എട്ടു വർഷമായി ലീവ് എടുക്കാത്ത അജിത ടീച്ചർ !
കഴിഞ്ഞ എട്ടുവർഷമായി ഒരിക്കൽ പോലും ജോലിയിൽ നിന്നും അവധി എടുക്കാത്ത ഒരു അധ്യാപികയുണ്ട്. തന്റെ വിദ്യാർഥികളോടുള്ള ആത്മാർഥത കൊണ്ട് ശ്രദ്ധനേടുകയാണ് അജിത എന്ന ഈ അധ്യാപിക. അധ്യാപനം ഒരു ജോലി എന്നതിലുപരി ഒരു സേവനമാണ് അജിത ടീച്ചർക്ക്. അങ്ങനെ കരുതാൽ എല്ലാ അധ്യാപകരും തയ്യാറാകണമെന്നും ടീച്ചർ പറയുന്നു. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ അവധി എടുക്കാറില്ലായിരുന്നു, ആ ശീലമാണ് അധ്യാപികയായി ജോലി കിട്ടിയപ്പോഴും തുടർന്നു പോകുന്നത്. തന്നെ കാത്തിരിക്കുന്ന കുട്ടികൾക്ക് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഈ ടീച്ചർക്ക് നിർബന്ധമാണ്.
കൊടുവേലി സാഞ്ചോ സി.എം.ഐ പബ്ലിക് സ്കൂളിൽ മലയാളം അധ്യാപികയാണിവർ. ഈ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഇത് എട്ടാമത്തെ വർഷമാണ്. ഇത്രയും നാളും ഡ്യൂട്ടി രജിസ്റ്ററിൽ ടീച്ചറിന്റെ ലീവ് കോളത്തിൽ ഒരു ലീവ് പോലും മാർക്ക് െചയ്തിട്ടില്ലെയെന്നത് അതിശയകരം തന്നെയാണ്. ഏറ്റുമാനൂർ സ്വദേശിയായ അജിത ടീച്ചർ വിവാഹത്തിന് ശേഷം 2013 ജൂണിലാണ് സാഞ്ചോ സ്കൂളിൽ അധ്യാപികയായി പ്രവേശിക്കുന്നത്. പിന്നീട് ഒരു പ്രവൃത്തി ദിനത്തിൽ പോലും ടീച്ചർ അവധി എടുത്തിട്ടേയില്ല.
ടീച്ചറിന്റെ ഈ പ്രത്യേകത അറിയാവുന്ന സഹോദരൻ തന്റെ വിവാഹം പോലും അവധി ദിനത്തിലാക്കി സഹോദരിക്ക് പിൻതുണയേകി. തന്റെ ഭർത്താവിന്റേയും കുടുബത്തിന്റെ സഹകരണമാണ് ഇങ്ങനെ ഒരു ലീവ് പോലും എടുക്കാതെ ജോലിക്കു പോകാൻ സഹായിക്കുന്നതെന്ന് അജിത ടീച്ചർ പറയുന്നു. സ്കൂളും പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴിയിലും നൽകുന്ന സഹകരണവും ടീച്ചർക്ക് പ്രചോദനമാകുന്നുണ്ട്.
ടീച്ചറുടെ ആദ്യ നിയമനം സി.എം.ഐ മാനേജ്മെന്റിന്റെ തന്നെ പാലാ സെന്റ് വിൻസെന്റ് സ്കൂളിലായിരുന്നു. അവിടെയും അവധി എടുക്കാതെ ഒരു വർഷവും മൂന്ന് മാസവും ജോലി ചെയ്തു.
വിവാഹ ശേഷം നാല് മാസത്തോളം ഇടവേളയുണ്ടായി. പിന്നീടാണ് കൊടുവേലി സാഞ്ചോയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അധ്യാപികയായിരുന്ന ഇത്രയും വർഷവും അജിത അവധി എടുത്തിട്ടില്ല. അതിനാൽ ഒരോ വർഷവും സ്കൂള്‍ മാനേജ്മെന്റ് ടീച്ചറിന്റെ സേവനത്തിന് പ്രത്യേക പുരസ്കാരവും നൽകുന്നുണ്ട്.
ഭർത്താവ് കൊടുവേലി വളനോടിയിൽ ജ്യോതിഷ് എം. ജോണ്‍. സ്കൂളിന്റേയും കുടുംബത്തിന്റേയും പിന്തുണയാൽ ഇനിയും മുടക്കം വരാതെ ജോലി ചെയ്യണമെന്നുതന്നെയാണ് അനിത ടീച്ചറുടെ ആഗ്രഹം.