ചുറ്റിലും വിഷപ്പുക, ഒന്നുമറിയാതെ തൊട്ടിലിൽ ഒരു കുഞ്ഞ്; നോവിക്കും ഈ അനുഭവം
മാലിന്യങ്ങൾ തീപടർന്ന് കൊച്ചി പുകനഗരമാകുമ്പോൾ മനോരമ ന്യൂസ് ക്യാമറാമാൻ മഹേഷ് പോലൂരിന്റെ ക്യാമറാക്കണ്ണിൽ പതിഞ്ഞ ഈ ചിത്രം ആരുടേയും കണ്ണു നിറയിക്കും.
ജീവിക്കാനായി ആക്രി ശേഖരിക്കാനിറങ്ങിയ യുവാവിനൊപ്പമാണ് മഹേഷ് ഇൗ കുഞ്ഞുമകളെ കണ്ടത്. രാവിലെ നല്ല ഉറക്കമാണ് കുഞ്ഞ്. ആക്രി ശേഖരിക്കാനുള്ള വണ്ടിയിൽ ഒരു തുണി വലിച്ചുകെട്ടി കുഞ്ഞിനെ അതിനുള്ളിൽ കിടത്തിയാണ് ഇൗ അച്ഛൻ ജോലിക്കിറങ്ങുന്നത്. വെയിലും കാറ്റും ഏൽക്കാതെ കുഞ്ഞിനുറങ്ങാൻ ഒരു കുടയും ആ അച്ഛൻ കരുതുവയ്ക്കും. എന്നാൽ കൊച്ചിയിലെ ഇൗ പുകയിൽ നിന്നും കുഞ്ഞിനെ കാക്കാനുള്ള കരുത്ത് അച്ഛന്റെ കുടയ്ക്കില്ല എന്നതാണ് സത്യം. ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ അച്ഛൻ ബോധവാനാണെങ്കിലും അയാൾക്ക് മുന്നിൽ വേറെ നിവൃത്തിയില്ല. വലിച്ചുകെട്ടിയ തുണി തൊട്ടിലാക്കാനും അതിനുമുകളിൽ കുട കൊണ്ട് സുരക്ഷയൊരുക്കാനും മാത്രമേ ഇൗ അച്ഛന് കഴിയൂ. ഉള്ളുപ്പൊള്ളിച്ച ഇൗ അനുഭവം ഫെയ്സ്ബുക്കിലും മഹേഷ് പങ്കുവച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
"കൺമണിയുറങ്ങുന്നു.... കണ്ണ് നിറയുന്നു "
രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ദേവിക്കുട്ടിക്ക് പരിഭവമായിരുന്നു.... ഞാനവളെ കൊഞ്ചിച്ചില്ലാന്നും പറഞ്ഞ് ... വൈകിട്ട് മിഠായി വാങ്ങി പരിഭവം തീർക്കാം എന്നുറപ്പിച്ചാണ് ഓഫീസിലേക്കിറങ്ങിയത്... പതിവ് ബൈക്ക് യാത്ര ഒഴിവാക്കി ബസ്സിലാണ് യാത്ര... കുണ്ടന്നൂരിൽ ഷൂട്ട് ഉള്ളതിനാൽ അവിടെയിറങ്ങാം ,സഹപ്രവർത്തകർ അങ്ങോട്ടെത്തും... ബസ്സിലെ പാട്ടുപ്പെട്ടിയിൽ നിന്ന് യേശുദാസും... ചിത്രയും എന്റെ മനസ്സിനെ റൊമാന്റിക്കാക്കി കൊണ്ടിരുന്നു... വൈറ്റില കഴിഞ്ഞു.... ബ്രഹ്മപുരത്തെ വിഷപ്പുക കുണ്ടന്നൂരിനെയും പന്തലിട്ടിരുന്നു.. ബസ്സിറങ്ങി മുന്നോട്ടു നടക്കുമ്പോഴാണ് ഈ കാഴ്ച കണ്ടത് .പാഴ് വസ്തുക്കൾ ശേഖരിക്കുന്ന ഉന്തുവണ്ടിയിൽ ഒരു കുഞ്ഞ് തൊട്ടിൽ .മുഷിഞ്ഞ കൈലി മുണ്ടിലെ തൊട്ടിലിൽ ഒരു " കുഞ്ഞു മാണിക്യം " ഉന്തുവണ്ടിക്കരികിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു , ഈ കുഞ്ഞുവാവയുടെ അച്ഛനാണ് ... അയാളോട് കാര്യങ്ങൾ തിരക്കി ... ഇവളുടെ അമ്മ മറ്റൊരു ഉന്തുവണ്ടിയുമായി രാവിലെയിറങ്ങി... "ഇതെല്ലാതെ വേറെ വഴിയില്ലാതെപ്പോയി ചേട്ടാ.... "
കുണ്ടന്നൂരിലെ വാഹനങ്ങളുടെ ഹോൺ മുഴക്കങ്ങൾ അവൾക്ക് താരാട്ട് പാട്ടായി കാണും.... ബ്രഹ്മപുരത്തെ വിഷപ്പുക സ്വപ്നത്തിലൂടെ ഓടിക്കളിക്കാനുള്ള മഞ്ഞുപ്പാടങ്ങളാവാം..... അവളുറങ്ങുകയാണ് .... എന്റെയും... നമ്മുടേയും ഉറക്കം നഷ്ടപ്പെടുത്തി .... കൺമണിയുറങ്ങട്ടെ.... നമ്മുടെ കണ്ണ് നിറച്ച് ....