മിണ്ടാനും കേൾക്കാനും നേരമില്ലാതായാൽ...

ഡോ. സി.ജെ. ജോൺ

cjjohndr@gmail.com

ഞാനും എന്റെ ഭാര്യയും വലിയ തിരക്കുള്ള ജോലിക്കാരാണ്. ഏക മകന് പതിമൂന്നു വയസ്സായി. ആഗ്രഹിക്കുന്നതും അവന് ഇഷ്ടമുള്ളതുമൊക്കെ ഞങ്ങൾ വാങ്ങിക്കൊടുക്കാറുണ്ട്. പഠനം ഉൾപ്പെടെ എല്ലാ കാര്യങ്ങളും നോക്കാനായി വിദ്യാസമ്പന്നയായ ആയയെ നിയോഗിച്ചിട്ടുണ്ട്. ഞങ്ങൾക്ക് അധികനേരം ചെലവഴിക്കാൻ സാധിക്കുന്നില്ല. ആ പോരായ്മ പരിഹരിക്കാനുള്ളതെല്ലാം ചെയ്തിട്ടും അവന് ഞങ്ങളോട് അകൽച്ചയാണ്. ഇപ്പോൾ അകാരണമായി ദേഷ്യപ്പെടുകയും ചെയ്യും. ഞങ്ങള്‍ കഷ്ടപ്പെടുന്നത് അവനുവേണ്ടിയാണെന്നു തിരിച്ചറിയുന്നില്ല. എന്താണു ചെയ്യേണ്ടത്?

എസ്.എൻ., മുംബൈ

മകനുമായി സ്നേഹത്തോടെ ഇടപെടാനും അവനോടു മിണ്ടാനും അവൻ പറയുന്നതു കേൾക്കാനും പറ്റാത്ത വിധത്തിലുള്ള തിരക്കിൽപെട്ടുപോയ മാതാപിതാക്കളാണിവർ. ഇതുപോലെയുള്ള തിരക്കില്ലെങ്കിൽപോലും മക്കളോടൊത്തു നേരം ചെലവഴിക്കാത്ത മാതാപിതാക്കൾ അനവധിയുണ്ട്. ചെയ്തുകൊടുക്കുന്ന കാര്യങ്ങളുടെയും വാങ്ങിക്കൊടുത്ത സമ്മാനങ്ങളുടെയും പഠനം കേമമാക്കാനായി ഒരുക്കിക്കൊടുത്ത ട്യൂഷനുകളുടെയും നീണ്ട ലിസ്റ്റാണ് സ്നേഹത്തിന്റെ സാക്ഷ്യമായി ഇവർ പറയാറുള്ളത്. എല്ലാം ചെയ്തിട്ടും അകൽച്ചയാണെന്നും, അകാരണമായി ദേഷ്യപ്പെടുകയാണെന്നുമാണ് ഈ മാതാപിതാക്കളുടെ പരാതി. എന്നെ ഇവർ സ്നേഹിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുകളും ഇനിയുണ്ടാകാം. ഇളംമനസ്സിനെ സ്വാധീനിക്കുകയും ഓർമയിൽ കുറിച്ചുവയ്ക്കപ്പെടുകയും ചെയ്യുന്ന സ്നേഹത്തിന്റെ ഒരു അനുഭവതലം സൃഷ്ടിക്കാതെ എന്തു ചെയ്തിട്ടും കാര്യമില്ല. വളർത്തലിൽ പല മാതാപിതാക്കളും പരാജയപ്പെടുന്നത് ഇതുകൊണ്ടാണ്.

എന്തിനാണ് ഇവര്‍ ശ്വാസംവിടാതെ പണിയെടുക്കുന്നത്? മകന്റെ നല്ല ഭാവിക്കായി ധനമുണ്ടാക്കുകയെന്നത് ഒരു ലക്ഷ്യമായിരിക്കും. അവൻ ആഗ്രഹിക്കുന്നതൊക്കെ വാങ്ങിക്കൊടുക്കാനും പണം വേണം. പരിചരിക്കാനും പഠിപ്പിക്കാനുമുള്ള ആയയ്ക്കും കൊടുക്കണം കാശ്. ഇവർക്കു സ്നേഹമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, ഇവനു മാതാപിതാക്കളുടെ സാന്നിധ്യവും സമയവും കൂടി വേണം. അതു സാധ്യമാകാതെ പോകുന്നതിന്റെ യുക്തിയോ, സാമ്പത്തികശാസ്ത്രമോ അവനറിയേണ്ട. ലഭിക്കുന്ന ആഡംബരവസ്തുക്കളും സൗകര്യങ്ങളും അതിനു പകരമാവില്ല. ഉപയോഗിച്ച് ഉപേക്ഷിക്കുന്നതോടെ ഓര്‍മയിൽനിന്ന് അതൊക്കെ മറയാം. എന്നാല്‍ മാതാപിതാക്കളുമൊത്തു ചെലവഴിക്കുന്ന നല്ല നേരങ്ങൾ ആനന്ദകരമായ അനുഭവങ്ങളുമായി മനസ്സിൽ ശേഖരിക്കപ്പെടും. നല്ല സ്വഭാവ രൂപീകരണത്തിലേക്കുള്ള പടവുകളായി അവ തീരും. ഇത്തരം നല്ല വേളകൾ ഇല്ലാതെ വളരുന്ന കുട്ടികൾ വ്യക്തിത്വ വൈകല്യങ്ങളിലേക്കാണു പോകുന്നത്.

മാതാപിതാക്കൾ കുട്ടികൾക്കു സമ്മാനിക്കേണ്ടത് ഊഷ്മളങ്ങളായ അനുഭവങ്ങളാണ്. ഒരുമിച്ചുള്ള ചെറിയ യാത്രകൾ, അവരോട് ഒത്തുചേർന്നുള്ള കളികൾ, കഥ പറഞ്ഞു കൊടുക്കൽ, കൂട്ടുചേർന്നു തമാശ ചൊല്ലി വീട്ടുജോലികൾ ചെയ്യൽ– അങ്ങനെ എന്തുമാകാം. പഠനകാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ മാത്രമൊതുക്കി ഇടപെടലുകൾ വിരസമാക്കരുത്. മകന്റെ വ്യക്തിത്വം തകരാറിലാവുകയും അവനുമായുള്ള അടുപ്പം നഷ്ടമാവുകയും ചെയ്താൽ പിന്നെ ഈ കൊട്ടക്കണക്കിനു സമ്പാദ്യംകൊണ്ട് എന്തു പ്രയോജനം? അതുകൊണ്ട് ഇനി ഊഷ്മളനേരങ്ങളും നൽകാം.