ഗോൾഡൻ ടിക്കറ്റിലൂടെ ചോക്കലേറ്റ് ഫാക്ടറി സ്വന്തമാക്കിയ കൊച്ചു ചാർലി ! , Charlie and chocolate factory, Story, Social Media, Manorama Online

ഗോൾഡൻ ടിക്കറ്റിലൂടെ ചോക്കലേറ്റ് ഫാക്ടറി സ്വന്തമാക്കിയ കൊച്ചു ചാർലി !

ചോക്കലേറ്റിന്റെ മാസ്മരിക ലോകം സ്വന്തമാക്കുന്ന ചാർലി എന്ന കുട്ടിയുടെ കഥയാണു ചാർലിയും ചോക്കലേറ്റ് ഫാക്ടറിയും. കൊതിയുടെയും അത്ഭുതത്തിന്റെയും കൂടാരമാണു ചാർലിയും ചോക്കലേറ്റ് ഫാക്ടറിയും. ചോക്കലേറ്റ് കൊണ്ടൊരു ലോകം തീർത്ത് അതിനുള്ളിൽ അതിശയങ്ങളുടെ വിത്തുകൾ പാകി വായനക്കാരെ കുസൃതിയുടെയും കുട്ടിത്തത്തിന്റെയും മാന്ത്രിക പാതയിലൂടെ കൊണ്ടുപോകുന്ന നോവലാണിത്. ബ്രിട്ടിഷ് എഴുത്തുകാരൻ റു ആൾ ഡാലിന്റെ പ്രശസ്ത കൃതി ചാർളി ആൻഡ് ദ് ചോക്കലേറ്റ് ഫാക്ടറിയിലാണ് ‌ഈ കഥ പറയുന്നത്. വില്ലി വോങ്ക എന്ന ചോക്കലേറ്റ് നിർമാതാവിന്റെ ഫാക്ടറിയെ ചുറ്റിപ്പറ്റിയാണു കഥ നടക്കുന്നത്. ചാർലി ബക്കറ്റ് എന്ന പാവപ്പെട്ട കുട്ടിയാണു കഥയിലെ നായകൻ. മാതാപിതാക്കളോടും മുത്തശ്ശന്മാരോടും മുത്തശ്ശിമാരോടുമൊപ്പമാണ് അവന്റെ താമസം. എല്ലാവരും ഒരു കൂരയ്ക്കുള്ളിലാണു കഴിയുന്നത്.

വർഷത്തിൽ ഒരിക്കൽ ജന്മദിനത്തിൽ മാത്രമാണു ചാർലിക്കു ചോക്കലേറ്റ് ലഭിക്കുക. അവനാണെങ്കിൽ ചോക്കലേറ്റ് ജീവനാണ്. പിറന്നാളിനു ലഭിക്കുന്ന ചോക്കലേറ്റ് ദിവസങ്ങളോളം സൂക്ഷിച്ചു വച്ചാണു ചാർലി കഴിക്കുന്നതുതന്നെ. ഏറ്റവും വലിയ ആഗ്രഹം എന്താണെന്നു ചാർലിയോടു ചോദിച്ചാൽ ചോക്കലേറ്റ് ഫാക്ടറിയുടെ ഉൾവശം കാണണം എന്നു പറയും. ഇങ്ങനെയുള്ള ചാർലിക്ക് ചോക്കലേറ്റ് ഫാക്ടറിയിൽ പോകാനും ആവശ്യമുള്ളത്ര ചോക്കലേറ്റ് വാരിയെടുക്കാനും അവസരം ലഭിച്ചാലോ? ഇതിൽപരം എന്തു ഭാഗ്യമാണു ലഭിക്കേണ്ടത്. അങ്ങനൊരു ഭാഗ്യം കൊച്ചു ചാർലിക്ക് ഉണ്ടായി.

ഫാക്ടറി ഉടമയായ വില്ലി വോങ്ക ഒരു പരസ്യം ചെയ്യുന്നു. അയാൾ ഇത്തവണ നിർമിക്കുന്ന ചോക്കലേറ്റുകളിൽ 5 എണ്ണത്തിൽ ഓരോ ഗോൾഡൻ ടിക്കറ്റുകൾ വച്ചിട്ടുണ്ട്. അതു കിട്ടുന്ന ഭാഗ്യവാന്മാർക്കു ചോക്കലേറ്റ് ഫാക്ടറി സന്ദർശിക്കാനും ജീവിതകാലം മുഴുവൻ കഴിക്കാനുള്ള ചോക്കലേറ്റ് സ്വന്തമാക്കാനും അവസരമുണ്ട്.

ഗോൾഡൻ ടിക്കറ്റ് കിട്ടാനുള്ള ചാർലിയുടെ ശ്രമങ്ങളിലൂടെയും തുടർന്നു ഫാക്ടറി സന്ദർശിക്കുമ്പോഴുണ്ടാകുന്ന വിചിത്രാനുഭവങ്ങളിലൂടെയുമാണു കഥ വകസിക്കുന്നത്. വില്ലി വോങ്ക ഇങ്ങനെ ഒരു പരസ്യം കൊടുക്കുന്നതിനു പിന്നിലും ഒരു കാരണമുണ്ട്. തന്റെ മാജിക്കൽ ചോക്കലേറ്റുകളുടെ രുചിക്കൂട്ടുകൾ മനസ്സിലാക്കി ചില തൊഴിലാളികൾ ഫാക്ടറിയിൽ നിന്നു രക്ഷപ്പെട്ടു. അതോടെ ബാക്കി എല്ലാ തൊഴിലാളികളെയും അയാൾ പുറത്താക്കി. എന്നാലും ഫാക്ടറിയിൽ നിന്നുള്ള ചോക്കലേറ്റ് നിർമാണത്തിനു കുറവൊന്നും വന്നില്ല. എന്നിരുന്നാലും തന്റെ കാലശേഷം ഒരു പിൻഗാമിയെ വേണമല്ലോ, അതിനായാണ് 5 ഭാഗ്യവാന്മാരെ കണ്ടെത്തുന്നത്. ചാർലി ഫാക്ടറിയിലെത്തുന്നതു മുത്തശ്ശനൊപ്പമാണ്. ബാക്കി 4 പേരും മാതാപിതാക്കൾക്കൊപ്പവും. അപരിചിതവും വ്യത്യസ്തവുമായ ലോകമാണു ചോക്കലേറ്റ് ഫാക്ടറിക്കുള്ളിൽ ചാർളി കാണുന്നത്. ചോക്കലേറ്റ് തടാകവും നദികളും വെള്ളച്ചാട്ടവും ചാർലിയെ അത്ഭുതപ്പെടുത്തുന്നു. ഫാക്ടറിയിൽ അവർക്കായി വില്ലി വോങ്ക ചില മത്സരങ്ങൾ നടത്തുന്നുണ്ട്. ഒടുക്കം എല്ലാത്തിലും വിജയിക്കുന്നതു ചാർലിയാണ്. എന്നാൽ വില്ലി വോങ്കയുടെ പിൻഗാമിയാകാൻ ചാർലി ആദ്യം വിമുഖത കാട്ടുന്നു. ഒടുക്കം ചോക്കലേറ്റ് ഫാക്ടറിയിൽ കുടുംബസമേതം താമസിക്കാൻ അനുമതി കിട്ടുന്നതോടെ ചാർലി വില്ലി വോങ്കയുടെ പിൻഗാമിയാകുന്നു. നോവലിന്റെ അതേ പേരിൽ ഈ കഥ സിനിമയുമായി.