'വളർത്തുമൃഗങ്ങൾ കൊറോണ പരത്തില്ലിഷ്ടാ': നിരഞ്ജൻ പറയുന്നത് കേള്‍ക്കാം !
ലക്ഷ്മി നാരായണൻ
വളർത്തു മൃഗങ്ങളിലൂടെ കൊറോണ വൈറസ് പകരില്ല എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പറഞ്ഞാലും കേൾക്കാത്തവരെ പറഞ്ഞു മനസിലാക്കാൻ ബാലതാരവും കടുത്ത മൃഗ സ്നേഹിയുമായ നിരഞ്ജൻ കണ്ണൻ നേരിട്ടെത്തിയിരിക്കുകയാണ്. കേരളത്തിൽ കൊറോണ പോസിറ്റിവ് കേസുകൾ വ്യാപകമായതോടെ ധാരാളം വളർത്തു നായ്ക്കളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
വളർത്തു നായ്ക്കളെയും പൂച്ചകളെയും മറ്റും കൊറോണ വൈറസ് ഭീതിയിൽ ഉപേക്ഷിക്കുന്നവരോട് ഇട്ടിമാണിയിലെ താരമായ നിരഞ്ജൻ കണ്ണൻ പറയുന്നതിങ്ങനെ... ''അനിമൽസ് നമ്മുടെ ഫ്രെണ്ട്സ് ആണ്. അവരെ നമ്മൾ എപ്പോഴും സ്നേഹിക്കണം. പിന്നെ ഈ കൊറോണ വൈറസ് വന്നപ്പോൾ കൊറേ ആളുകൾ അവരുടെ വളർത്തുമൃഗങ്ങളെ വൈറസ് പകരും എന്ന് കരുതി ഉപേക്ഷിക്കുന്നതായി കണ്ടു. ഇല്യാ...വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ വരെ പറഞ്ഞിട്ടുണ്ട് വളർത്തുമൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് കൊറോണ വൈറസ് പകരില്ല. അത് കൊണ്ട് അവരോടിത് ചെയ്യരുത്''
വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കരുത് എന്ന സന്ദേശം പകർന്നുകൊണ്ട് നിരഞ്ജൻ സംസാരിക്കുന്ന വിഡിയോ കൊറോണ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗിച്ച് വരുന്നു. മൃഗസംരക്ഷണ പ്രവർത്തകരായ അച്ഛൻ കണ്ണൻ നാരായണൻ, അമ്മ സാലി കണ്ണൻ എന്നിവർക്കൊപ്പം വളരെ ചെറിയ പ്രായം മുതൽക്ക് തന്നെ മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാണ് നിരഞ്ജൻ.
ലോക്ഡൗണിന്റെ ഭാഗമായി കടകളും സ്ഥാപനങ്ങളും അടച്ചതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ അവശിഷ്ടം കഴിച്ചു വളരുന്ന തെരുവ് നായ്ക്കളും പൂച്ചകളും പിന്നെ പെറ്റ് ഷോപ്പുകൾക്കകത്തെ മൃഗങ്ങളും എങ്ങനെ ജീവിക്കും എന്ന ആശങ്കയും നിരഞ്ജൻ പങ്കു വയ്ക്കുന്നു. വീടിനടുത്തായി കാണുന്ന മൃഗങ്ങൾക്കെങ്കിലും ഭക്ഷണം നൽകാൻ ഈ അവസ്ഥയിൽ ആളുകൾ തയ്യാറാവണം എന്നാണ് നിരഞ്ജൻ പറയുന്നത്.
സിനിമ, പരസ്യ രംഗത്ത് സജീവമായ നിരഞ്ജന് ഭാവിയിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾക്കായി ഒരു ഷെൽട്ടർ ഹൌസ് തുടങ്ങണം എന്നാണ് ആഗ്രഹം. നിലവിൽ നൂറുകണക്കിന് മൃഗങ്ങളെ തെരുവിൽ നിന്നും രക്ഷിക്കാൻ മാതാപിതാക്കൾക്കൊപ്പം നിരഞ്ജനും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ച് രണ്ടാം ദിനമായപ്പോഴേക്കും കൊറോണ ഭീതിയിൽ മുപ്പതോളം വളർത്തു നായ്ക്കളെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ചതായി കണ്ടെത്തിയിരിക്കുന്നത്.