>ക്ലാസിലെ പാട്ടുകാരിയെ ഒറ്റ ദിവസം കൊണ്ട് വൈറലാക്കി ടീച്ചർ, Anamika raj, singing, Viral Video, Manorama Online

ക്ലാസിലെ പാട്ടുകാരിയെ ഒറ്റ ദിവസം കൊണ്ട് വൈറലാക്കി ടീച്ചർ 

ലക്ഷ്മി നാരായണൻ  

ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിന്തത്തിലെ കുക്കുക്കു കൂവിയും കുറുവാലിട്ടാട്ടിയും ...എന്ന് തുടങ്ങുന്ന ഗാനം ആരും മറന്നു കാണില്ല. ഇന്ന് സോഷ്യൽ മീഡിയയിൽ അഞ്ചാം ക്ലാസുകാരി ശ്രീക്കുട്ടി എന്ന അനാമിക രാജിന്റെ ശബ്ദത്തിൽ തരംഗമാവുകയാണ് ഈ ഗാനം. പാലക്കാട്, മുണ്ടൂർ സ്വദേശിനിയും എംഇഎസ് സ്‌കൂളിലെ വിദ്യാർത്ഥിനിയുമായ അനാമിക സംഗീതലോകത്ത് നാളെയുടെ വാഗ്ദാനമാണെന്ന് ഈ ഒരൊറ്റ ഗാനം കൊണ്ട് തന്നെ സംഗീതപ്രേമികൾ വിലയിരുത്തിക്കഴിഞ്ഞു.

എൽകെജി മുതൽ ശ്രീക്കുട്ടി സംഗീതം പഠിക്കുന്നുണ്ട്. സംഗീതാധ്യാപികയായ 'അമ്മ ജ്യോതി രാജിന്റെ സംഗീതവാസനയാണ് കുഞ്ഞു ശ്രീക്കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. സ്‌കൂളിൽ പട്ടു മത്സരങ്ങളിലെല്ലാം മുൻപന്തിയിൽ തന്നെയുണ്ട് ശ്രീക്കുട്ടി. എന്നാൽ സംഗീതത്തെ ഏറെ സ്നേഹിക്കുന്ന തന്റെ സ്‌കൂളിലെ പ്രിയ ഗായികയെ ലോകം തിരിച്ചറിയണം എന്ന ഗണിതാധ്യാപികയായ രേഷ്മയുടെ ആഗ്രഹമാണ് വൈറലായ വീഡിയോക്ക് പിന്നിൽ.

''ഇന്നലെ സ്‌കൂളിൽ വച്ച് ടീച്ചറാണ് മൊബൈലിൽ പാട്ട് ഷൂട്ട് ചെയ്തത്. രേഷ്മ ടീച്ചർക്കും എനിക്കും ഒത്തിരി ഇഷ്ടമുള്ള പാട്ടാണ് അത്. ടീച്ചർ ആ പാട്ട് കുറെ ആളുകൾക്ക് ഒക്കെ അയച്ചു കൊടുത്തു. അങ്ങനെയാണ് ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഒക്കെ വന്നത്. ഇപ്പോൾ കുറെ ആളുകൾ ഒക്കെ വിളിച്ച പാട്ട് നല്ലതാണെന്നു പറഞ്ഞു. വലിയ സന്തോഷമുണ്ട്. ടീച്ചർക്ക് സ്‌പെഷ്യൽ താങ്ക്സ് പറയുന്നു'' കുഞ്ഞു ശ്രീക്കുട്ടി പറയുന്നു. 
''ശ്രീക്കുട്ടിയുടെ സംഗീതത്തോടുള്ള താല്പര്യത്തിനു സ്‌കൂളിൽ പൂർണ പിന്തുണ നൽകുന്നത് രേഷ്മ ടീച്ചർ ആണ്. പത്തം ക്‌ളാസിലെ ഗണിതാധ്യാപികയാണ് ടീച്ചർ. എന്നാൽ ഒഴിവു സമയങ്ങളിൽ രണ്ടാളും ഒരുമിച്ചിരുന്ന് പാട്ട് പാടലും ആസ്വാദനവും ഒക്കെയാണ്'' ശ്രീക്കുട്ടിയുടെ 'അമ്മ ജ്യോതി പറയുന്നു.

വലുതാകുമ്പോൾ തനിക്ക് അമ്മയെപ്പോലെ ഒരു സംഗീതാധ്യാപികയാകണം എന്നാണ് അനാമിക എന്ന ശ്രീക്കുട്ടിയുടെ ആഗ്രഹം. ഒപ്പം ധാരാളം കച്ചേരികൾ നടത്തണം എന്ന ആഗ്രഹവും ഈ കൊച്ചു മിടുക്കി മറച്ചു വയ്ക്കുന്നില്ല. ഗായികമാരിൽ കെഎസ് ചിത്രയോടാണ് ഏറ്റവും സ്നേഹം. ചിത്രയുടെ പാട്ടുകൾ തെരെഞ്ഞെടുത്ത് കേൾക്കും. മെലഡിയാണ് കൂടുതൽ താൽപര്യം. എന്നാൽ പാടുമ്പോൾ എല്ലാ ഗായകരുടേയും പാട്ടുകൾ ശ്രീക്കുട്ടി ഒരേ പോലെയാണ് തെരഞ്ഞെടുക്കുന്നത്. 

മകളുടെ സംഗീതപ്രേമത്തിന് അച്ഛൻ രാജുവും പൂർണ പിന്തുണ നൽകുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന ചേട്ടൻ അശ്വിൻ രാജ് ആണ് അനാമികയുടെ ഏറ്റവും വലിയ പ്രോത്സാഹനം. ചേട്ടൻ പാടുന്നത് കേട്ടാണ് അനിയത്തിയും പാട്ടിന്റെ വഴിയേ വന്നത്. പാട്ടിന് പുറമെ നൃത്തത്തിലും മറ്റു കലാമത്സരങ്ങളിലും ഈ കൊച്ചു മിടുക്കി തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്.  

വിഡിയോ കാണാം