മാതാപിതാക്കൾ കേൾക്കണം മോഹൻലാലിന്റെ ഈ വാക്കുകൾ

മാതാപിതാക്കളുടെ സ്വപ്നങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കാനുള്ള പ്രവണത സർവ സാധാരണമാണ്. എന്നാൽ ഇത് പലപ്പോഴും വിപരീത ഫലമായിരിക്കും ഉളവാക്കുക. നിങ്ങൾ കരുതിയതിലേറെ കഴിവുള്ളവരായിരിക്കും നിങ്ങളുടെ മക്കൾ. പക്ഷേ ആ കഴിവുകൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത മറ്റ് മേഖലകളിൽ ആണെങ്കിലോ?

'അപ്പു ആരാകണമെന്നല്ല, ആരാകരുതെന്നാണ് ഞാൻ ആഗ്രഹിച്ചത്'. മകനെ കുറിച്ച് ഒരച്ഛന്‍ ആഗ്രഹിച്ചത് ഇത്ര മാത്രമായിരുന്നു. ആ അച്ഛനെ നിങ്ങളറിയും. മകനെയും. മോഹൻലാൽ എന്ന അച്ഛന്റെ ഈ വാക്കുകൾ എല്ലാ മാതാപിതാക്കൾക്കുമായുള്ള ഒറ്റവരി ഉപന്യാസമാണ്.

സ്കൂൾ പഠനവും അതിന് ശേഷം ട്യൂഷൻ ക്ലാസുകളും ഒക്കെയായി നിങ്ങൾ പഠനത്തിൽ മാത്രം തളച്ചിടുന്ന ഒരു കുട്ടി. പാട്ടു കേൾക്കാനുള്ള, സിനിമ കാണാനുള്ള അവന്റെ ആഗ്രഹങ്ങളെ, 'പോയിരുന്ന് വല്ലതും പഠിക്കെടാ' എന്ന് നിങ്ങൾ തടയുമ്പോൾ ഒരുപക്ഷേ ഇല്ലാതാകുന്നത് നാളത്തെ എ.ആർ റഹ്മാനോ, നന്ദിതാ ദാസോ ആയിരിക്കാം. പാഠപുസ്തകത്തിനപ്പുറമുള്ള മറ്റ് വായനകൾ തടയുമ്പോൾ നിങ്ങൾ ഇല്ലാതാക്കുന്നത് നാളയുടെ ഒരെഴുത്തുകാരനെയാവാം.

ഹ്യുമാനിറ്റിക്സ് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടിയോട് വേണ്ട സയൻസ് മതി എന്ന് പറയുമ്പോൾ, മലയാളം പഠിക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടിയോട് വേണ്ട നീ ഇംഗ്ലീഷിൽ ഡിഗ്രി എടുത്താൽ മതിയെന്ന് പറയുമ്പോൾ നിങ്ങൾ കുട്ടിയുടെ ഭാവി കെട്ടിപടുത്തുയർത്തുകയല്ല, തച്ചുടയ്ക്കുകയാണ് എന്ന് മനസ്സിലാക്കുക.

അവർ വളരട്ടെ. അവരുടെ ഇഷ്ടത്തിന് അനുസരിച്ച്. ഇനി മോഹൻലാൽ പറഞ്ഞതിലെ രണ്ടാമത്തെ കാര്യം. അവൻ എന്ത് ആകരുത് എന്ന് ഓരോ മാതാപിതാക്കളും സ്വപ്നം കാണണം. ആദ്യം അവനവനെ സ്നേഹിക്കാനും ബഹുമാനിക്കാനും മക്കളെ പഠിപ്പിക്കുക. മദ്യം മയക്കുമരുന്ന് തുടങ്ങി സ്വയം നാശത്തിലേക്ക് നയിക്കുന്ന ഒന്നിനും അവർ അടിമ ആകാതിരിക്കാൻ അത് സഹായിക്കും. രണ്ടാമതായി മറ്റു മനുഷ്യരെയും എല്ലാ ജീവനെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുക. ഇത് മറ്റുള്ളവരോടും സമൂഹത്തോടും മാന്യമായി പെരുമാറാൻ അവനെ പ്രാപ്തനാക്കും.