മകന്‍റെ അടിപിടി വിവരം പറയാൻ വിളിച്ച ടീച്ചറെ ഞെട്ടിച്ച അച്ഛൻ; ഓഡിയോ വൈറൽ
മകന്‍റെ അടിപിടി വിവരം പറയാൻ അച്ഛനെ ഫോണിൽ വിളിച്ചതാണ് ആ ടീച്ചർ. സ്കൂളിൽ നന്നുള്ള ആ വിളിയിൽ അച്ഛൻ ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ മറുപടികേട്ട് ആ ടീച്ചർ പോലും ചിരിച്ചുപോയി. മക്കൾ പഠിക്കുന്ന സ്കൂളിൽ നിന്നും ടീച്ചർമാരുടെ വിളി വന്നാൽ എല്ലാ രക്ഷിതാക്കളും ഒന്ന് പേടിക്കും. മിക്കപ്പോഴും കുട്ടിക്ക് അസുഖമോ, കുട്ടിയെ കുറിച്ച് പരാതി പറയാനോ ഒക്കെയാകും വിളി വരുന്നത്. അതുപോലെ ഒരു ഫോൺകോളിന്റെ ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ക്ലാസിലെ കുട്ടികൾ തമ്മിൽ അടികൂടിയതിന്റെ പേരിൽ ഒരാളുടെ വീട്ടിലേക്ക് ടീച്ചർ വിളിച്ചതാണ്. കുട്ടിയുടെ അച്ഛനാണ് ഫോൺ എടുത്തത്.
'അൽ സാബിത്തിന്റെ പേരന്റ് അല്ലേ എന്നും ചോദിച്ചാണ് ടീച്ചറുടെ കോൾ അച്ഛന്റെ ഫോണിലേക്ക് വരുന്നത്. സ്‌കൂളിൽ നിന്നുള്ള വിളിയാണ് എന്ന് കേട്ടപ്പോൾ, എന്തിനാണ് എന്ന് പരിഭ്രമത്തോടെ അച്ഛൻ ചോദിക്കുന്നുണ്ട്. എന്താണ്, എന്തുപറ്റിയെന്ന് അച്ഛൻ. ക്ലാസിൽ രണ്ടുപേർ തമ്മിൽ അടി കൂടി എന്ന് ടീച്ചർ. ടീച്ചർ കാര്യങ്ങളെല്ലാം പറയുന്നു. എന്താണ് ആർക്കാണ്.. എന്ത് പരിക്കുണ്ട് എന്ന് അച്ഛൻ തിരിച്ച് ചോദിച്ചു.
'ചുണ്ടിൽ കൈ തട്ടി, പല്ല് ചെറുതായൊന്നു കൊണ്ട്, ചെറുതായി ഒന്നു മുറിഞ്ഞിട്ടുണ്ട്, അൽ സാബിത്തിന്. കവിളിൽ ഒരു മാന്തിയ പാടും ഉണ്ട്.. മുമ്പുള്ളതാണോ ഇപ്പോൾ കിട്ടിയതാണോ എന്നറിയില്ലെന്ന്' ടീച്ചർ. 'ഞങ്ങളുടെ കൊച്ചനെ ജീവനോടെങ്ങാനും കിട്ടുമോ, ഈപ്പറഞ്ഞ ഇടിയെല്ലാം കൊണ്ടിട്ട്'. അച്ഛന്റെ മറുചോദ്യം കേട്ട് അമ്പരന്ന് ടീച്ചർ. 'ഞങ്ങളീ ഫീസെല്ലാം കൊടുത്തിട്ട് അങ്ങോട്ട് പഠിക്കാനയച്ചിട്ട്, അവിടെ ഇങ്ങനെ ഇടി മേടിപ്പാണെങ്കിൽ.. ഒന്നാമത് അവനിപ്പോൾ പത്തിൽ പൂജ്യം മാർക്കാ മേടിക്കുന്നേ എന്നാ കേൾക്കുന്നത്'. അദ്ദേഹം തുടർന്നു.
അപ്പോൾ ടീച്ചർ, 'അൽ സാബിത്തേ.. നീ പത്തിൽ പൂജ്യമാന്നോടാ മേടിക്കുന്നെ..?' എന്ന് കുട്ടിയോട് തിരക്കുന്നു.. 'ഇപ്പോൾ മാർക്കൊക്കെ ഉണ്ടെന്നാ അവൻ പറയുന്നേ' എന്ന് അച്ഛനോട് പറയുന്നു. 'അത് രണ്ടിടത്ത് ട്യൂഷന് വിടുന്നതുകൊണ്ടാണ്'. അച്ഛൻ ഉരുളയ്ക്കുപ്പേരി പോലെ പറഞ്ഞു. ഇപ്പോ.. എന്നതാ വേണ്ടേ..? ഞാൻ വല്ല ആംബുലൻസും കൊണ്ട് വരണോ..?' എന്ന് അടുത്ത ചോദ്യം.
അതൊന്നും വേണ്ട.. ഞാൻ നോക്കിയിട്ട് പരിക്കൊന്നും കണ്ടില്ലെന്ന് ചിരിയടക്കി ടീച്ചറുടെ മറുപടി. സാരമില്ല ടീച്ചറെ.. ഞാൻ നാളെ അങ്ങോട്ടുവരാം. പിള്ളേരെ രണ്ടിനേം നല്ല പോലെ ക്വസ്റ്റ്യൻ ചെയ്ത് ഒന്നു വിരട്ടി വിട്ടിരുന്നാൽ മതി.. പിള്ളേരല്ലേ.. അടിയും ഇടിയുമൊക്കെ നടന്നെന്നിരിക്കുമെന്ന് ടീച്ചറിനെ സമാധാനിപ്പിച്ച് അച്ഛനും.
എന്തായാലും രപസകരമായ ഈ ഫോൺകോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പക്ഷേ ഇങ്ങനെയൊരു സംഭവം ഉണ്ടായാൽ എല്ലാ മാതാപിതാക്കളും ഇത്തരത്തിലാകില്ല പ്രതികരിക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്. ഇവിടെ സംഭവം ലളിതമായി അവതരിപ്പിച്ച ടീച്ചറിനെയും നർമ്മത്തോടെ അത് കേട്ട അച്ഛനെയും പ്രശംസിക്കുകയാണ് സോഷ്യൽ ലോകം.
രസകരമായ ആ ഫോൺ സംഭാഷണം കേൾക്കാം: