മോഡലിങ് രംഗത്ത് തരംഗമായി ആൽബിനിസം ബാധിച്ച സഹോദരിമാർ
ആൽബിനിസം ബാധിച്ച സഹോദരിമാർ മോഡലിങ് രംഗത്ത് തരംഗമാകുന്നു. കസഖിസ്ഥാനില്‍ നിന്നുള്ള രണ്ടുവയസ്സുകാരി കാമിലയും ചേച്ചി അസേലുമാണ് ഈ രോഗത്തെ അതിജീവിച്ച് പ്രശസ്തരാകുന്നത്. ത്വക്കിൽ കറുപ്പുനിറം നൽകുന്ന മെലാനിൻ എന്ന വർണ്ണവസ്തുവിന്റെ ഉത്പാദനത്തിലുണ്ടാകുന്ന തകരാറ് മൂലമാണ് ആൽബിനിസം എന്ന രോഗം ഉണ്ടാക്കുന്നത്. ഇത് ശരീരത്തിന് വെളുത്ത നിറം നൽകാൻ കാരണമാകുന്നു. ഇവരുടെ മുടിയും കണ്ണുകളും ത്വക്കും നിറം വെളുത്തമായിരിക്കും. സൂര്യപ്രകാശത്തിൽ നോക്കുന്നതിന് ഇവർക്ക് പ്രയാസമുണ്ടാകാറുണ്ട്.
ഇവർക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെങ്കിലും ഈ അവസ്ഥയിൽ മനംനൊന്ത് ഇത്തരക്കാർ ഉൾവലിഞ്ഞ് ജീവിക്കുന്നതാണ് കണ്ടുവരുന്നത്. മൂത്തമകൾ ആസേല്‍ ജനിച്ചപ്പോൾ തങ്ങൾ ആകെ പകച്ചുപോയി എന്ന് ഇവരുടെ അമ്മ അയ്മാൻ പറയുന്നു, അതേക്കുറിച്ച് ഇവർക്ക് യാതൊരു ധാരണയുമില്ലായിരുന്നു, ജനിതകശാസ്‌ത്രം അന്ന് അത്ര വികസിച്ചിരുന്നുമില്ല. എന്നാൽ പന്ത്രണ്ടു വർഷങ്ങൾക്കിപ്പുറം രണ്ടാമത്തെ മകളും അതേ അവസ്ഥയിൽ തന്നെ ജനിച്ചപ്പോൾ മാതാപിതാക്കൾ ആകെ വിഷമത്തിലായി
പക്ഷേ ഈ രോഗത്തിന് മുന്നിൽ തോറ്റ് പിന്മാറുവാൻ ഈ മിടുക്കിക്കുട്ടികൾ തയ്യാറായിരുന്നില്ല. മോഡലിങ് രംഗത്ത് സജീവമാണ് ഈ അനിയത്തിക്കുട്ടിയും ചേച്ചിയും. മറ്റുള്ളവർക്കു മുന്‍പിൽ മുഖം കാണിക്കാൻ പോലും മടികാണിക്കുന്ന ഇത്തരം അവസ്ഥയുള്ളവർക്ക് പ്രചോദനമാകുകയാണ് ഈ സഹോദരിമാർ. കാമില ജനിക്കുന്നതിനു മുൻപേ അസേൽ മോഡലിങ് ആരംഭിച്ചിരുന്നു. ഇപ്പോഴ്‍ രണ്ടുവയസ്സുകാരി കാമില്ലയും ചേച്ചിക്കൊപ്പം മോഡലിങ് രംഗത്ത് താരമാകുകയാണ്. ആൽബിനിസം ബാധിച്ച ഇരുവരുടേയും ഈ വിജയം ഫാഷൻ ലോകത്തും കൗതുകമാണ്. സോഷ്യൽ ലോകത്ത് നിരവധി ഫോളോവേഴ്സാണ് ഇവർക്ക്.
ഈ രോഗം വളരെ അപൂർവമായതിനാൽ ഇത്തരക്കാർ ജീവിതത്തിൽ പൊതുവെ ഒറ്റപ്പെട്ടുപോകാറാണ് പതിവ്. എന്നാൽ ഈ ചേച്ചിയ്ക്ക് കൂട്ടായി അനിയത്തി ഉള്ളതും ഇവർക്കും പരസ്പരം മനസിലാക്കാൻ സാധിക്കുമെന്നതും വളരെ ആശ്വാസകരമാണെന്ന് മാതാപിതാക്കൾ പറയുന്നു. ഇവർക്ക് ഒരു സഹോദരൻ കൂടെയുണ്ട്.