വിമാനം തകർന്നു ആൾവാസമില്ലാത്ത ദ്വീപിൽ അകപ്പെട്ട കുട്ടികൾ!,  Book, lord of the flies, Book Review,  Manorama Online

വിമാനം തകർന്നു ആൾവാസമില്ലാത്ത ദ്വീപിൽ അകപ്പെട്ട കുട്ടികൾ!

ജസ്റ്റിൻ മാത്യു

പ്രായഭേദമില്ലാതെ മനുഷ്യന്റെ സ്വത്വത്തിൽ എപ്പോഴും കലഹിക്കാനും അധികാരം പിടിച്ചെടുക്കാനുമുള്ള ത്വര ഒളിഞ്ഞിരിപ്പുണ്ട് എന്നു സ്ഥാപിക്കുന്ന നോവലാണ് ലോർഡ് ഓഫ് ദ് ഫ്ലൈസ്. പേരില്ലാത്ത ഒരു യുദ്ധത്തിനിടയിൽ നടക്കുന്ന കഥയാണിത്. ഒരുകൂട്ടം വിദ്യാർഥികളുമായി പോകുന്ന ബ്രിട്ടിഷ് വിമാനം ആൾവാസമില്ലാത്ത ദ്വീപിൽ വെടിയേറ്റു തകർന്നു വീഴുന്നു. പൈലറ്റ് കൊല്ലപ്പെടുന്നു. കുറച്ച് ആൺകുട്ടികൾ മാത്രമാണ് അതിജീവിക്കുന്നത്.

കഥ തുടങ്ങുന്നതു റാൽഫ് എന്ന 12കാരനിലൂടെയാണ്. അവൻ കണ്ടുമുട്ടുന്ന പിഗ്വി എന്ന രണ്ടാമനും. വഴിയിൽ കിടന്നു കിട്ടുന്ന ശംഖിലൂടെ റാൽഫ് ശബ്ദം പുറപ്പെടുവിക്കുന്നു. അതോടെ ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മറ്റുകുട്ടികൾ അവിടേക്ക് എത്തുകയാണ്.

റാൽഫിനെ സംഘം തലവനായി തിരഞ്ഞെടുക്കുമ്പോൾ അതിനെ എതിർക്കുന്ന മറ്റൊരു സംഘം ജനിക്കുന്നു. അവരുടെ തലവൻ ജാക്കാണ്. റാൽഫിനെയാണു കൂടുതൽ കുട്ടികൾ പിന്തുണയ്ക്കുന്നത്. എങ്ങനെയും ഇവിടെ നിന്നു രക്ഷപ്പെടണം എന്ന ചിന്തയാണു വിവേകശാലിയായ റാൽഫിനൊപ്പം നിൽക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നത്.

ദ്വീപിലൊരു പറക്കുന്ന ഭീകര ജീവിയുണ്ടെന്ന അന്ധവിശ്വാസം കുട്ടികളെ വല്ലാതെ ഭയപ്പെടുത്തുന്നു. അതിനെ ചെറുക്കാൻ അവർ ശ്രമിക്കുന്നു. അതിനിടയിലും ആ സമൂഹത്തിന്റെ അധികാരം പിടിച്ചെടുക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ചതിയും കുതികാൽ വെട്ടും നടക്കുന്നു. ഒടുക്കം കൊലപാതകങ്ങളിൽ വരെ അതു കലാശിക്കുന്നു.

ജാക്കിന്റെ തന്ത്രങ്ങളിൽ കുടുങ്ങുന്ന കുട്ടികൾ റാൽഫിനെ കൊല്ലാൻ വരെ ശ്രമിക്കുന്നു. ഒടുക്കം ബ്രിട്ടിഷ് നാവിക സേനയിലെ ഒരു ഓഫിസർ കുട്ടികളെ തിരക്കി ദ്വീപിലെത്തുന്നിടത്തു കഥ അവസാനിക്കുന്നു.

നൊബേൽ സമ്മാന ജേതാവായ വില്യം ഗോൾഡിങ്ങാണ് രചയിതാവ്.1954ലാണു നോവൽ പുറത്തിറങ്ങിയത്. പല സ്കൂളുകളും സർവകലാശാലകളും ഈ നോവൽ വിദ്യാർഥികൾ നിർബന്ധമായി വായിച്ചിരിക്കണമെന്നു നിബന്ധന വരെയുണ്ടാക്കി. നോവലിനെ ആധാരമാക്കി സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്.