മനുഷ്യത്വത്തിന്റെ മുഖമായി ഈ കുട്ടികൾ

“ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം ഒരു ദിവസം” എന്നതായിരുന്നു പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളിലെ കുട്ടികൾ ശിശുദിനാഘോഷത്തിന് നൽകിയ പേര്. ദൈവസ്പർശം സിദ്ധിച്ച ഈ കുട്ടികളെ സ്കൂളിലേക്ക് ക്ഷണിക്കാനും അവരുടെ സർഗ്ഗവൈഭവം ആസ്വദിക്കാനും ഉത്തരവാദിത്വബോധത്തോടെ മോഡൽ സ്റ്റുഡന്റ്സ് മത്സരിച്ചു.

ആഘോഷപരിപാടികൾ 14–11–18 രാവിലെ 9 മണിക്ക് ആരംഭിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാന്‍ ശ്രീ. പള്ളിയറ ശ്രീധരൻ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ അഡ്വ. നജീത്ത്, H2O സ്ഥാപക ശ്രീമതി. ജോളി ജോൺസൺ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഡെൽസി ജോസഫ്, ഡവലപ്മെന്റ് ഓഫീസർ ഡോൾസ്റ്റൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. നജീബ്, മറ്റ് വിശിഷ്ടാതിഥികൾ, അഭ്യുദയകാംക്ഷികൾ എന്നിങ്ങനെ പ്രമുഖരുടെ ഒരു നിര തന്നെ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് സാരഥ്യമേകി.

ഹെൽപ്പിംഗ് ഹാന്റ് ഓർഗനൈസേഷൻ (H2O) എന്ന ഭിന്നശേഷി വിദ്യാർഥികൾക്കുള്ള വിദ്യാലയത്തിലെ വിദ്യാർഥികളെ വർണ്ണാഭമായ ആഘോഷങ്ങളോടെയാണ് സ്കൂളിലേക്ക് സ്വാഗതം ചെയ്തത്. ഒരു ഭിന്നശേഷിക്കാരനായ കുട്ടിക്ക് രണ്ടുപേർ എന്ന നിലയ്ക്ക് വോളന്റിയേഴ്സ് സജ്ജരായി നിന്നു. ആ നിമിഷം മുതൽ അവരുടെ ഓരോ ആവശ്യവും സാധിച്ചു കൊടുത്തത് ഊർജ്ജസ്വലരായി പ്രവർത്തിച്ചത് വിദ്യാർഥികളായിരുന്നു.

മനുഷ്യത്വത്തിന്റെ വിവിധ മുഖങ്ങൾ ധരിച്ച കുട്ടികളോടൊപ്പം അതിഥികള്‍ സന്തോഷം പങ്കിട്ടു. ആടിയും പാടിയും സമ്മാനപ്പൊതികൾ പങ്കുവെച്ചും ശിശുദിനം ആഘോഷമാക്കാൻ പ്രായഭേദമെന്യേ കുട്ടികൾ തയാറായി.

പരിമിതികൾക്കിടയിലുള്ള അതിഥികളുടെ പ്രകടനം ആവോളം ആസ്വദിക്കുകയായിരുന്നു അവർ. അവരോടൊപ്പം നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തി വിദ്യാർഥികള്‍ സ്റ്റേജിൽ സമത്വം വിഭാവനം ചെയ്തു. വൈകാരിക സമത്വം പ്രകടമായ രംഗങ്ങളായിരുന്നു അത്. അതിഥികളുടെ ഇരിപ്പിടം വേണ്ടവിധം സജ്ജീകരിച്ച് ഫ്ലാഷ്മോബ് അവതരിപ്പിച്ചാണ് ഹയർ സെക്കന്ററി വിദ്യാർഥികൾ സന്തോഷം പങ്കിട്ടത്. വിവിധ നിറത്തിലുള്ള ശിശുദിന ബാഡ്ജുകൾ നിർമ്മിച്ച് കുട്ടികൾ പരസ്പരം കൈമാറി.

തുടർന്ന് വിഭവസമൃദ്ധമായ ആഹാരം അതിഥികൾക്ക് വിളമ്പി നൽകാൻ കുട്ടികൾ മത്സരിച്ചു. തനിയെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടിയ അതിഥികളിൽ ചിലർക്ക് ഭക്ഷണം കഴിക്കാൻ അവസരോചിതമായി സഹായിക്കുകയായിരുന്നു ചിലർ. അതിഥികളുടെ മനോനിലയ്ക്ക് അനുസരിച്ച് പ്രവർത്തിച്ച കുട്ടികളുടെ പ്രകടനം അക്ഷരാർത്ഥത്തില്‍ അധ്യാപകരെയും രക്ഷകർത്താക്കളെയും അമ്പരപ്പിച്ചു.

സൗഹൃദം പങ്കിട്ടു തീരും മുൻപേ അതിഥികൾ യാത്രയായത് ചില കുട്ടികൾ കണ്ണീരോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് അതിഥികളെ യാത്രയാക്കിയത്. അഹന്ത കൈവിട്ട് മനുഷ്യത്വപരമായ പ്രവർത്തികൾ തുടരാനുള്ള പ്രതിജ്ഞ മനസ്സുകൊണ്ട് എടുക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു മോഡൽ പബ്ലിക് സ്കൂളിലെ ഈ വേറിട്ട ശിശുദിനാഘോഷം.