മുഖ്യമന്ത്രിയേക്കാൾ സമ്പന്നൻ നായിഡുവിന്റെ മൂന്നു വയസ്സുള്ള കൊച്ചുമകൻ
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനേക്കാള്‍ ആറു മടങ്ങ് സമ്പന്നനായി മൂന്ന് വയസ് പ്രായമുള്ള അദ്ദേഹത്തിന്റെ കൊച്ചുമകൻ ദേവാന്‍ഷ്. സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ എട്ട് വര്‍ഷമായി എല്ലാ വര്‍ഷവും തന്‍റെ ആസ്തി അടക്കമുള്ള സാമ്പത്തിക വിവരങ്ങള്‍ നായിഡു പുറത്തുവിടാറുണ്ട്. ഇത്തവണയും ഈ പതിവ് തെറ്റിച്ചില്ല. 12.5 കോടി രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷം നായിഡുവിന്‍റെ കുടുംബ ആസ്തിയിലുണ്ടായിട്ടുള്ള വര്‍ദ്ധനയെന്ന് മകനും നായിഡു മന്ത്രിസഭയിലെ വിവരസാങ്കേതിക മന്ത്രിയുമായ നര ലോകേഷ് വെളിപ്പെടുത്തി.
177 കോടി രൂപയായിരുന്നു ചന്ദ്രബാബു നായിഡു തന്‍റെ ആസ്തിയായി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം ആദ്യം നടത്തിയ അപഗ്രഥനത്തില്‍ നായിഡുവിനെ ധനികനയായ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിലവിലെ വിപണി വില അടിസ്ഥാനത്തില്‍ നായിഡുവിന്‍റെ 69.23 കോടി രൂപയുടെ കുടുംബ ആസ്തി 81.83 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 12.55 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നായിഡുവിന്‍റെ ആസ്തി 2.53 കോടി രൂപയില്‍നിന്ന് 3 കോടി രൂപയായും ഭാര്യയുടെ ആസ്തി 25 കോടിയില്‍നിന്ന് 31 കോടി രൂപയായും ഉയര്‍ന്നു.
മകന്‍ നര ലോകേഷിന്‍റെയും പേരക്കുട്ടി ദേവാന്‍ഷിന്‍റെയും ആസ്തികളിലെ വളര്‍ച്ച തുല്യമാണ്. 15.21 കോടി ഉണ്ടായിരുന്ന ആസ്തി 21.40 കോടിയിലെത്തി. മൂന്ന് വയസ്സുകാരന്‍ ദേവാന്‍ഷിന്‍റെ പേരിലുള്ള വസ്തുവിന്‍റെ വില 18.71 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 11.54 കോടി രൂപയായിരുന്നു. സത്യവാങ്മൂലത്തില്‍ ആസ്തി വ്യക്തമാക്കിയതിനാല്‍ തങ്ങളുടെ ഓഹരിയില്‍ പുരോഗതി ഉണ്ടായതായതാണ് ആസ്തിയുടെ മൂല്യം കൂടാന്‍ ഇടയാക്കിയതെന്ന് നര ലോകേഷ് പറഞ്ഞു. നേരത്തേ ആന്ധ്രയിലെ നേതാക്കള്‍ക്കെതിരെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമാണ് ഇതെന്നാണ് സംഭവത്തോട് നായിഡു പ്രതികരിച്ചത്.