ഹിയറിങ് എയിഡുമായി അമേരിക്കൻ ഡോൾ; ചരിത്രത്തിലേക്കൊരു സുന്ദരിപ്പാവ
ഒരു പാവക്കുട്ടിയെ വാങ്ങുമ്പോൾ അതിൽ ഒരു ചെറിയ മുറിവുണ്ടായാൽ പോലും കൊച്ചുകൂട്ടുകാർ സമ്മതിക്കില്ല. പാവക്കുട്ടികളെല്ലാം ‘പെർഫെക്ട്’ ആയിരിക്കണമെന്നാണു ഭൂരിപക്ഷം പേരുടെയും ആഗ്രഹം. പക്ഷേ ഇപ്പോൾ കാര്യങ്ങളെല്ലാം അൽപം മാറിയിട്ടുണ്ട്. വീൽ ചെയറിലിരിക്കുന്ന പാവക്കുട്ടിയും മുഖത്തു വലിയ മറുകുള്ള പാവയും വരെ വിപണിയിലെത്തുന്നു. ലോകപ്രശസ്ത ഡോൾ ബ്രാൻഡായ ബാർബി വരെ ശാരീരിക വെല്ലുവിളി നേരിടുന്ന പാവകളെ പുറത്തിറക്കുന്നു. ബാർബി പോലെ ലോകപ്രശസ്തമാണ് ‘അമേരിക്കൻ ഗേൾ’ ബ്രാൻഡിലുള്ള പാവക്കുട്ടികളും. ചരിത്രത്തിലാദ്യമായി അവരും ശാരീരിക വെല്ലുവിളിയോടു കൂടിയ ഒരു പാവക്കുട്ടിയെ പുറത്തിറക്കിയിരിക്കുകയാണ്–പേര് ജോസ്സ് കെൻഡ്രിക്ക്.
10 വയസ്സാണ് ഈ കൊച്ചുമിടുക്കിക്കെന്നു പറയുന്നു നിർമാതാക്കളായ പ്ലെസന്റ് കമ്പനി. കലിഫോർണിയയിലെ ഹണ്ടിങ്ടൻ ബീച്ചിനു സമീപമാണ് വീട്. അതിനാൽത്തന്നെ കടലിൽ സർഫിങ്ങാണ് പ്രധാന ഹോബി. നല്ല ഒന്നാന്തരം ചിയർലീഡറുമാണ് ജോസ്സ്. പക്ഷേ ഈ മിടുക്കിക്ക് ജന്മനാ ഇടതുചെവി കേൾക്കില്ല. വലതുചെവിയിൽ കേൾക്കാൻ സഹായിക്കുന്ന ഹിയറിങ് എയിഡും ഘടിപ്പിച്ചിട്ടുണ്ട്. അതുവഴി അൽപാൽപമായി കേൾക്കാം. പാവകൾക്കായി വീൽചെയറും ഹിയറിങ് എയിഡുകളും പ്രത്യേകം നിർമിച്ചിട്ടുണ്ടെങ്കിലും ശാരീരിക വെല്ലുവിളിയോടെ ഒരു പാവക്കുട്ടിയെ പ്ലെസന്റ് പുറത്തിറക്കുന്നത് ഇതാദ്യമായാണ്.
2020ൽ കുട്ടികൾക്കായുള്ള പുതുവർഷ സമ്മാനമായി ‘ഗേൾ ഓഫ് ദി ഇയർ’ പ്രഖ്യാപനത്തോടൊപ്പം പുതിയ പാവയെ പുറത്തിറക്കുമെന്നു കമ്പനി പറഞ്ഞിരുന്നു. അങ്ങനെയാണ് ജോസ്സ് പാവയുടെ വരവ്. 18 ഇഞ്ച് ഉയരമുള്ള ഈ സുന്ദരിപ്പാവയ്ക്ക് ബ്രൗൺ മുടിയിഴകളും കണ്ണുമാണ്. സർഫ് ബോർഡും സ്വിം ഗിയറും ചിയർലീഡറുടെ വസ്ത്രങ്ങളുമെല്ലാം ചേർന്ന ആക്സസറികളും പാവയ്ക്കൊപ്പമുണ്ട്. ലോകത്ത് ആറിനും 19 വയസ്സിനും ഇടയിലുള്ള 15% പേർക്ക് ഒരു ചെവിയ്ക്കെങ്കിലും കേള്‍വിക്കുറവുണ്ടെന്നാണ് റിപ്പോർട്ടുകൾ. പല കുട്ടികളിലും സ്വാഭാവികമായുണ്ടാകുന്ന കേൾവിക്കുറവിനെക്കുറിച്ച് ബോധവൽക്കരിക്കാൻ കൂടിയാണ് ഈ പാവയിലൂടെ ശ്രമിക്കുന്നതെന്നും കമ്പനി പറയുന്നു.
ഹിയറിങ് ലോസ് അസോസിയേഷൻ ഓഫ് അമേരിക്കയ്ക്ക് 25,000 ഡോളറും അമേരിക്കൻ ഡോൾ നൽകിയിട്ടുണ്ട്. കേൾവിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി അസോസിയേഷൻ നടത്തുന്ന ക്യാംപെയ്ന് അമേരിക്കൻ ഡോള്‍ സ്റ്റോറുകളിലൂടെ ആർക്കും സംഭാവന നൽകാം. പാവക്കുട്ടിയെ പ്രമോട്ട് ചെയ്യുന്നതിനൊപ്പം കാരളിൻ മാർക്ക്സ് എന്ന സർഫറുമായി ചേർന്ന് ക്യാംപെയ്നും ശ്രമിക്കുന്നുണ്ട് കമ്പനി. പതിനേഴുകാരിയായ കാരളിൻ ഈ വർഷം നടക്കുന്ന ടോക്കിയോ ഒളിംപിക്സിൽ യുഎസിന്റെ മെഡൽ പ്രതീക്ഷ കൂടിയാണ്. യുഎസിൽ നിന്ന് ആദ്യമായുള്ള ഒളിംപിക് സർഫിങ് ടീം അംഗം കൂടിയാണ് കാരളിൻ. ഗേൾ ഓഫ് ദി ഇയർ ആയി ഇത്തവണ കമ്പനി അംഗീകരിച്ചതും ഈ പെൺകുട്ടിയെയാണ്. അമേരിക്കൻ ഡോൾ മാഗസിന്റെ കവർ പേജിൽ കാരളിനൊപ്പം ഇത്തവണ കുഞ്ഞനിയത്തിയും ഉണ്ടായിരുന്നു.
Summary : American Girl Debuts First Doll With Visible Hearing Aid
വിഡിയോ കാണാം.