ഒരു വയസ്സുകാരുടെ മാതാപിതാക്കൾ അറിയാൻ

ഒരു വയസ്സെന്നു പറയുന്ന കാലഘട്ടം ഏറ്റവും മനോഹരവും അതേ സമയം തന്നെ വെല്ലുവിളിയേറിയതുമാണ് (ഞങ്ങൾക്കല്ല നിങ്ങൾക്ക്!). ആദ്യചുവടുകൾ വയ്ക്കുന്ന കാലമാണിത്. കൊഞ്ചിക്കൊഞ്ചി കുഞ്ഞുവാക്കുകൾകൊണ്ട് നമ്മെ സന്തോഷിപ്പിക്കുകയും കുഞ്ഞു കുസൃതികൾ കാട്ടാൻ തുടങ്ങുകയും ചെയ്യുന്ന കാലം. ഒരുപാടു കരുതൽ വേണം ഇവരെ നോക്കാൻ. മാതാപിതാക്കൾക്ക് പിരുമുറുക്കങ്ങളുടേയും ടെന്‍ഷന്റെയും കൂടെ സമയമാണിത്. ഒന്നാം വയസ്സുകാർ നിങ്ങളെ മുൾമുനയിൽ നിർത്തുമെന്നുള്ളതിൽ ഒരു സംശയവും വേണ്ട. ഒരു വയസ്സുകാരുടെ രക്ഷിതാക്കൾക്ക് നന്നായി മനസിലാകും താഴെ പറയുന്നവ.

1.എപ്പോള്‍, എത്ര തവണ വേണമെങ്കിലും ഞങ്ങൾ ഒന്നും രണ്ടും സാധിക്കും. ആവശ്യത്തിന് തുണികളും ടിഷ്യു പേപ്പറുകളും കരുതിക്കോ!

2. ചെറിയ കല്ലുകളും കളിപ്പാട്ടങ്ങളുടെ പൊട്ടിയ കക്ഷണങ്ങളുമൊക്കെ ഞങ്ങളുെട കൈയ്യിലും വായിലും ഒളിപ്പിക്കാൻ എളുപ്പമാ...അതൊക്കെ അവിടേം ഇവിടേം ഒന്നുമിടല്ലേ..

3. ഫോണിൻറെ ചാർജർ, കമ്പ്യൂട്ടർ വയറുകൾ തുടങ്ങിയ പിടിച്ചു വലിക്കാനൊക്കെ നല്ല രസമാ..

4. ടോയ്​ലറ്റിൽ ഓരോന്ന് വലിച്ചെറിയുന്നതിനേക്കാൾ വലിയ സന്തോഷം വേറെയുണ്ടോ?

5. അടങ്ങിയിരിക്കാത്തതു കൊണ്ട് ഞങ്ങളെയൊന്ന് കുളിപ്പിച്ചെടുക്കാൻ പെടാപ്പാട് തന്നെ വേണ്ടിവരും

6. വെറുതെ ഓരോ ശബ്ദമുണ്ടാക്കുന്നതിനൊപ്പം തുപ്പല് തെറുപ്പിക്കാൻ വല്യ ഇഷ്ടാണേ, പ്രത്യേകിച്ച് എടുത്തിരിക്കുന്നവരുടെ മുഖത്തേയ്ക്ക് തന്നെ തെറുപ്പിക്കാന്‍ നല്ല രസമാ...

7. എന്താന്നറിയില്ല താക്കോൽ ഞങ്ങൾക്കൊരു വീക്ക്നെസാ... എവിെട കണ്ടാലും അത് കൈക്കലാക്കിയിരിക്കും.

8. കഴിക്കുന്നതിൽ പാതിയും നിലത്തോ ഉടുപ്പിലോ തന്നെ കാണും കേട്ടോ!

9. അമ്മയ്ക്കുമാത്രം മനസിലാകുന്ന കുഞ്ഞു വാക്കുകളിലൂടെ ഞങ്ങൾ ആവശ്യങ്ങൾ അവതരിപ്പിക്കും, മനസിലായില്ലെന്ന് മാത്രം പറഞ്ഞേക്കരുത്.

