കുട്ടികളുടെ മനസ്സറിയാം ബ്ലൂ വെയിൽ കുടുക്കിൽ വീഴാതെ മക്കളെ വളർത്താം

ഡോ:സി .ജെ .ജോൺ

പതിന്നാലു വയസ്സുള്ള എന്റെ മകൻ പലപ്പോഴും സ്വകാര്യമായി മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ട്.അവൻ ബ്ലൂ വെയിൽ കളിയിൽ പെടുമോയെന്നാണ് പേടി? ഈ കളിയിൽ പെട്ട് പോയാൽ അവൻ ആത്മഹത്യ ചെയ്യില്ലേ? ഞങ്ങൾ ഇപ്പോൾ ഫോൺ കൊടുക്കാറില്ല

-ജെ .വി, കടക്കൽ

ഒരു കൗമാരപ്രായക്കാരൻ ആത്മഹത്യ കളിയായോ കാര്യമായോ തിരഞ്ഞെടുക്കണമെങ്കിൽ അതിനുള്ള ഒരു മാനസികാവസ്ഥ അതിനു മുൻപേ രൂപപ്പെട്ടിട്ടുണ്ടാകണം.അത്തരം ഒരു മനസ്സു ഉണ്ടാകാതിരിക്കാനാണു ശ്രദ്ധിക്കേണ്ടത്. പേടിക്കാതെ ജാഗ്രത പാലിക്കുകയാണു വേണ്ടത്. സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിയാനുള്ള ജാഗ്രത പുലർത്തണം.തിരിച്ചറിയാവുന്ന പല മാറ്റങ്ങളും ഒരു കാല പരിധിയിൽ വരുത്തിയ ശേഷമാണ് ബ്ലൂ വെയിൽ ദുരന്തം സൃഷ്ടിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.നിരീക്ഷണം കുറയുന്നതും, മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടും  വേണ്ട രീതിയിൽ ഇടപെടാത്തതും കൗമാര ചൂഷണങ്ങളിൽ പതിവായി കാണുന്ന കാര്യങ്ങളാണ്.

കൗമാരമനസ്സിൽ നോവുകൾ കുരുത്തു വരുന്നുണ്ടോയെന്നു തുടക്കത്തിലേ അറിയാനുള്ള ഉൾക്കണ്ണുകൾ വേണം.ഓൺലൈനിലെ ഒരു അപരിചിതനോ, യഥാർഥ ലോകത്തെ ചൂഷകനോ അതു മനസ്സിലാക്കും മുൻപേ അറിയുകയും വേണം. തിരിച്ചറിഞ്ഞാൽ സ്നേഹത്തോടെയും കുറ്റപ്പെടുത്താതെയും കേൾക്കാൻ സമയം നൽകാം.തടയൽ അങ്ങനെയേ നടക്കൂ. മനസ്സിനു ദുർബലതയുണ്ടാക്കുന്ന വിഷാദത്തിന്റെ നീലിമ കൗമാരത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന ശാസ്ത്ര നിരീക്ഷണത്തെ ഈ ബ്ലൂ വെയിൽ വാർത്തകൾ അടിവരയിട്ടു സാക്ഷ്യപ്പെടുത്തുന്നു.സ്വയം ഉയിരെടുക്കാനുള്ള പ്രലോഭനമോ സമ്മർദമോ അവർ ഇങ്ങനെ ഏറ്റെടുക്കുന്നതും അതു കൊണ്ട് കൂടിയാകണം.അതിനാൽ കൗമാര വിഷാദത്തെ മനസ്സിലാക്കുന്ന കാര്യത്തിലും വേണം ഇനി ജാഗ്രത മാനസികാരോഗ്യ സഹായം നൽകുന്നതിലും മടി കാട്ടേണ്ട.

