നല്ല വെള്ളത്തിന്റെ കൂട്ടുകാരി
11–ാം വയസ്സിൽ അമേരിക്കയിലെ യുവ ശാസ്ത്രപ്രതിഭ പുരസ്കാരം നേടിയ ഗീതാഞ്ജലി റാവുവിനെക്കുറിച്ച്
‘ശാസ്ത്രം എനിക്ക് മനുഷ്യൻ നേരിടുന്ന ഒരുപാടു പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്’. അമേരിക്കയിലെ യുവ ശാസ്ത്രഞ്ജർക്കു നൽകുന്ന ഏറ്റവും വലിയ പുരസ്കാരം സ്വന്തമാക്കിയ ഗീതാഞ്ജലി റാവുവിന്റെ വാക്കുകളാണിത്. 2017ൽ ഈ പുരസ്കാരം നേടുമ്പോൾ ഗീതാഞ്ജലിക്കു പ്രായം വെറും 11. സാധാരണക്കാരനു വേണ്ടി വെള്ളത്തിലെ മാലിന്യ തോതു പരിശോധിക്കുന്ന ഉപകരണം കണ്ടെത്തിയതിനായിരുന്നു പുരസ്കാരം. അങ്ങനെ ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വംശജയുമായി ഗീതാഞ്ജലി. അമേരിക്കയിലെ കൊളറാഡോയിലാണു ഗീതാഞ്ജലി താമസിക്കുന്നത്.
മിഷിഗനിലെ ഫ്ലിന്റ് മേഖലയിൽ വിതരണം ചെയ്ത വെള്ളത്തിൽ ഈയത്തിന്റെ സാന്നിധ്യം അപകടകരമായി ഉയർന്നെന്ന് 2013–14ൽ കണ്ടെത്തിയതു വലിയ വാർത്തയായിരുന്നു. വെള്ളത്തിലെ ഈയം കണ്ടെത്തുന്നതു പ്രയാസകരവും ചെലവേറിയതുമായതിനാൽ ഒട്ടേറെ സാധാരണക്കാർക്ക് അപകടകരമായ വെള്ളം കുടിക്കേണ്ടിവന്നു. ഈ സംഭവമാണു ഗീതാഞ്ജലിയുടെ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. വളരെ ചെലവു കുറഞ്ഞ, ചെറിയൊരു ഉപകരണമായിരുന്നു ഗീതാഞ്ജലിയുടേത്. ഉപകരണത്തിലെ കാർബൺ നാനോട്യൂബാണ് ഈയത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്നത്. സെൻസറുകളുള്ള ഈ ഉപകരണം മൊബൈൽ ഫോണിലെ ആപ്പുമായി ബന്ധപ്പെടുത്തി എളുപ്പത്തിൽ വെള്ളം പരിശോധന സാധ്യമാക്കി.
ഈ കണ്ടെത്തലോടെ 2019ൽ ഫോബ്സ് പുറത്തിറക്കിയ 30വയസ്സിനു താഴെയുള്ള 30 പ്രതിഭകളുടെ പട്ടികയിലും ഗീതാഞ്ജലി സ്ഥാനം പിടിച്ചു. റ്റെഥിസ് എന്ന പേരാണ് ഗീതാഞ്ജലി ഉപകരണത്തിനു നൽകിയത്. ഗ്രീക്ക് പുരാണത്തിൽ ശുദ്ധജലത്തിന്റെ ദേവതയാണ് റ്റെഥിസ്. വെള്ളത്തിലെ കാഡ്മിയം അടക്കമുള്ള മറ്റു മാരക ഘടകങ്ങൾകൂടി കണ്ടെത്തുന്ന ഉപകരണം വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലാണു ഗീതാഞ്ജലി.
‘‘ഏതു മണ്ടൻ ആശയമാണെങ്കിലും സാരമില്ല. നിങ്ങൾ അത് ഒരു കടലാസിൽ എഴുതി നോക്കൂ. പതുക്കെ ഓരോ പടികളായി അതിനായി പരിശ്രമിച്ചു നോക്കൂ. ധൃതി വേണ്ട. ഒരു കാര്യം കൂടി ഓർക്കുക. പരാജയം ഭാവി വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്.’’ ഗീതാഞ്ജലി കുട്ടുകാരോടു പറയുന്നു.