ലോകത്തിലെ ഏറ്റവും മികച്ച 'അമ്മ' ഈ അച്ഛൻ; മനസ്സുനിറഞ്ഞ് ആദിത്യ
ഡൗൺ സിൻഡ്രോം ബാധിച്ച, മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ദത്തെടുത്തുകൊണ്ട് വാർത്തകളിലും ജനമനസുകളിലും ഇടം നേടിയ യുവാവാണ് ആദിത്യ തിവാരി. വെറും ഇരുപത്തിരണ്ട് മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഈ കുഞ്ഞിനെ ആദിത്യ സ്വന്തമാക്കുന്നത്. അവിനാശ് തിവാരി എന്ന പേരിട്ടു വളർത്തിയ ഈ കുഞ്ഞ് ആദിത്യയുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ഏറ്റവും പ്രായം കുറഞ്ഞ സിംഗിള്‍ പേരന്റ് എന്നതായിരുന്നു ആദിത്യയ്ക്കു കിട്ടിയ വിശേഷണം. ഇൻഡോർ സ്വദേശിയായ ഈ യുവാവ് സോഫ്റ്റ്വെയർ എൻജിനീയറാണ്.
കൃത്യമായ ചികിത്സ, പരിശീലനം, ശ്രദ്ധ, പരിചരണം എന്നിവയിലൂടെയാണ് അവിനാശിൽ പ്രത്യക്ഷമായ മാറ്റങ്ങളുണ്ടാക്കാൻ ഈ അച്ഛനായി. ശരിക്കും അമ്മ എന്ന വിശേഷണം സ്ത്രീകൾക്കു മാത്രമുള്ളതാണോ? അമ്മയെപ്പോലെ കുഞ്ഞുങ്ങളെ നോക്കുന്ന ഓരോ അച്ഛന്മാർക്കും ആ വിശേഷണത്തിന് അർഹതയുണ്ട്. ലോകത്തിലെ ഏറ്റവും നല്ല അമ്മ എന്ന പദവിയാണ് ഇപ്പോൾ ആദിത്യ തിവാരിയെ തേടിയെത്തിയിരിക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ബംഗ്ലൂരുവിൽ നടത്തുന്ന Wempower എന്ന ചടങ്ങിലാണ് ആദിത്യയെ ആദരിക്കുന്നത്. ആദിത്യയ്ക്കൊപ്പം മറ്റു ചില അമ്മമാരേയും ചടങ്ങിൽ ആദരിക്കുന്നുണ്ട്. ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് ആദിത്യ പറയുന്നു.
സാധാരണ രീതിയിലുള്ള ഒരു കുട്ടിയെ അമ്മയില്ലാതെ നോക്കുക എന്നത് തന്നെ ശ്രമകരമായ ഒരു കാര്യമായി കാണുന്ന അവസ്ഥയിലാണ് ആദിത്യ ഇങ്ങനെയൊരു കുഞ്ഞിനെ ദത്തെടുക്കുന്നത്. ഓട്ടിസം എന്നത് സ്നേഹം നിറഞ്ഞ പരിചരണത്തിലൂടെ ഒരു പരിധിവരെ മറികടക്കാൻ കഴിയുന്ന അവസ്ഥയാണ് എന്ന് തെളിയിക്കുകയായിരുന്നു ഈ അച്ഛനും മകനും.
ഇതിനിടക്ക് ആദിത്യ വിവാഹിതനായി. അതോടെ അവിക്ക് ഒരു അമ്മയുടെ സ്നേഹം കൂടി ലഭിച്ചു തുടങ്ങി. ഏറെ നിയമയുദ്ധം നടത്തിയ ശേഷമാണ് ആദിത്യ അനാഥാലയത്തിൽ നിന്നും അവിയെ സ്വന്തം മകനായി സ്വീകരിച്ചത്. ഇപ്പോൾ സ്‌പെഷ്യൽ സ്‌കൂളിൽ പോകുന്നുണ്ട് അവി. നൃത്തം, പാട്ട്, മ്യൂസിക്കൽ ഇൻസ്ട്രമെന്റ് എന്നിവയിൽ അവി താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പയ്യെ പയ്യെ എഴുത്ത് അഭ്യസിക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. ഓട്ടിസം, ഡൗൺസിൻഡ്രോം തുടങ്ങിയ അവസ്ഥയിലുള്ള മക്കളെ എങ്ങനെ പരിചരിക്കണം എന്ന വിഷയത്തിൽ ക്ലാസുകളും ആദിത്യ നൽകാറുണ്ട്.