നവ സാങ്കേതികവിദ്യകൾ കൗമാരപ്രായക്കാരുടെ മുൻപിൽ തുറന്നിടുന്ന അപകടകരമായ സാഹസികതകൾക്കും വിനോദാനുഭവങ്ങൾക്കും പകരമായി എന്താണ് അവർക്കു നൽകുന്നതെന്ന ആത്മ പരിശോധന നടത്താം. നല്ല വായനകളിലേക്കു പ്രേരിപ്പിക്കുന്നുണ്ടോ? പേശിയിളക്കിയുള്ള കളികൾക്കു പ്രോത്സാഹനം നൽകുന്നുണ്ടോ?പഠ്യേതര അഭിരുചികൾ ആവിഷ്‌കരിക്കാനുള്ള സാഹചര്യം നൽകുന്നുണ്ടോ? മിക്കവാറും എല്ലാവരും തല താഴ്ത്തി ഇലക്ട്രോണിക് സ്‌ക്രീനിൽ കണ്ണും നട്ടുള്ള ഇരിപ്പാണ്. കുട്ടികളും ആ വഴിയേ പോകുന്നു. ഒപ്പമിരുന്ന് ഒരു ചെറിയ ഉത്തേജനം നൽകിയാൽ കുട്ടികൾ ആസ്വദിക്കാനിടയുള്ള മറ്റു പലതുമുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കാനുള്ള ക്ഷമയും നേരവും മാതാപിതാക്കൾക്കും അധ്യാപകർക്കുമില്ല. ബ്ലൂ വെയിൽ ഗെയിം ഈ ശൂന്യതയിലേക്കു കടന്നു കയറുന്ന ഓൺലൈൻ ചൂഷണങ്ങളുടെ ഒരു പ്രതീകം മാത്രമാണ്.

നല്ല കുടുംബ ബന്ധങ്ങളുടെ തണൽ നൽകുക. ബദൽ സാമൂഹിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക.വളർത്തു മേന്മയുടെ ഊർജം നൽകി ഓൺലൈനിലും അല്ലാതെയുമുള്ള ചൂഷണങ്ങളിൽനിന്നു സ്വയം സംരക്ഷിക്കാനുള്ള ശേഷി നൽകുക.കുഴപ്പങ്ങളിൽ ചാടുന്നുവെന്ന ഭീതി തോന്നുമ്പോൾ തുറന്നു പറഞ്ഞാൽ കുറ്റപ്പെടുത്തുന്ന നിലപടുണ്ടാകില്ലായെന്ന വിശ്വാസം വളർത്തുക. ഓൺലൈനിലെ ഉള്ളടക്കങ്ങളിലെയും,അതു വഴി ഉണ്ടാകുന്ന ബന്ധങ്ങളിലെയും ആപൽസാധ്യതകൾ മനസ്സിലാക്കി ഉത്തരവാദിത്തത്തോടെ ഉപയോഗിപ്പിക്കാൻ ശീലിപ്പിക്കണം.അകറ്റി നിർത്തി അപകടം ഇല്ലാതാക്കാൻ പറ്റില്ല.വീട്ടിൽ നിന്നല്ലെങ്കിൽ മറ്റൊരിടത്തു നിന്നു കുട്ടികൾ ഇതൊക്കെ പ്രയോഗിക്കും.സ്വാതന്ത്ര്യത്തിനുള്ള കൗമാരാഭിനിവേശത്തിൽ ഇടപെടുന്നുവെന്ന തോന്നൽ ഉണ്ടാക്കാതെയുള്ള സ്‌നേഹപൂർവമായ മേൽനോട്ടവും നിയന്ത്രണവും നടപ്പിലാക്കുക.ഇങ്ങനെയുള്ള രക്ഷിതാവായി മാറിയാൽ ബ്ലൂ വെയിൽ ഉൾപ്പെടെയുള്ള കുടുക്കുകളിലൊന്നും മക്കൾ പെടുമെന്ന പേടിയില്ലാതെ ജീവിക്കാം.