കൊച്ചുകൂട്ടുകാരെ ഫൊട്ടോഗ്രഫി പഠിപ്പിക്കാൻ യൂട്യൂബ് ചാനലുമായി അകിയ കോമാച്ചി; വിഡിയോ
അകിയ കൊമാച്ചിയുടെ ക്യാമറയിലൂടെ കാണുന്ന കാഴ്ചകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. ആറാം ക്ലാസ് വിദ്യർഥിനിയായ ഈ കൊച്ചു മിടുക്കിയുടെ ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. പൂക്കളും മൃഗങ്ങളും കടലും കായലുമൊക്കെ നിറയുന്നതാണ് അകിയയുടെ ഫോട്ടോകൾ. മറ്റാരും കാണാത്ത ആംഗിളുകളിലൂടെ ചിത്രങ്ങളെടുക്കാൻ ഈ മിടുക്കിക്ക് പ്രത്യേക കഴിവു തന്നെയുണ്ട്.
ഇപ്പോൾ ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്ന കൊച്ചുകൂട്ടുകാർക്കായി അകിയ ഒരു യൂട്യൂബ് ചാനലൊരുക്കിയിരിക്കുകയാണ്. കൊച്ചുകുട്ടികൾക്ക് ഫൊട്ടോഗ്രഫി അറിവുകൾ പങ്കുവയ്ക്കുക എന്നതാണ് ലക്ഷ്യം. പുതിയ കുട്ടി ഫൊട്ടോഗ്രഫർമാർക്ക് ഈ ചാനൽ വളരെ പ്രയോജനം ചെയ്യും. എങ്ങനെ മനോഹരമായ ചിത്രങ്ങൾ എടുക്കാം എന്ന് വളരെ ലളിതമായി അകിയ വിവരിക്കുന്നു.
കൊച്ചുകുട്ടികൾക്കു മാത്രമല്ല ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്ന മുതിർന്നവർക്കും അകിയയുടെ ചാനൽ ഉപകാരപ്രദമാണ്. കോഴിക്കോട് ഫറൂഖ് കോളജ്, വെനിറിനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് അകിയ കൊമാച്ചി.
കോഴിക്കോട് ലളിതകലാ അക്കാദമി ആർട്സ് ഗ്യാലറിയിൽ അകിയയുടെ 'നെയ്ബറിംങ്' എന്ന ഫോട്ടോ പ്രദർശനം നടന്നിട്ടുണ്ട്.
ഫൊട്ടോഗ്രഫി കുടുംബത്തിലെ ഇളമുറക്കാരിയായ അകിയ ഈ മേഖലയിലേക്ക് വന്നില്ലങ്കിലല്ലേ അദ്ഭുതമുള്ളൂ. പ്രശസ്ത ഫൊട്ടോഗ്രഫർ അജീബ് കൊമാച്ചിയുടെ മകളാണ് അകിയ. സഹോദരങ്ങൾ അഖിൻ കൊമാച്ചിയും അഖിൽ കൊമാച്ചിയും ഫൊട്ടോഗ്രഫിയിൽ കഴിവ് തെളിയിച്ചവർ. ഉമ്മ ജസീനയും കട്ട സപ്പോർട്ട്...
അകിയ കോമാച്ചിയുടെ വിഡിയോ കാണാം