കുട്ടികളുടെ കൈകഴുകാനുള്ള മടി മാറ്റണോ?; ഇതാ ‘ഞെട്ടിച്ച്’ ടീച്ചറുടെ ഒരുഗ്രൻ തന്ത്രം , Classroom experiment, importance of washing hands, Social Post, Viral, Kidsclub, Manorama Online

കുട്ടികളുടെ കൈകഴുകാനുള്ള മടി മാറ്റണോ?; ഇതാ ‘ഞെട്ടിച്ച്’ ടീച്ചറുടെ ഒരുഗ്രൻ തന്ത്രം

വീട്ടിലുണ്ടാക്കി വച്ചിരിക്കുന്ന ഭക്ഷണം എന്തു തന്നെയായാലും സ്കൂൾ വിട്ട് ഓടിവന്നാലുടൻ വാരിക്കഴിക്കുന്നതാണു പലരുടെയും പതിവ്. അതിനു പിന്നാലെ അമ്മമാരുടെ വഴക്കും വരും. ‘കൈ കഴുകീട്ട് ഭക്ഷണം കഴിക്ക് ചെറുക്കാ...’ അല്ലെങ്കിൽ ‘കൈ കഴുകിയില്ലെങ്കിൽ കൊച്ചേ, നല്ല ചുട്ട അടി കിട്ടും കേട്ടോ...’ എന്നായിരിക്കും കണ്ണുരുട്ടൽ. ചിലർ ഇതുകേട്ട് ഓടിപ്പോയി കൈ പേരിനൊന്നു കഴുകി തിരികെ വരും. ഒറ്റനോട്ടത്തിൽ അഴുക്ക് പോയെന്നൊക്കെ തോന്നും. പക്ഷേ പരസ്യത്തിൽ പറയുന്നതുപോലെ കീടാണു അവിടെ ‘ഭക്ഷണം തായോ ഭക്ഷണം തായോ’ എന്നും പറഞ്ഞ് ഒളിച്ചിരിപ്പുണ്ടായിരിക്കുമെന്നു മാത്രം. ഭക്ഷണത്തിനു മുൻപ് കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കാൻ യുഎസിലെ ഒരു ടീച്ചർ പ്രയോഗിച്ച തന്ത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഇഡാഹോയിലെ ഡിസ്കവറി എലമെന്ററി സ്കൂൾ അധ്യാപിക ഡയ്ന റോബട്സനാണ് ഏതാനും ബ്രെഡുകൾ കൊണ്ട് കുട്ടികളെ കൈകഴുകൽ പാഠം പഠിപ്പിച്ചത്. സയൻസ് പ്രോജക്ടായിട്ടായിരുന്നു ഇതു ക്ലാസിൽ അവതരിപ്പിച്ചത്. ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഇത്. ഓരോരുത്തരുടെയും കൈ പല വസ്തുക്കൾ ഉപയോഗിച്ച് കഴുകിയിരുന്നു. ഒരാൾ കൈകഴുകിയത് ഹാൻഡ് സാനിറ്റൈസർ കൊണ്ട്, മറ്റൊരാൾ ചൂടുവെള്ളം കൊണ്ട്, പിന്നൊരാള്‍ സോപ്പ് കൊണ്ടും. ചിലരുടെ കൈ കഴുകിയുമില്ല. എല്ലാവർക്കും ഓരോ ബ്രെഡ് വീതം കൊടുത്തു. അതിൽ കൈപ്പത്തി അമർത്തിയതിനു ശേഷം തിരികെ കൊടുക്കണം. ഒരു ബ്രഡ് മാത്രം ആരും തൊടാതെ മാറ്റി വച്ചു. മറ്റൊരു ബ്രെഡാകട്ടെ ക്ലാസ് മുറിയിൽ കുട്ടികൾ ഉപയോഗിക്കുന്ന മുഴുവൻ ക്രോംബുക്കുകളുടെ കീപാഡിലും വച്ചു. അങ്ങനെ ശേഖരിച്ച ഓരോ ബ്രെഡും ഓരോ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ചു വച്ചു.


ഒരു മാസം കഴിഞ്ഞ് പുറത്തെടുത്തു നോക്കിയപ്പോൾ കൈകഴുകാത്ത ഏതു കുട്ടിയെക്കൊണ്ടും ‌കഴുകിപ്പിക്കുന്ന കാഴ്ചയായിരുന്നു ഓരോ പ്ലാസ്റ്റിക് ബാഗിലുമുണ്ടായിരുന്നത്. ആരും തൊടാതെ വച്ചിരുന്ന ബ്രെഡിന്റെ വെള്ളനിറം പോലും പോയിരുന്നില്ല. വെള്ളവും സോപ്പും ഉപയോഗിച്ച് കൈകഴുകി തൊട്ട ബ്രഡിലും പ്രശ്നമില്ല. പക്ഷേ ബാക്കിയെല്ലാത്തിലും അതിഭീകരമായ വിധത്തിൽ പൂപ്പൽ പടർന്നിരുന്നു. കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന ക്രോംബുക്കിൽ വച്ച ബ്രെഡിനെയും കൈകഴുകാതെ തൊട്ട ബ്രെഡിനെയും ആകെ മൂടി ഫംഗസ് നിറഞ്ഞിരുന്നു. ഹാൻഡ് സാനിട്ടൈസർ കൊണ്ടു കൈകഴുതിത്തൊട്ട ബ്രെഡ് പോലും പൂത്തു പോയിരുന്നു (ചിത്രങ്ങൾ കാണുക)

ഈ ബ്രെഡ് കാണിച്ച് ഡയ്ന ഓരോ കുട്ടിയോടും പറഞ്ഞു– ‘ഇനി മുതൽ ഭക്ഷണം കഴിക്കും മുൻപും ശേഷവും നന്നായി കൈകഴുകണം. റെസ്റ്റ് റൂം ഉപയോഗിച്ചതിനു ശേഷവും മൂക്കു ചീറ്റിയതിനും തുമ്മിയതിനും ശേഷവും മൃഗങ്ങളെ തൊട്ടതിനു ശേഷവുമെല്ലാം കൈകഴുകണം. കൈ എപ്പോഴൊക്കെ അഴുക്കായിരിക്കുന്നോ അപ്പോഴെല്ലാം കഴുകി വൃത്തിയാക്കണം’. എല്ലാം കേട്ട് കുട്ടികളെല്ലാം അനുസരണയോടെ തലയാട്ടി. ഈ പ്രോജക്ടിനെപ്പറ്റി ടീച്ചർ തന്റെ ഫെയ്സ്ബുക് പേജിലും കുറിച്ചിരുന്നു. പതിനായിരങ്ങളാണ് അത് ഷെയർ ചെയ്തു വൈറലാക്കിയത്.