വയനാടിനായി തെരുവ് കച്ചവടക്കാരായി; മുഖ്യമന്ത്രിയുടെ ഹൃദയം കവര്‍ന്ന് ഇക്കയും അനിയത്തിയും
നിറയെ നഷ്ടങ്ങളും സങ്കടങ്ങളും ബാക്കിയാക്കി ഒരു പ്രളയകാലം കൂടെയെത്തി. ഇത്രയും കാലത്തെ സമ്പാദ്യവും വീടും ഒക്കെ നഷ്ടമായവർ നിരവധിയാണ്. ഒരുപാട് ജീവനും നഷ്ടമായി. നഷ്ടങ്ങളിൽ നിന്നൊക്കെ കൈപിടിച്ചുയർത്താൻ നിറയെ സഹായഹസ്തങ്ങളുമുണ്ടായി. നാടിനും നാട്ടാർക്കും സഹായവുമായി നമ്മൾ ഒന്നായി നിൽക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ കൊച്ചു സമ്പാദ്യം പോലും പ്രളയ ദുരിതമനുഭവിക്കുന്നവർക്കായി നൽകാന്‍ തയ്യാറായി ചെറിയ കുട്ടികൾ പോലുമെത്തി.
ആ നന്മച്ചരടിലേക്ക് ഇതാ രണ്ടു മുത്തുകൾ കൂടി. ദുരിതം വിതച്ച വയനാടിന് സഹായനെത്തിക്കുന്ന ഖദീജയും സഹോദരൻ ഹംസയുമാണ് കേരളത്തിന്റെ ഹൃദയം നിറയ്ക്കുന്നത്. വഴിയാത്രക്കാര്‍ക്ക് ദാഹം അകറ്റാന്‍ നല്ല തണുത്ത നാരങ്ങ വെള്ളം ഉണ്ടാക്കി വിറ്റ് കിട്ടുന്ന പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരുക്കൂട്ടുന്ന ഈ കുഞ്ഞുങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനാണ് സോഷ്യല്‍ മീഡിയക്ക് പരിചയപ്പെടുത്തുന്നത്.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
ഖദീജയുടെയും ഹംസയുടെയും മൂത്ത ജ്യേഷ്ഠന്‍ മുഹമ്മദ് ഇജാസ് വയനാട്ടില്‍ കോളേജില്‍ പഠിക്കുകയാണ്. ഈ അവധിക്കാലത്ത് ഇജാസിനൊപ്പം സമയം ചിലവഴിക്കാന്‍ ഇവരും കുടുംബവും മേപ്പാടിയില്‍ ഉണ്ടായിരുന്നു. ഞെട്ടലോടെയാണ് മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും മഴക്കെടുതി നാശം വിതച്ചത് ഈ കുട്ടികള്‍ ഗള്‍ഫിലെ വീട്ടില്‍ ഇരുന്നു അറിഞ്ഞത്.
തങ്ങളുടെ മനസ്സില്‍ പതിഞ്ഞ മനോഹരമായ ആ നാടിനു നേരിട്ട വിപത്തില്‍ സഹായിക്കാന്‍ തങ്ങളാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണം എന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് വഴിയാത്രക്കാര്‍ക്ക് ദാഹം അകറ്റാന്‍ നല്ല തണുത്ത നാരങ്ങ വെള്ളം ഉണ്ടാക്കി വിറ്റ് കിട്ടുന്ന പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ അവര്‍ തീരുമാനിച്ചത്. സ്വന്തം പോക്കറ്റ് മണിയില്‍ നിന്നും മിച്ചം പിടിച്ച തുക കൊണ്ടാണ് ഈ കുട്ടി സംരംഭം തുടങ്ങാനുള്ള പൈസ കണ്ടെത്തിയത്. കണ്ണൂരുകാരനായ ദുബായിലെ സംരംഭകൻ ഫാക്കിയുടെയും ഫെമിനയുടെയും കുട്ടികളാണ് ഇവർ.