റുബിക്സ് ക്യൂബിൽ ജോൺ സിന; അതിനു പിന്നിലെ ‘സൂപ്പർ പവർ’ റൂസ്സോ!
കൂട്ടുകാർ ‘താരേ സമീൻ പർ’ എന്ന സിനിമ കണ്ടിട്ടുണ്ടോ? ഡിസ്‌ലെക്സിയ എന്ന പഠനവൈകല്യം കാരണം ബുദ്ധിമുട്ടുന്ന ഇഷാൻ എന്ന എട്ടു വയസ്സുകാരന്റെ പ്രശ്നങ്ങളും അവനെ സഹായിക്കാനെത്തുന്ന അധ്യാപകനുമാണു സിനിമയിലെ താരങ്ങൾ. ഇഷാനായി ദർശീൽ സഫാരിയും അധ്യാപകനായ രാംശങ്കർ നികുംഭ് ആയി പ്രശസ്ത ബോളിവുഡ് താരം ആമിർ ഖാനും തകർത്തഭിനയിച്ച ചിത്രം. മറ്റുള്ളവരെപ്പോലെ വായിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനുമൊക്കെ ബുദ്ധിമുട്ടാണ് ഇഷാന്. അതുകൊണ്ടുതന്നെ ബോർഡിലെഴുതുന്ന കണക്കും മറ്റും കാണുമ്പോൾ അവനു യാതൊന്നും മനസ്സിലാകാറില്ല. എല്ലാ അക്ഷരങ്ങളും അക്കങ്ങളും കൂടക്കുഴഞ്ഞു കിടക്കുന്നതു പോലെ തോന്നും.
പക്ഷേ ഇഷാൻ നല്ലതുപോലെ ചിത്രംവരയ്ക്കും. അതിലൂടെയാണ് അവൻ ലോകത്തെ അറിയുന്നത്. ഇക്കാര്യം മനസ്സിലാക്കിയ നികുംഭ് സ്കൂളിൽ ഒരു ചിത്രരചനാമത്സരം സംഘടിപ്പിക്കുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ. കുട്ടികളുടെ പഠനവൈകല്യം മനസ്സിലാക്കാതെ അവരെ വഴക്കുപറയുന്ന മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെ തീർച്ചയായും കാണേണ്ട ചിത്രമാണ് ‘താരേ സമീൻ പര്‍’. ഇഷാനെപ്പോലെത്തന്നെ കാനഡയിലെ ഒൻപതു വയസ്സുകാരൻ ബെഞ്ചമിൻ റൂസ്സോയ്ക്കും ഡിസ്‌ലെക്സിയയുടെ പ്രശ്നമുണ്ട്. പക്ഷേ പ്രിയപ്പെട്ട റെസ്‌ലിങ് താരത്തിന്റെ ചിത്രം റുബിക്‌സ് ക്യൂബുകൾകൊണ്ടു തയാറാക്കിയപ്പോൾ അതൊന്നും ഒരു പ്രശ്നമേ ആയില്ല റൂസ്സോയ്ക്ക്.
750 റുബിക്‌സ് ക്യൂബുകളുപയോഗിച്ചാണ് ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ജോൺ സിനയുടെ ചിത്രം റൂസ്സോ തയാറാക്കിയത്. ഇതിന്റെ വിഡിയോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും സ്റ്റായി ഈ കൊച്ചുമിടുക്കൻ. റൂസ്സോയുടെ അമ്മയാണ് ഇതിനു വേണ്ട പ്രചോദനമെല്ലാം നൽകിയത്. ഡിസ്‌ലെക്സിയ കാരണം വായിക്കാനും എഴുതാനുമൊക്കെ ബുദ്ധിമുട്ടുണ്ട് റൂസ്സോയ്ക്ക്. അപ്പോഴൊക്കെ സങ്കടവും വരാറുണ്ട്. പക്ഷേ എന്തെങ്കിലും കാഴ്ചയോ ചിത്രമോ മറ്റോ ഓർത്തിരിക്കാൻ അസാധാരണ കഴിവാണ് ഈ മിടുക്കന്. പെയിന്റിങ്ങുകളും മറ്റ് ആർട്ട് വർക്കുകളും ഇത്തരത്തിൽ ‘കാണാപ്പാഠം’ പഠിച്ചുകളയും റൂസ്സോ. അങ്ങനെയാണ് റുബിക്സ് ക്യൂബിലെ ജോൺ സിനയുടെ പാറ്റേണും ഓർത്തുവച്ച് ചിത്രം തയാറാക്കിയത്.
റുബിക്സ് ക്യൂബുകൾ ‘സോൾവ്’ ചെയ്യുന്നതിലും മിടുക്കനാണ് ഈ കുട്ടി. മൂന്നാഴ്ചയെടുത്തു ജോൺ സിനയുടെ ചിത്രം പൂർത്തിയാക്കാൻ. പക്ഷേ ഈ സമയത്തിനിടെ ആകെ അഞ്ചുമണിക്കൂർ മാത്രമേ റൂസ്സോ റൂബിക്സ് ക്യൂബുകൾക്കൊപ്പം ചെലവിട്ടത്. ബാക്കി സമയത്തെല്ലാം പഠനവും മറ്റുമായിരുന്നു. തനിക്ക് ഡിസ്‌ലൈക്സിയ ഉണ്ടെന്ന് ഏറ്റുപറഞ്ഞാണ് റൂസ്സോയുടെ വിഡിയോ തുടങ്ങുന്നത്. എന്നാൽ അതൊരു പ്രശ്നമായി തോന്നിയിട്ടില്ലെന്നും മറിച്ച് ഡിസ്‌ലെക്സിയ തന്റെ ‘സൂപ്പർ പവറാ’ണെന്നും പറയുന്നു റൂസ്സോ. കൂട്ടുകാർക്കും കാണാം ആ വിഡിയോ...