വേനലെത്തി, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കൂ; കരുതലോടെ മുഖ്യമന്ത്രി
വേനൽ അവധിക്കാലമിങ്ങെത്തി, കുട്ടികൾക്കതിത് ആഘോഷത്തിന്റെ കാലം കൂടെയാണ്. എന്നാൽ അതിപ്പോള്‍ അപകടങ്ങളുടേയും കാലമാണ്. മിക്ക അവധിക്കാലങ്ങളിലും കുഞ്ഞു ജീവനുകൾ അശ്രദ്ധമൂലം കൊഴിഞ്ഞു പോകുന്നത് നാം കാണാറുണ്ട്. വേനലവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കുട്ടികളുടെ മേൽ മാതാപിതാക്കളുടെ കണ്ണുവേണം. അതിനായി മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കുമുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണം എന്നും അദ്ദേഹം തന്റെ സമൂഹമാധ്യത്തിലെ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ് വായിക്കാം
അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ വേനൽചൂടിനെ ഗൗരവമായി കാണണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ഇതിനിടയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചില ദുരന്ത വാർത്തകൾ സംസ്ഥാനത്ത് പലയിടത്തായി കേൾക്കുന്നുണ്ട്. അവധിക്കാലം ആഘോഷമാക്കുന്നതിനിടയിൽ കുട്ടികൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ ചില സ്ഥലങ്ങളിൽ ഉണ്ടാകുന്നുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാകും കുട്ടികൾ. എന്നാൽ രക്ഷിതാക്കൾ വളരെ അധികം സൂക്ഷിക്കണം. കുട്ടികൾ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണം. നീന്തൽ അറിയാത്തവർ പ്രത്യേകിച്ചും. രക്ഷിതാക്കളോ മുതിർന്നവരോ ഇല്ലാതെ കുട്ടികൾ കുളിക്കാൻ ഇറങ്ങരുത്. അതീവജാഗ്രത ഇക്കാര്യത്തിൽ പുലർത്തണം.