10. വാതിലുകൾ അടച്ചിട്ടോണം, ഞങ്ങൾ നിരങ്ങി എങ്ങോട്ടെങ്കിലും പോയ്ക്കളയും കേട്ടല്ലോ, അതുപോലെ എങ്ങനാന്നറിയില്ല പടികൾ കയറാൻ ഒരു പ്രത്യേക കഴിവു തന്നെയുണ്ട്.

11.അതേ ഈ പേനയുടെ ക്യാപ്പ് തുറക്കലും അടയ്ക്കലും ഒരു പ്രത്യക കലയാണ്. തക്കം കിട്ടിയാൽ അടപ്പ് വായിലാക്കാനും ഞങ്ങൾക്കറിയാം.

12.വലിപ്പുകളും കബേഡുകളുമൊക്കെ തുറന്നടയ്ക്കൽ ആഹാ... അതൊരു കളിതന്നെയാണേ...

13.ഞങ്ങൾക്കെത്ര കളിപ്പാട്ടങ്ങളുണ്ടെങ്കിലും മറ്റു കുട്ടികളുടെ കളിപ്പാട്ടം കാണുമ്പോ എന്താന്നറിയില്ല അതു തന്നെ വേണമെന്നു തോന്നും, അതിനായി വാശി പിടിച്ചു കരയാനും നല്ല മിടുക്കാ..

14. അതേ പറഞ്ഞില്ലെന്ന് വേണ്ട ഈ കളർ പെൻസിലൊന്നും അവിടേം ഇവിടേം വച്ചേക്കരുത്, കിട്ടിയാൽ പുത്തൻ പെയ്ൻറടിച്ചതാന്നൊന്നും നോക്കൂല്ല നല്ല കിടിലൻ പടം ഞങ്ങൾ വരച്ചിരിക്കും.

15. ഈ 'നോ' എന്ന വാക്ക് പഠിച്ചുകഴിഞ്ഞാൽ പിന്നെ എന്തിനും ഏതിനും ഞങ്ങളതെടുത്തങ്ങ് പ്രയോഗിക്കും.

16. നാപ്പി അഴിക്കാനൊക്കെ ഞങ്ങൾക്ക് നന്നായിട്ട് അറിയാം

17. കസേരയിലും സെറ്റിയിലുമൊക്ക് വലിഞ്ഞ് കേറി അഭിമാനത്തോടെ ഇങ്ങനെ ഇരിക്കാൻ എന്ത്് ആത്മസംതൃപ്തിയാണെന്നോ. നിങ്ങൾ വേണം സൂക്ഷിക്കാൻ ഇല്ലേൽ ചിലപ്പോ താഴെ വീണന്ന് വരാം.

18.ഫോണിലും ടിവിലുമൊക്കെ നല്ല പാട്ടും ജിങ്കിൾസും ഒക്കെ കേട്ടാൽ അറിയാതെ ഞങ്ങൾ സ്റ്റെപ്പിടും, അതുകൊണ്ട് പെട്ടെന്ന് ചാനൽ മാറ്റിയേക്കരുത് പറഞ്ഞേക്കാം.

19. കുരുത്തക്കേടിന് വഴക്ക് പറഞ്ഞാൽ ഞാനൊന്നുമറിഞ്ഞില്ലേയെന്ന കള്ളച്ചിരികൊണ്ട് സോപ്പിടാൻ പ്രത്യേക മിടുക്കുണ്ട് ഞങ്ങൾക്ക്.

20. വിശന്നാൽ ചിലപ്പോള്‍ അമ്മമ്മം ചോദിച്ചുവാങ്ങാനും അറിയാമേ..അപ്പോത്തന്നാൽ നിങ്ങൾക്കുകൊള്ളാം. പിന്നെ കഴിക്കാൻ പറഞ്ഞേക്കരുത്.