അഭിനന്ദന്റെ പോരാട്ടം ചിത്രകഥാരൂപത്തിൽ ബാലരമയിൽ
അഭിനന്ദൻ വർധമാന്‍, ഇന്ത്യയുടെ സ്വന്തം പോരാളി. അദ്ദേഹത്തിന്റെ ധീരതയും മനസാന്നിധ്യവും ഇന്ത്യയ്ക്കാകെ അഭിമാനമായി മാറി. ഇതാ ആവേശ്വജ്വലമായ അഭിനന്ദന്റെ
ആകാശപ്പോരാട്ടത്തിന്റെ കഥയുമായി ബാലരമയെത്തിയിരിക്കുന്നു. ഇന്ത്യയുടെ വീരപുത്രൻ വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ നടത്തിയ പോരാട്ടം ബാലരമയുെട പുതിയ
ലക്കത്തിലാണുള്ളത്.
ചിത്രകഥാരൂപത്തിലുള്ള അഭിനന്ദന്റെ കഥയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികൾക്ക് ആവേശം ഉണ്ടാക്കുന്ന ഇത്തരം യഥാർത്ഥ സംഭവങ്ങൾ അവരിലേക്ക് എത്തിക്കാൻ ശ്രമിക്കാം എന്നാണ് ചിലർ അഭിപ്രായമായി കുറിച്ചത്.
ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം തലയുയർത്തി നിന്ന അഭിനന്ദൻ വർധമാൻ ഓരോ ഇന്ത്യാക്കാരന്റെയും അഹങ്കാരമായി മാറി. ഇന്ത്യയെ വെല്ലുവിളിക്കുക എന്ന ഏക ലക്ഷ്യത്തോടെ പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചു കടന്നുകയറിയപ്പോൾ അവയെ തടയാൻ അവന്തിപ്പുര വ്യോമതാവളത്തിൽ നിന്ന് അഭിനന്ദനുൾപ്പെടെയുള്ള വ്യോമസേനാ സംഘം മിഗ് 21ൽ പാഞ്ഞു.
ഇന്ത്യൻ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടർന്നു. ഇതിനിടെ പാക്ക് വിമാനങ്ങളിലൊന്നിനെ ഇന്ത്യ വെടിവച്ചു വീഴ്ത്തി. മറ്റുള്ളവയെ പിന്തുടർന്ന് നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. ഉടൻ സ്വയം ഇജക്ട് ചെയ്ത അഭിനന്ദൻ പാകിസ്ഥാൻ അധീനതയിലുള്ള വനമേഖലയിൽ പതിച്ചു.
അവിടെവച്ച് പാകിസ്ഥാൻ പട്ടാളത്തിൽ കയ്യിൽ അകപ്പെട്ട അഭിനന്ദനെ രാജ്യം നടത്തിയ തന്ത്രപൂർവ്വമായ നയതന്ത്ര ഇടപെടലുകളെ തുടർന്ന് മൂന്നാം ദിവസം ഇന്ത്യയ്ക്ക് സുരക്ഷിതനായി കൈമാറുകയായിരുന്നു. സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി തുടങ്ങിയ അഭിനന്ദൻ പിന്നീടാണ് മിഗ് 21 ബൈസൺ സ്ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗർ വ്യോമതാവളത്തിലായിരുന്നു പോസ്റ്റിങ്.
Summary: Vbhinandan Vardhaman, Balarama