മക്കൾക്ക് നൽകാൻ കഴിയുന്ന വിലപ്പെട്ട സമ്മാനം!
മക്കൾക്കായി മാതാപിതാക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം എന്താണ്?
കൂടുതൽ ചിന്തിക്കേണ്ട കാര്യമില്ല. ഉത്തരം ഒന്നേ ഉള്ളു. വിദ്യാഭ്യാസം. പുതിയൊരു അധ്യയന വർഷം കൂടി പടിക്കലെത്തിയിരിക്കുന്നു. വിദ്യാസമ്പന്നരും ഉത്തമ പൗരന്മാരുമായി കുട്ടികളെ
വളർത്തിക്കൊണ്ട് വരുന്നതിന് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
∙ കഴിവില്ലാത്തവരായി ആരുമില്ല. കഴിവുകൾ തിരിച്ചറിയപ്പെടാതെ പോകുന്നു എന്നതാണ് സത്യം
കഴിവില്ലാത്തവരായി ആരുമില്ല. കഴിവുകൾ കണ്ടെത്താതെ പോകുന്നതുകൊണ്ടാണ് കഴിവില്ലാത്തവർ എന്ന് സമൂഹം പുറന്തള്ളുന്നവർ ഉണ്ടാകുന്നത്.
പലപ്പോഴും മറ്റുള്ളവരെ കണ്ടു പഠിക്കാനാണ് മാതാപിതാക്കൾ പറയുന്നത്. മറ്റുള്ളവരുമായി താരതമ്യം ചെയ്യലല്ല വേണ്ടത് ഓരോരുത്തരുടെയും കഴിവുകൾ
മനസിലാക്കി അവയെ പ്രോത്സാഹിപ്പിക്കുകയാണ്. അപ്പുറത്തെ വീട്ടിലെ കുട്ടിയെക്കാൾ കൂടുതൽ മാർക്ക് വാങ്ങണമെന്ന് പറഞ്ഞ് നിങ്ങൾ കളിക്കാൻ അനുവദിക്കാതെ
വീട്ടിൽ അടച്ചിരുത്തി പഠിപ്പിക്കുന്ന കുട്ടി ഒരു പക്ഷേ നാളെയുടെ സച്ചിൻ ആയിരിക്കാം.
∙ നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക
മക്കളോട് കടലോളം സ്നേഹമുള്ള മാതാപിതാക്കളാണ് നിങ്ങളെങ്കിലും അത് മക്കൾക്ക് അനുഭവപ്പെടുന്ന രീതിയിൽ പ്രകടിപ്പിച്ചില്ലെങ്കിൽ പിന്നെ
ആ സ്നേഹം കൊണ്ട് പ്രയോജനമില്ലാതാകും. മക്കൾക്കായി നിങ്ങൾ ഒരുക്കി നൽകുന്ന സുഖസൗകര്യങ്ങളെക്കാൾ അവർ കൊതിക്കുന്നത് മാതാപിതാക്കളുടെ
സാമീപ്യം ആവണം. മക്കൾ സ്നേഹിക്കുന്നത് നിങ്ങളുടെ പണത്തേക്കാൾ ഏറെ നിങ്ങളെ ആവണം. അതിനായി കൂടുതൽ സമയം മക്കളുടെ കൂടെ ചെലവഴിക്കാനായി മാറ്റി വയ്ക്കണം.
∙ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുക
പ്രായത്തിനൊത്തുള്ള ഉത്തരവാദിത്തങ്ങൾ മക്കളെ തന്നെ ഏൽപിക്കുക. പുസ്തകങ്ങള്‍ ടൈം
ടേബിൾ അനുസരിച്ച് അടുക്കി വയ്ക്കുക. റൂം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ ശീലങ്ങളൊക്കെ ചെറുപ്പും മുതൽ തന്നെ അവർ പരിശീലിക്കട്ടെ. അല്പം കൂടി മുതിർന്ന കുട്ടികൾക്ക്
അവരുടെ പ്രായത്തിന് അനുസരിച്ച് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപിച്ചു നൽകാവുന്നതാണ്.
∙ അധ്യാപകരുമായും സ്കൂളുമായും ബന്ധം പുലർത്തുക
കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇടയ്ക്കൊക്കെ നേരിട്ട് പോയി കുട്ടിയെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരെയും കണ്ട് സംസാരിക്കുന്നത് നല്ലതാണ്.
അധ്യാപകരെക്കുറിച്ച് നല്ലൊരു ഇമേജ് കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കി എടുക്കാനും മാതാപിതാക്കൾ ശ്രമിക്കണം.
∙ മക്കളുടെ മുമ്പിലെ ഏറ്റവും നല്ല ഉദാഹരണമായിരിക്കണം മാതാപിതാക്കൾ
പറഞ്ഞു കേൾക്കുന്നതിലധികം കുട്ടികളുടെ മനസ്സിൽ പതിയുന്നത് അവർ കാണുന്നവയാണ്. അതിനാൽ തന്നെ മാതാപിതാക്കൾ പറയുന്നതൊക്കെ
പ്രാവർത്തികമാക്കി കാണിക്കുവാനും മാതാപിതാക്കൾക്ക് കഴിയണം. മക്കളുടെ റോൾ മോഡലുകളായിരിക്കണം മാതാപിതാക്കൾ.
∙ പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്ന് പഠിപ്പിക്കുക.
വിജയം മാത്രമല്ല, പരാജയവും ജീവിതത്തന്റെ ഭാഗമാണെന്ന് കുട്ടികൾ മനസിലാക്കേണ്ടതുണ്ട്. വിജയത്തിൽ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ പരാജയങ്ങളെ ധീരതയോടെ നേരിടാനും
കുട്ടികളെ പഠിപ്പിക്കണം. ഒരിക്കലും തോൽക്കാത്തവൻ ഒന്നും ചെയ്യാത്തവനാണെന്ന് അവർ പഠിക്കട്ടെ.