വൈറലായി പ്രിൻസിപ്പലിന്റെ ഡാൻസ്, ലക്ഷ്യം വിദ്യാർഥികളുടെ ആരോഗ്യം

സ്ക്കൂള്‍ പ്രിൻസിപ്പൽ എന്നു പറഞ്ഞാൽ ഏതൊരു കുട്ടിക്കും ഒരൽപ്പം പേടിയൊക്കെക്കാണും. കുട്ടികളെയെല്ലാം വിറപ്പിച്ചു സ്കൂൾ ഭരിക്കുന്ന ഒരാളായിട്ടാണ് പ്രിൻസിപ്പലിനെ അഥവാ ഹെഡ്മാസ്റ്ററിനെ മിക്കവരും കാണുന്നത്. എന്നാൽ ചൈനയിലെ സി ഗ്വാൻ പ്രൈമറി സ്കൂളിലെ ഈ പ്രിൻസിപ്പലിന്റെ വിഡിയോ ഒന്നു കണ്ടുനോക്കൂ. സ്കൂളിലെ കുട്ടികളുമൊത്ത് കിടിലൻ ഡാൻസ് ചെയ്യുകയാണ് ഇദ്ദേഹം. കൈയിൽ മൈക്കുമേന്തി സാങ് പെങ്ഫെ കുട്ടികള്‍ക്കൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോ വൈറലാകുകയാണ്. കുട്ടികൾ മാത്രമല്ല മറ്റ് അധ്യാപകരും ഇദ്ദേഹത്തിന്റെ ചുവടുകൾ അനുകരിക്കുന്നുണ്ട്.

ഡാൻസാണ് സംഭവമെന്നു തോന്നുമെങ്കിലും ഇതൊരു വ്യായാമമുറയാണ്. ഈ പ്രിൻസിപ്പലിന്റെ ചുവടുകൾക്കനുസരിച്ചു കുട്ടികളും വ്യായാമം ചെയ്യുകയാണ്. കുട്ടികളെ രസകരമായി വ്യായാമം ചെയ്യിക്കുന്നതിനായി ഇദ്ദേഹം ഈ ഷഫിള്‍ ഡാൻസ് പഠിക്കുകയായിരുന്നു. അതിനുശേഷം സ്കൂളിലെ കുട്ടികളെ അദ്ദേഹം ഈ വ്യായാമമുറ പരിശീലിപ്പിക്കാൻ തുടങ്ങി. കുട്ടികൾ വളരെ ആസ്വദിച്ച് ചെയ്യുന്ന ഈ വ്യായാമരീതി എല്ലാ സ്കൂളുകളിലും പരീക്ഷിക്കാവുന്ന ഒന്നാണ്.

കുട്ടികള്‍ കമ്പ്യൂട്ടറിനു മുന്നിൽ മാത്രം സമയം ചെലവഴിക്കാതിരിക്കാനും അവരെ കൂടുതൽ ആരോഗ്യവാന്മാരാക്കുന്നതിനും ഇത്രയേറെ കരുതൽ കാണിക്കുന്ന പ്രിൻസിപ്പലിന് ആരാധകരേറെയാണിപ്പോള്‍. തങ്ങളുടെ പ്രിൻസിപ്പലും ഇങ്ങനെയായിരുന്നെങ്കിലെന്ന് ആത്മഗതം നടത്തുന്ന നിരവധി കമന്റുകളാൽ നിറയുകയാണ് വിഡിയോയ്ക്കു താഴെ .