ഡൗൺ സിൻഡ്രോം തോറ്റു തുടങ്ങുന്നു; അച്ഛന്റെ മനം നിറച്ച് അവിയുടെ മൗത്ത് ഓർഗൻ വായന !  , Social media post, Aditya  Tiwari, post video son Adithya, playing, mouth ogran, Manorama Online

ഡൗൺ സിൻഡ്രോം തോറ്റു തുടങ്ങുന്നു; അച്ഛന്റെ മനം നിറച്ച് അവിയുടെ മൗത്ത് ഓർഗൻ വായന !

നാല് വയസുകാരൻ അവിനാശ് എന്ന അവി മൗത്ത് ഓർഗൻ വായിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് തന്റെ മകൻ മറ്റ് കുട്ടികളെ പോലെ തന്നെ സ്മാർട്ട് ആണെന്ന് പറയുകയാണ് അവിയുടെ അച്ഛൻ ആദിത്യ. അവിനാശ് ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടിയാണ് എന്നറിയുമ്പോഴാണ് ഈ മൗത്ത് ഓർഗൻ വായന കൂടുതൽ മധുരമുള്ളതാകുന്നത്. ഏറെ ആസ്വദിച്ച് ആടിക്കുഴഞ്ഞാണ് അവിനാശ് മൗത്ത് ഓർഗൻ വായിക്കുന്നത്.

അവിനാശിനെയും ആദിത്യയെയും സോഷ്യൽ മീഡിയ അത്രപെട്ടെന്നൊന്നും മറക്കില്ല. ഏറ്റവും പ്രായം കുറഞ്ഞ സിംഗിള്‍ പാരന്റ് എന്ന നിലക്ക് വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയാണ് ആദിത്യ തിവാരി. ഡൗൺ സിൻഡ്രോം ബാധിച്ചതിനാൽ അച്ഛനമ്മമാർ ഉപേക്ഷിച്ച കുഞ്ഞിനെ ദത്തെടുത്തുകൊണ്ടാണ് ഇൻഡോർ സ്വദേശിയും എൻജിനീയറുമായ ഈ യുവാവ് വാർത്തകളിൽ ഇടം പിടിച്ചത്. സാധാരണ രീതിയിലുള്ള ഒരു കുട്ടിയെ അമ്മയില്ലാതെ നോക്കുക എന്നത് തന്നെ ശ്രമകരമായ ഒരു കാര്യമായി കാണുന്ന അവസ്ഥയിലാണ് ആദിത്യ ഇങ്ങനെയൊരു കുഞ്ഞിനെ ദത്തെടുക്കുന്നത്. അന്ന് സമൂഹത്തിൽ നിന്നും ആദിത്യക്ക് ലഭിച്ചത് സമ്മിശ്ര പ്രതികരണമായിരുന്നു.

എന്നാൽ തന്നെ കുറ്റപ്പെടുത്തിയവർക്കും ഒറ്റപ്പെടുത്തിയവർക്കും മുന്നിൽ തന്റെ തീരുമാനമായിരുന്നു ശരി എന്നു മകനോടുള്ള തന്റെ സ്നേഹത്തിലൂടെ ഈ അച്ഛൻ തെളിയിക്കുന്നു. അവിനാശ് തിവാരി എന്ന് പേരിട്ട കുട്ടി ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആദിത്യയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയത്. ഓട്ടിസം എന്നത് സ്നേഹം നിറഞ്ഞ പരിചരണത്തിലൂടെ ഒരു പരിധിവരെ മറികടക്കാൻ കഴിയുന്ന അവസ്ഥയാണ് എന്ന് തെളിയിക്കുകയായിരുന്നു ഈ അച്ഛനും മകനും.

ഇതിനിടക്ക് ആദിത്യ വിവാഹിതനായി. അതോടെ അവിക്ക് ഒരു അമ്മയുടെ സ്നേഹം കൂടി ലഭിച്ചു തുടങ്ങി. ഏറെ നിയമയുദ്ധം നടത്തിയ ശേഷമാണ് ആദിത്യ അനാഥാലയത്തിൽ നിന്നും അവിയെ സ്വന്തം മകനായി സ്വീകരിച്ചത്. ഇപ്പോൾ സ്‌പെഷ്യൽ സ്‌കൂളിൽ പോകുന്നുണ്ട് അവി. നൃത്തം, പാട്ട്, മ്യൂസിക്കൽ ഇൻസ്ട്രമെന്റ് എന്നിവയിൽ അവി താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പയ്യെ പയ്യെ എഴുത്ത് അഭ്യസിക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നു.

കൃത്യമായ ചികിത്സ, പരിശീലനം, ശ്രദ്ധ, പരിചരണം എന്നിവയിലൂടെയാണ് അവിയിൽ ഇത്തരത്തിലുള്ള മാറ്റം വരുത്താൻ സാധിച്ചത്. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാൻ കഴിയുമെന്ന് തന്നെയാണ് ഈ പിതാവിന്റെ പ്രതീക്ഷ. ഓട്ടിസം, ഡൗൺസിൻഡ്രോം തുടങ്ങിയ അവസ്ഥയിലുള്ള മക്കളെ എങ്ങനെ പരിചരിക്കണം എന്ന വിഷയത്തിൽ ക്‌ളാസുകളും ആദിത്യ നൽകാറുണ്ട്.