കുട്ടികളിലെ വാർത്താവായന ശീലവും പൊതു വിജ്ഞാനവും വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മനോരമഒാൺലൈനും ഓൺമനോരമയും സംഘടിപ്പിച്ച വാർത്താവായന മത്സരം ഉയർന്ന നിലവാരം പുലർത്തി. കോട്ടയത്തെ വിവിധ സ്കൂളുകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഓരോ ആഴ്ചകളിലായി നടത്തിയ കുട്ടിവാർത്ത മത്സരത്തിൽ പന്ത്രണ്ട് സ്കൂളുകളാണ് മാറ്റുരച്ചത്.

കുട്ടികളിൽ വാർത്താവായന ശീലം കുറയുന്നു എന്ന പരാതികൾക്കെല്ലാമുള്ള ഒരു മറുപടികൂടെയാണീ കുട്ടികൾ. ഓരോകുട്ടിയും വാർത്താ വായനയിൽ മികച്ച നിലവാരമാണ് പുലർത്തിയത്. വാർത്തകൾ തിരഞ്ഞെടുക്കാനും കുട്ടികളെ ഒരുക്കാനും അതാത് സ്കൂളുകളിലെ അധ്യാപകരും സഹായിച്ചു.

മലയാളത്തിലും ഇംഗ്ളീഷിലുമായാണ് ഈ വാര്‍ത്താവായന മത്സരം നടത്തിയത്. എസ് എഫ് എസ് പബ്ളിക് സ്കൂൾ ആൻഡ് ജൂനിയർ കൊളേജിലെ ഐവി ട്രീസ സിബി മലയാളത്തില്‍ ഒന്നാം സ്ഥാനം കരസ്തമാക്കി. അതേ സ്കൂളിലെ ഹനീനയ്ക്കാണ് ഇംഗ്ളീഷ് വാർത്താവായനയിൽ ഒന്നാം സ്ഥാനം.

ഇംഗ്ളീഷിൽ മികച്ച സ്ക്രിപ്റ്റിനുള്ള സമ്മാനം ഇടക്കുന്നം മേരി മാതാ പബ്ളിക് സ്കൂളിലെ മരിയെ സെബാസ്റ്റ്യനും, മികച്ച മലയാളം സ്ക്രിപ്റ്റിനുള്ള സമ്മാനം മുണ്ടക്കയം എം ഇ എസ് സ്കൂളിലെ ഷിഫാന ഷെരീഫിനും ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത ഓരോ കുട്ടികൾക്കും അവരെ അതിനായി ഒരുക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ.