്തുന്നു
കുട്ടികൾ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടാൽ ഉടൻ അതിനുള്ള പരിഹാരവുമായി മാതാപിതാക്കൾ ഓടിയെത്തും. ഇത് സ്വയം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള കുട്ടികളുടെ കഴിവിനെ ദോഷകരമായി ബാധിക്കും. കുട്ടികൾ പരമാവധി ശ്രമിക്കട്ടെ. അവരെകൊണ്ട് സ്വയം കഴിയില്ല എന്ന് ഉറപ്പാകുന്ന സന്ദർഭത്തിൽ മാത്രം മാതാപിതാക്കൾ സഹായിക്കുക.
3. എപ്പോഴും കുട്ടികളെ പുകഴ്ത്തുന്നത്
കുട്ടികളെ ഇടയ്ക്കിടയ്ക്ക് പുകഴ്ത്തുന്ന ശീലം പല മാതാപിതാക്കൾക്കും ഉണ്ട്. അഭിനന്ദനം നല്ലതാണെങ്കിലും എപ്പോഴുമുള്ള പുകഴ്ത്തലുകൾ വിപരീത ഫലമായിരിക്കും ഉളവാക്കുന്നത്. മാതാപിതാക്കൾ മാത്രം തങ്ങളെ പുകഴ്ത്തുകയും മറ്റുള്ളവരാരും അത് ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ കുട്ടികൾ സ്വയം നിങ്ങളുടെ പുകഴ്ത്തലിന്റെ വിശ്വാസ്യതയെ കുറിച്ച് ചിന്തിച്ചു തുടങ്ങും. അഭിനന്ദനമർഹിക്കുന്ന കാര്യങ്ങളിൽ കുട്ടികളെ അഭിനന്ദിക്കാൻ മറക്കരുത്. വെറുതെയുള്ള പുകഴ്ത്തലുകൾ ഒഴിവാക്കുക.
4. തങ്ങൾക്ക് പറ്റിയ അബദ്ധങ്ങൾ കുട്ടികളുമായി പങ്കു വയ്ക്കാതിരിക്കുക
തെറ്റുകളും,പിഴവുകളും സാധാരണമാണെന്നും അതിനെ മറികടക്കുന്നിടത്താണ് വിജയമെന്നും കുട്ടികൾ പഠിക്കേണ്ടതുണ്ട്. മാതാപിതാക്കൾ കുട്ടിയുടെ പ്രായത്തിൽ ആയിരുന്നപ്പോൾ പറ്റിയ അബദ്ധങ്ങൾ മക്കളുമായി പങ്കുവയ്ക്കുക. ഇത് അബദ്ധങ്ങളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കും.
5. ബുദ്ധിയും കഴിവുകളുമാണ് പക്വത എന്ന തെറ്റിധാരണ
ബുദ്ധി ശക്തിയും കഴിവുകളും പലപ്പോഴും പക്വതയുടെ മാനദണ്ഡങ്ങളായി തെറ്റിധരിക്കപ്പെടാറുണ്ട്. എന്നാൽ പക്വത കുട്ടികൾ അനുഭവങ്ങളിൽ നിന്ന്സ്വയം ആർജിച്ചെടുക്കണമെന്നും നല്ലതും ചീത്തയുമായ അനുഭവങ്ങളൊന്നും കുട്ടികൾക്ക് നിഷേധിക്കപ്പെടെരുതെന്നും മാതാപിതാക്കൾ മനസിലാക്കണം.
6. പറയുന്നത് പ്രവർത്തിക്കാതിരിക്കുക.
നല്ല ഉപദേശങ്ങൾ മക്കൾക്ക് നൽകുന്നതുകൊണ്ട് മാത്രം കാര്യമില്ല. മാതാപിതാക്കളുടെ പ്രവർത്തി വാക്കുകളുമായി യോജിക്കുന്നതാവണം. അത് കണ്ട് പറയുന്നത് പ്രവർത്തിക്കാൻ മക്കളും പഠിക്കട്ടെ.